കരളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും പുകവലി ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനം. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പുകവലിക്കുന്നതിന് അനുസരിച്ച് തലച്ചോര്‍ ചുരുങ്ങുമെന്ന് കണ്ടെത്തി. പ്രായമാകുമ്പോള്‍ തലച്ചോര്‍ സ്വാഭാവികമായും ചുരുങ്ങും എന്നാല്‍ പുകവലിക്കുന്നതിലൂടെ ചെറുപ്പത്തില്‍ തന്നെ മസ്തിഷ്‌കം ചുരുങ്ങാന്‍ കാരണമാകും. ഇതിലൂടെ മറവി രോഗം തുടങ്ങിയ വാര്‍ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. പുകവലി കരളിനെയും ഹൃദയത്തെയുമാണ് അധികമായി ബാധിക്കുക എന്നായിരുന്നു ചിന്താഗതി. അടുത്തിടെയാണ് പുകവലി തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ പഠനം നടക്കുന്നത്. ബയോളജിക്കല്‍ സൈക്കാട്രി; ഗ്ലോബല്‍ ഓപ്പണ്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പുകവലിയെ തുടര്‍ന്ന് മസ്തിഷ്‌കം ചുരുങ്ങുന്നത് വീണ്ടെടുക്കാന്‍ കഴിയുന്ന ഒന്നല്ലയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. എത്രയും പെട്ടന്ന് പുകവലി ഉപേക്ഷിക്കുന്നതിലൂടെ കൂടുതല്‍ മോശാവസ്ഥ ഒഴിവാക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ജീനുകളും തലച്ചോറും പുകവലിയും തമ്മിലുള്ള ബന്ധം പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുകെയിലെ ബയോബാങ്കില്‍ നിന്നുള്ള 32,094 ആളുകളുടെ തലച്ചോറിന്റെ അളവ്, പുകവലി ശീലമുള്ളവര്‍, ജനിതക പുകവലി സാധ്യത എന്നിവയെക്കുറിച്ചുള്ള ഡാറ്റ ടീം മൊത്തത്തില്‍ വികലനം ചെയ്തു. ഇതിലൂടെ ഓരോ ജോഡി ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരു വ്യക്തി പ്രതിദിനം പുകവലിക്കുന്നതിന് അനുസരിച്ച് അയാളുടെ തലച്ചോര്‍ ചുരുങ്ങുന്നതായും പഠനത്തിലൂടെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടികാണിച്ചു. കൂടാതെ പുകവലി ഉപേക്ഷിക്കുന്നതു കൊണ്ട് തലച്ചോറിന്റെ വലിപ്പം വീണ്ടെടുക്കാന്‍ ആകില്ലെന്നും ഗവേഷകര്‍ പറയുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan