വൈദ്യുത സ്കൂട്ടറായി പുനരവതരിച്ച ബജാജ് ചേതക്കിന്റെ പുതിയ വകഭേദം അവതരിപ്പിച്ചു. ചേതക് അര്‍ബന്‍ എന്നു പേരിട്ടിരിക്കുന്ന വൈദ്യുത സ്കൂട്ടറിന് 1.15 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുള്ളവര്‍ക്ക് 1.21 ലക്ഷം രൂപ മുടക്കിയാല്‍ മുന്തിയ മോഡലായ ടെക്പാക് സ്വന്തമാക്കാനും സാധിക്കും. ചേതക് വൈദ്യുത സ്കൂട്ടറിലെ 2.9കിലോവാട്ട്അവര്‍ ബാറ്ററി തന്നെയാണ് ചേതക് അര്ബനുമുള്ളത്. എന്നാല്‍ നിലവിലെ 108 കിലോമീറ്റര്‍ റേഞ്ച് 113 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ പുതിയ അര്‍ബനില്‍ ബജാജിന് സാധിച്ചിട്ടുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 63 കിലോമീറ്ററാണ്. ടെക്പാക് സ്വന്തമാക്കുന്നവര്‍ക്ക് ഇത് 73 കിലോമീറ്ററായി ഉയര്‍ത്താനാവും. ടെക്പാകില്‍ ഉയര്‍ന്ന വേഗത മാത്രമല്ല ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിവേഴ്സ് മോഡ്, ഫുള്‍ ആപ് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളും ടെക്പാകില്‍ ലഭിക്കും. അതേസമയം രണ്ടിലും ഒരേ കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്. ബജാജ് ചേതകിന് നിലവില്‍ മൂന്നുമണിക്കൂറും 50 മിനുറ്റും വേണം പൂര്‍ണമായും ചാര്‍ജു ചെയ്യാനെങ്കില്‍ ചേതക് അര്‍ബന്‍ നാലു മണിക്കൂറും 50 മിനുറ്റും വേണം. നാലു നിറങ്ങളിലാണ് ചേതക് അര്‍ബന്‍ എത്തുന്നത്. മാറ്റെ കോസെ ഗ്രേ, സൈബര്‍ വൈറ്റ്, ബ്രൂക്ലിന്‍ ബ്ലാക്ക്, ഇന്‍ഡിഗോ മെറ്റാലിക്.