◾മിസോറാമില്‍ ഭരണത്തിലുണ്ടായിരുന്ന മിസോ നാഷണല്‍ ഫ്രണ്ടിനെ അട്ടിമറിച്ച് പുതുതലമുറ രാഷ്ട്രീയ സഖ്യമായ സൊറാം പീപ്പിള്‍ മൂവ്മെന്റ് വന്‍ ഭൂരിപക്ഷത്തിലേക്ക്. 40 അംഗ നിയമസഭയില്‍ സെഡ്പിഎം 27 സീറ്റുകളില്‍ ലീഡു ചെയ്തപ്പോള്‍ എംഎന്‍എഫ് 10 സീറ്റുകളിലേക്ക് ഒതുങ്ങി. ബിജെപിക്കു രണ്ടു സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലുമാണ് ലീഡ്. മുഖ്യമന്ത്രിയും എംഎന്‍എഫ് അധ്യക്ഷനുമായ സോറം തങ്ക രണ്ടായിരത്തിലേറെ വോട്ടിന് ഐസ്വാള്‍ ഈസ്റ്റ് മണ്ഡലത്തില്‍ തോറ്റു.
◾കേരള, തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിന്റെ നോട്ടീസ്. ഗവര്‍ണമാര്‍ ഭരണനിര്‍വഹണത്തിനു തടസമുണ്ടാക്കുന്നു. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് നോട്ടീസ് നല്‍കിയത്. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് വിട്ടിരിക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് പാര്‍ലമെന്റിലും ഉന്നയിക്കുന്നത്.
◾മിഷോംഗ് ചുഴലിക്കാറ്റും പേമാരിയുംമൂലം ചെന്നൈ വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഹൈദരാബാദ്, വിശാഖപട്ടണം വിമാനത്താവളങ്ങളിലെ സര്‍വീസുകളും തടസപ്പെട്ടു. തമിഴ്നാട്ടിലെ നെടുങ്കന്ട്രം നദി കവിഞ്ഞൊഴുകി. മിഷോംഗ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെ കരതൊടും.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*
വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യമന്ത്രിക്കു കത്ത് നല്കി. കണ്ണൂര്‍ വിസിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരിക്കേയാണ് പ്രതിപക്ഷ നേതാവ് കത്തു നല്‍കിയത്.
◾ലൈഫ് അടക്കം ഭവന നിര്‍മ്മാണ പദ്ധതികള്‍ വഴി നല്കുന്ന വീടുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപോലുള്ള ബ്രാന്‍ഡിംഗ് നല്‍കില്ലെന്ന് കേരളം. കേന്ദ്ര സഹായം 75,000 രൂപ മാത്രമാണ്. മൂന്നേകാല്‍ ലക്ഷം രൂപ നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ലോഗോ വയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം.
◾മുട്ടില്‍ മരംമുറിക്കേസില്‍ 12 പ്രതികള്‍ക്കെതിരേ സുല്‍ത്താന്‍ ബത്തേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 420 സാക്ഷികളുണ്ട്. 84,600 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. അനുബന്ധ കുറ്റപത്രം കൂടി പിന്നീടു നല്‍കും. റോജി അഗസ്റ്റിന്,ആന്റോ അഗസ്റ്റിന്, ജോസൂട്ടി അഗസ്റ്റിന്, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍, വില്ലേജ് ഓഫീസര്‍ കെ കെ അജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരാണ് പ്രതികള്‍.
◾ചിന്നക്കനാല്‍ ഫോറസ്റ്റ് വിജ്ഞാപനം അംഗീകരിക്കില്ലെന്ന് എം എം മണി എംഎല്‍എ. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും. വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മണി.
*
class="selectable-text copyable-text nbipi2bn">കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾കൊല്ലത്ത് അച്ചന്‍കോവില്‍ കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്മുഖ വിലാസം സ്കൂളിലെ 27 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മല വനത്തില്‍ അകപ്പെട്ടത്.
