ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍. ഇത്തവണ ആകര്‍ഷകമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 17.2 ആണ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകളില്‍ ഐഒഎസ് 17.2 ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍, ഐഒഎസ് 17.1.2 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് 1.5 ജിബിയാണ് അപ്ഡേറ്റ് സൈസ്. പുതിയ അപ്ഡേറ്റിലൂടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ മാക്സ് എന്നീ ഹാന്‍ഡ്സെറ്റുകളില്‍ സ്പെഷ്യല്‍ വീഡിയോ റെക്കോര്‍ഡിംഗ്, 3ഡി വീഡിയോകള്‍ ചിത്രീകരിക്കാനുള്ള സൗകര്യം എന്നിവ ലഭിക്കുന്നതാണ്. പ്രധാന ക്യാമറയിലൂടെയും അള്‍ട്രാവൈഡ് ക്യാമറയിലൂടെയും ഒരേസമയം ദൃശ്യങ്ങള്‍ പകര്‍ത്തുകയും, ലിഡാര്‍ സെന്‍സറിന്റെ സഹായത്തോടെ അവയെ കൂട്ടിച്ചേര്‍ത്ത് 3ഡി വീഡിയോ ആകുകയുമാണ് ചെയ്യുക. ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 സീരീസ് സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ക്യുഐ2 വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡ് പിന്തുണയ്ക്കുന്നതാണ്. ഇതിലൂടെ ഹാന്‍ഡ്സെറ്റുകള്‍ 15 വാട്ട് വരെ മാഗ് സേഫ് അല്ലാതെ അംഗീകൃത വയര്‍ലെസ് ചാര്‍ജറുകള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. നിലവില്‍, ഐഒഎസ് 17 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഫോണുകളിലും ഐഒഎസ് 17.2 ലഭിക്കുന്നതാണെന്ന് ആപ്പിള്‍ വ്യക്തമാക്കി.