രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) രണ്ടാം സ്ഥാനം നേടി കൊച്ചി രാജ്യാന്തര വിമാനത്താവളം. കഴിഞ്ഞവര്‍ഷം 267.1 കോടി രൂപയായിരുന്നു സിയാലിന്റെ ലാഭം. ബംഗളൂരു വിമാനത്താവളമാണ് ലാഭത്തില്‍ ഒന്നാമത്. ബംഗളൂരു വിമാനത്താവളം അഥവാ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞവര്‍ഷം നേടിയ ലാഭം 528.3 കോടി രൂപയാണ്. 32.9 കോടി രൂപ ലാഭവുമായി ഹൈദരാബാദാണ് മൂന്നാംസ്ഥാനത്ത്. പി.പി.പി മോഡലില്‍ 14 വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ മൂന്നെണ്ണമാണ് ലാഭത്തിലുള്ളത്. ബാക്കി പതിനൊന്നും നഷ്ടത്തിലാണ്. 408.51 കോടി രൂപ നഷ്ടവുമായി അഹമ്മദാബാദ് വിമാനത്താവളമാണ് നഷ്ടത്തില്‍ മുന്നില്‍. ഡല്‍ഹിക്കാണ് രണ്ടാംസ്ഥാനം (നഷ്ടം 284.8 കോടി രൂപ). ലക്നൗ (106.6 കോടി രൂപ), ഗോവ മോപയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (148.3 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. കേരളത്തിലെ മറ്റ് രണ്ട് പൊതു-സ്വകാര്യ പങ്കാളിത്ത വിമാനത്താവളങ്ങളായ കണ്ണൂര്‍, അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന തിരുവനന്തപുരം എന്നിവ കഴിഞ്ഞവര്‍ഷം നേരിട്ടത് നഷ്ടമാണ്. 131.9 കോടി രൂപയാണ് കിയാലിന്റെ നഷ്ടം. നഷ്ടത്തിലുള്ള പി.പി.പി വിമാനത്താവളങ്ങളില്‍ അഞ്ചാംസ്ഥാനമാണ് കണ്ണൂരിന്. ജയ്പൂര്‍ (128.5 കോടി രൂപ), മംഗളൂരു (125.9 കോടി രൂപ) എന്നിവയാണ് യഥാക്രമം 6, 7 സ്ഥാനങ്ങളില്‍. 110.1 കോടി രൂപ നഷ്ടം രേഖപ്പെടുത്തി തിരുവനന്തപുരം വിമാനത്താവളം എട്ടാംസ്ഥാനത്താണ്. ഗുവഹാത്തി (60.9 കോടി രൂപ), ദുര്‍ഗാപൂര്‍ (ബംഗാള്‍, 9.1 കോടി രൂപ), മുംബയ് (1.04 കോടി രൂപ) എന്നിവയും നഷ്ടത്തിലാണുള്ളത്.