◾റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു. 73 വയസായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെവി തോമസിനെതിരെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്നു. രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയാണ്. കൊച്ചി കലൂരിലായിരുന്നു താമസം. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ശബരിമല തീത്ഥാടകരുടെ കാറിടിച്ച് രണ്ടു പ്രഭാത നടത്തക്കാര്‍ മരിച്ചു. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയന് എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശുകാരുടെ കാറിടിച്ച് ഇരുവരും റോഡരികിലെ താഴ്ചയിലേക്കു വീണത് ആരും അറിഞ്ഞിരുന്നില്ല.
◾കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് പതിനേഴുകാരന് മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന് സിനാന് (17) ആണ് മരിച്ചത്. വൈദ്യുത വേലിയില്‍ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾കോഴിക്കോട്ട് ബീച്ച് ആശുപത്രി കോമ്പൗണ്ടില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പില്‍ ശിവന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് ശിവനെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്കു കൊണ്ടുപോകാന്‍ മകന്റ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്തുവയ്ക്കുന്നതിനിടെയാണ് കാറിടിച്ചത്.
◾ഗുരുവായൂരില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസിനു തീപിടിച്ചു. സേലം എടപ്പാടിയില്‍നിന്ന് വന്ന ബസില്‍ ഏഴു കുട്ടികളടക്കം 50 പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ സീറ്റ് കത്തിനശിച്ചു. ആളപായമില്ല.
◾കോട്ടയം പള്ളിക്കത്തോട്ടില്‍ ജിമ്മില്‍ അതിക്രമിച്ചു കയറി ട്രെയിനറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ അച്ഛനും മക്കളും റിമാന്‍ഡില്‍. കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന് എന്നിവരാണ് അറസ്റ്റിലായത്.
◾ചുഴലിക്കാറ്റുമൂലം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ യാത്ര മുടങ്ങി കൊല്‍ക്കത്തയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ട്രെയിനില്‍ സ്പെഷല്‍ ബോഗി ഏര്‍പ്പെടുത്തി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ്. ശ്രീശങ്കര സര്‍വകലാശാലയിലെ 58 വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് കൊല്‍ക്കത്തയില്‍ കുടുങ്ങിയത്. ഇവര്‍ കേരള രാജ്ഭവനില്‍ ബന്ധപ്പെട്ടതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
◾വയനാട് കല്ലൂരില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കാട്ടാന ആക്രമണം. കര്‍ണ്ണാടകയില്‍നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം പുലര്‍ച്ചെ അഞ്ചുമണിയോടെ കല്ലൂര്‍ 67 ല്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
◾ആലപ്പുഴയില്‍ പരാതി അന്വേഷിക്കാന്‍ പോയ പൊലീസുകാരന്റെ തലയടിച്ചു പൊട്ടിച്ചയാള്‍ പിടിയില്‍. മാന്നാര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിനീഷ് ബാബുവിനെതിരെയാണ് ആക്രമണമുണ്ടായത്. പ്രതി മാന്നാര്‍ എണ്ണക്കാട് സ്വദേശിയായ രുതിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉപദ്രവിക്കുന്നുണ്ടെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
◾തിരുവനന്തപുരം മാറനല്ലൂരില്‍ ഒരു വീടിന് നേരെയും സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം. 20 ലധികം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. രാത്രി ഒരു മണിയോടെയാണ് റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ത്തത്.
◾പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്.
◾രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണം അവരുടെ അത്യാര്‍ത്തിയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. രാജസ്ഥാനില്‍ കൂടെക്കൂട്ടാന്‍ പറ്റുന്നവരെയൊന്നും കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തില്ല. നവകേരള സദസില്‍ തൃശൂര്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾പ്രതിപക്ഷം പരാജയത്തില്‍നിന്ന് പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം പാര്‍ലമെന്റിനെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുള്ള വേദിയാക്കരുത്. നല്ല ഭരണം ഉണ്ടായാല്‍ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു.
◾പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചു. ഈ മാസം 22 വരെയാണ് സമ്മേളനം. വിഐപി സുരക്ഷയുടെ പേരില്‍ കേരളത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെഇ ബൈജു യുവാവിന്റെ കഴുത്തു ഞെരിച്ചു മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അടിയന്തിര പ്രമേയ നോട്ടീസ് നല്കി.
◾രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഏകപക്ഷീയമായ വിജയം സംശയാസ്പദമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഇത്തരമൊരു ഫലം വിശ്വസിക്കാന്‍ സാധാരണക്കാരായ വോട്ടര്‍മാര്‍ക്കു പ്രയാസമാണെന്നും മായാവതി പറഞ്ഞു.
◾തെലുങ്ക് സൂപ്പര്‍താരം പവന് കല്ല്യാണിന്റെ ജനസേന പാര്‍ട്ടി തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച എട്ടിടത്തും എട്ടുനിലയില്‍ പൊട്ടി. ഏഴിടത്തു കെട്ടിവച്ച കാശു കിട്ടിയില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് ജനസേന മല്‍സരിച്ചത്.
◾തെലുങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു.
◾മാലദ്വീപില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ദുബായിയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇക്കാര്യം സംസാരിച്ചെന്ന് മുഹമ്മദ് മുയിസു പറഞ്ഞു.
◾സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. ഇന്ന് കേരളത്തില്‍ ഗ്രാമിന് 40 രൂപ വര്‍ധിച്ച് വില എക്കാലത്തെയും ഉയരമായ 5,885 രൂപയിലെത്തി. പവന് വില 320 രൂപ ഉയര്‍ന്ന് 47,080 രൂപയായി. ചരിത്രത്തിലാദ്യമായാണ് പവന് വില 47,000 രൂപ ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,885 രൂപയായി. സ്വര്‍ണത്തിനൊപ്പം വെള്ളി വിലയും കയറുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 84 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ഡിസംബര്‍ രണ്ടിലെ 46,760 രൂപയുടെ റെക്കോഡാണ് പവന് വില ഇന്ന് തിരുത്തിയത്. ഗ്രാമിന് അന്ന് 5,845 രൂപയായിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണവില കുതിക്കുന്നത്. രാജ്യാന്തര വില ഔണ്‍സിന് 2,142 ഡോളറിലേക്കാണ് ഇരച്ചുകയറിയത്. 2020 ഓഗസ്റ്റില്‍ കുറിച്ച 2,077 ഡോളറെന്ന റെക്കോഡ് ഇനി പഴങ്കഥ. ഇപ്പോള്‍ 2,085 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണ വിലക്കുതിപ്പ് ഇവിടെ നില്‍ക്കില്ലെന്നാണ് പൊതുവിലയിരുത്തല്‍. 2024ന്റെ മദ്ധ്യത്തോടെ രാജ്യാന്തര വില 2,200 ഡോളര്‍ ഭേദിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. അതോടെ, കേരളത്തിലെ വില പവന് 55,000-60,000 രൂപ നിരക്കിലെത്തിയേക്കാം. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന ട്രെന്‍ഡിലേക്ക് മാറിയേക്കാമെന്ന വിലയിരുത്തലുകള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ട്രഷറി ബോണ്ട് യീല്‍ഡ് കുറയാന്‍ ഇടവരുത്തിയിട്ടുണ്ട്. ഇതോടെ, നിക്ഷേപകര്‍ കടപ്പത്രങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റുകയാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തിലും സുരക്ഷിത നിക്ഷേപമെന്ന പെരുമയുമായി സ്വര്‍ണത്തിന് നല്ല ഡിമാന്‍ഡാണ് കിട്ടുന്നത്. ഇതും ഡോളറിന്റെ ക്ഷീണവും സ്വര്‍ണവില കുതിക്കാന്‍ വഴിയൊരുക്കി.
◾കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ മാത്രം മെസേജിങ് ആപ്പായ വാട്സ്ആപ്പ് നീക്കം ചെയ്തത് 75 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍. വാട്ട്സ്ആപ്പിന്റെ സേവന നിബന്ധനകള്‍ ലംഘിച്ചതിനും ഉപയോക്താക്കളുടെ പരാതികളെ തുടര്‍ന്നുമാണ് അത്രയും അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയാനാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബര്‍ മാസത്തിനേക്കാള്‍ 224 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഈ വര്‍ഷം സെപ്തംബറില്‍ നിന്ന് ഏകദേശം 6 ശതമാനത്തിന്റെ പ്രതിമാസ വര്‍ദ്ധനവ്. പുതിയ ഐടി റൂള്‍സ് 2021 അനുസരിച്ച് രാജ്യത്ത് വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ പ്രതിമാസ റിപ്പോര്‍ട്ട് അവര്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഒക്ടോബര്‍ ഒന്നിനും ഒക്ടോബര്‍ 31 നും ഇടയില്‍, ഉപയോക്താക്കളില്‍ നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിക്കാതെ തന്നെ ഏകദേശം 19 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി കമ്പനി അറിയിച്ചു. ഒക്ടോബറില്‍ മൊത്തത്തില്‍ ഉപയോക്താക്കളില്‍ നിന്ന് 9,063 റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും വാട്ട്സ്ആപ്പ് ചൂണ്ടിക്കാട്ടി. അതേസമയം, മൊബൈല്‍ ബാങ്കിങ് ട്രോജനുകളുടെ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പ്രധാനമായും സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെയാണ് മൊബൈല്‍ ബാങ്കിങ് ട്രോജനുകള്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്.
◾ദശലക്ഷക്കണക്കിന് പ്രേക്ഷകരെ വാരിക്കൂട്ടി ഷാറുഖ് ഖാന് ചിത്രം ‘ഡന്‍കി’യിലെ പുത്തന്‍ പാട്ട്. ‘നിക്ക്ലെ ദേ ഹം കഭി ഖര് സെ’ എന്നു തുടങ്ങുന്ന ഗാനം സോനു നിഗം ആണ് ആലപിച്ചത്. ജാവേദ് അക്തര്‍ വരികള്‍ കുറിച്ച പാട്ടിനം പ്രീതം ഈണമൊരുക്കി. പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ട് വൈറലായ ഗാനം ഇതിനകം 12 മില്യനിലധികം പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. ട്രെന്‍ഡിങ്ങിലും മുന്‍നിരയിലുണ്ട് ഗാനം. ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഷാറുഖ് ചിത്രത്തില്‍ സോനു നിഗം ഗാനം ആലപിക്കുന്നത്. ഷാറുഖ് ഖാനും സംവിധായകന് രാജ്കുമാര് ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഡന്‍കി’. ഹാര്‍ഡി എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തിലെത്തുന്നു. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. യഥാര്‍ഥ ജീവിതാനുഭവങ്ങളില്‍ നിന്ന് ഉള്‍കൊണ്ട കഥയാണ് ഡന്കിയുടേത്. താപ്സി പന്നു ഡന്‍കിയില്‍ നായികയായെത്തുന്നു. ബൊമ്മന് ഇറാനി, വിക്കി കൗശല്‍, അനില്‍ ഗ്രോവര്‍, വിക്രം കൊച്ചാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്, രാജ്കുമാര് ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
◾തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് ലോകേഷ് കനകരാജ് സംവിധാനത്തില്‍ രജനികാന്ത് അഭനയിക്കുന്ന ‘തലൈവര്‍ 171’. ഇപ്പോള്‍ രജനികാന്ത് അഭിനയിക്കുന്ന ജ്ഞാനവേല്‍ രാജ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ന് ശേഷം ജനുവരിയോടെ ലോകേഷ് രജനി ചിത്രം ആരംഭിക്കും എന്നാണ് വിവരം. അതിനിടെയാണ് മറ്റൊരു പ്രധാന അപേഡേറ്റ് ചില തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇത് പ്രകാരം രജനി ലോകേഷ് ചിത്രത്തില്‍ പ്രധാന വില്ലനായി പൃഥ്വിരാജ് സുകുമാരന്‍ എത്തിയെക്കും എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ലോകേഷ് ടീമിന്റെ ഭാഗത്ത് നിന്നോ, പൃഥ്വിരാജിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേ സമയം നേരത്തെ ലിയോ ചിത്രത്തില്‍ ഹരോള്‍ഡ് ദാസ് എന്ന വേഷത്തില്‍ ആദ്യം പൃഥ്വിരാജിനെ ലോകേഷ് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്നത്താല്‍ മാറിപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് പുതിയ ചിത്രത്തില്‍ പൃഥ്വിയെ ആലോചിക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ തമിഴിലെ യുവ സൂപ്പര്‍ താരം ശിവകാര്ത്തികേയന് ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് നേരത്തെ വിവരം വന്നിരുന്നു. ഒരു ക്യാമിയോ റോള്‍ ആണെങ്കിലും ചിത്രത്തിലെ കഥാഗതിയില്‍ ഈ വേഷം സുപ്രധാനം എന്നാണ് റിപ്പോര്‍ട്ട്.
◾സോനെറ്റ് ഫെയ്സ്ലിഫ്റ്റിന്റെ പുതിയ പതിപ്പ് ഡിസംബര്‍ 14ന് അവതരിപ്പിക്കുമെന്ന് കൊറിയന്‍ ഓട്ടോമൊബൈല്‍ ഭീമനായ കിയ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഈ കോംപാക്റ്റ് എസ്യുവിയുടെ ബുക്കിംഗ് അതേ ദിവസം മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വാഹനത്തിന്റെ വിലയെ സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ വ്യക്തമല്ല. ഏറ്റവും അപ്ഡേറ്റ് ചെയ്ത വരാനിരിക്കുന്ന സോനെറ്റ് ഫെയ്സ്ലിഫ്റ്റ് ഒരു പുത്തന്‍ കാറാണ്. അതിന്റെ ഇന്റീരിയറില്‍ ചില മികച്ച മാറ്റങ്ങളോടെ വിപണിയില്‍ വരാം. സോണെറ്റിന്റെ ടീസര്‍ ഒരു ഫ്രണ്ട് ഫേഷ്യല്‍ കാണിക്കുന്നു. അത് പുതുക്കിയ ഡിസൈന്‍ ലഭിക്കുന്നതായി കാണിക്കുന്നു. ഈ വരാനിരിക്കുന്ന കാറിന് പുതിയ എസ്യുവി എല്‍ഇഡി ഹാന്‍ഡ് ലാമ്പുകളും ഉണ്ടായിരിക്കും. ടൈം റണ്ണിംഗ് ലാമ്പുകള്‍ പരിഷ്കരിച്ച എല്‍ഇഡിയും ഉണ്ടാകും. സെല്‍റ്റോ ഫെയ്സ്ലിഫ്റ്റിനെ അനുസ്മരിപ്പിക്കുന്നതാണ് കാറിന്റെ പുതിയ ഡിസൈന്‍ ഭാഷ. സോനെറ്റിന്റെ താഴ്ന്ന വകഭേദങ്ങളില്‍, എഇഡിക്ക് പകരം ഹാലൊജന്‍ ഹാന്‍ഡില്‍ ലാമ്പുകള്‍ ലഭിക്കും. കൂടാതെ, ജനപ്രിയ ടൈഗര്‍ നോസ് ഗ്രില്ലും കിയ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അതായത് ഇപ്പോള്‍ അതിന്റെ ബമ്പര്‍ മുമ്പത്തേക്കാള്‍ ആകര്‍ഷകമായി കാണപ്പെടും. ഈ കാറിന്റെ ചക്രം ഒരു പുതിയ സെറ്റുമായി വരുന്നു.
◾കഥകള്‍ എഴുതപ്പെടുന്നത് വായനക്കാരുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് എന്ന് ഞാന്‍ കരുതുന്നില്ല. അത് വരുംതലമുറകള്‍ക്ക് ഓരോ കാലഘട്ടങ്ങളിലെ ജീവിത സാഹചര്യങ്ങളും ചിന്താരീതികളും മാനവികതയും മനസ്സിലാക്കുവാന്‍ വേണ്ടിയായിരിക്കണം. ഈ യാത്രാ വിവരണത്തിലെ ഓരോ യാത്രയും വായനക്കാരന്റെ ഉള്ളില്‍ അത്ഭുതങ്ങളുടെയും ആകാംക്ഷകളുടെയും ദൃശ്യവിസ്മയം തന്നെ സൃഷ്ടിക്കും എന്നതില്‍ തര്‍ക്കമില്ല. ഓരോ യാത്രയിലും മനുഷ്യത്വത്തിന്റെ കയ്യൊപ്പും ശുഭാപ്തിവിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയും സഹാനുഭൂതിയുടെ വശ്യതയും നിഴലിക്കുന്നുണ്ട്. സ്വാനുഭവമോ ഭാവനയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആഖ്യാനരീതി, എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നു. ‘ഡോഡോലാന്ഡിലെ സൂര്യപുത്രി’. ജോയ് വാഴപ്പിള്ളി. ഗ്രീന്‍ ബുക്സ്. വില 145 രൂപ.
◾ഗന്ധത്തിനും രുചിക്കും മാത്രമല്ല ആരോഗ്യത്തിനും കറിവേപ്പിലയ്ക്ക് പലതും നല്‍കാനാകും. ആന്റി-ഓക്സിഡന്റ്സ്, ധാതുക്കള്‍ മറ്റ് പോഷകങ്ങളാലെല്ലാം സമ്പന്നമാണ് കറിവേപ്പില. ദിവസവും മിതമായ അളവില്‍ കറിവേപ്പില കഴിക്കാനായാല്‍ അവശ്യം വൈറ്റമിനുകളുറപ്പിക്കാം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയുടെയെല്ലാം ഉറവിടമാണ് കറിവേപ്പില. ഇതിന് പുറമെ ബാക്ടീരിയ പോലുള്ള രോഗാണുക്കളുടെ ആക്രമണത്തെ ചെറുക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ഇങ്ങനെ പല ആരോഗ്യഗുണങ്ങളും കറിവേപ്പിലയ്ക്കുണ്ട്. കറിവേപ്പിലയിലുള്ള വൈറ്റമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ അകറ്റാനുമെല്ലാം സഹായിക്കുന്നു. വൈറ്റമിന്‍ സി ആണെങ്കില്‍ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനും മുടിയുടെയും ചര്‍മ്മത്തിന്റെയും അടക്കം ആരോഗ്യം സൂക്ഷിക്കുന്നതിനുമെല്ലാം സഹായിക്കുന്നു. വൈറ്റമിന്‍ ഇ കാര്യമായും ചര്‍മ്മത്തിന്റെ ആരോഗ്യത്തെയാണ് സ്വാധീനിക്കുന്നത്. മുഖക്കുരു, ശരീരത്തില്‍ ചെറിയ കുരുക്കള്‍ വരുന്നത് പോലുള്ള സ്കിന്‍ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കുന്നു. കറിവേപ്പിലയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ് വയറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ദഹനപ്രശ്നങ്ങളകറ്റാനുമെല്ലാം സഹായിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങളിലേക്ക് രക്തം ഓടിയെത്തുന്നതിനും അതുവഴി ഓക്സിജന്‍ വിതരണം കൃത്യമായി നടക്കുന്നതിനുമെല്ലാം കറിവേപ്പിലയിലെ പോഷകങ്ങള്‍ സഹായിക്കുന്നു. അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തെയും കറിവേപ്പില വളരെയധികം മെച്ചപ്പെടുത്തുന്നു. കറിവേപ്പില കറികളില്‍ ചേര്‍ത്തും അല്ലാതെ പൊടിച്ച് വച്ച് സലാഡുകളിലും ജ്യൂസുകളിലും ചേര്‍ത്തുമെല്ലാം കഴിക്കാം. എന്നാല്‍ ഇല നന്നായി കഴുകിയ ശേഷം പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.34, പൗണ്ട് – 105.63, യൂറോ – 90.58, സ്വിസ് ഫ്രാങ്ക് – 95.67, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.41, ബഹറിന്‍ ദിനാര്‍ – 221.10, കുവൈത്ത് ദിനാര്‍ -269.94, ഒമാനി റിയാല്‍ – 216.51, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.62.