കേരള, തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് കൊടിക്കുന്നില്‍ സുരേഷ് അനുമതി തേടി. ഗവര്‍ണമാര്‍ ഭരണനിര്‍വഹണത്തിനു തടസമുണ്ടാക്കുന്നു. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് നോട്ടീസ് നല്‍കിയത്. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് വിട്ടിരിക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് പാര്‍ലമെന്റിലും ഉന്നയിക്കുന്നത്.
മിസോറാമില്‍ ഭരണത്തിലുണ്ടായിരുന്ന മിസോ നാഷണല്‍ ഫ്രണ്ടിനു തിരിച്ചടി. പ്രതിപക്ഷമായിരുന്ന സൊറാം പീപ്പിള്‍ മൂവ്മെന്റാണ് മുന്നേറുന്നത്. 40 അംഗ നിയമസഭയില്‍ സെഡ്പിഎം 27 സീറ്റുകളില്‍ ലീഡു ചെയ്യുമ്പോള്‍ എംഎന്‍എഫ് 10 സീറ്റുകളിലേക്ക് ഒതുങ്ങുകയാണ്. ബിജെപിക്കു രണ്ടു സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലുമാണ് ലീഡ്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യമന്ത്രിക്കു കത്ത് നല്കി. കണ്ണൂര്‍ വീസിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരിക്കേയാണ് പ്രതിപക്ഷ നേതാവ് കത്തു നല്‍കിയത്.
ലൈഫ് അടക്കം ഭവന നിര്‍മ്മാണ പദ്ധതികള്‍ വഴി നല്കുന്ന വീടുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പറയുന്നതുപോലുള്ള ബ്രാന്‍ഡിംഗ് നല്‍കില്ലെന്ന് കേരളം. കേന്ദ്ര സഹായം 75,000 രൂപ മാത്രമാണ്. മൂന്നേകാല്‍ ലക്ഷം രൂപ നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ലോഗോ വയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം.
മുട്ടില്‍ മരംമുറിക്കേസില്‍ 12 പ്രതികള്‍ക്കെതിരേ സുല്‍ത്താന്‍ ബത്തേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 420 സാക്ഷികളുണ്ട്. 84,600 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. അനുബന്ധ കുറ്റപത്രം കൂടി പിന്നീടു നല്‍കും. റോജി അഗസ്റ്റിന്,ആന്റോ അഗസ്റ്റിന്, ജോസൂട്ടി അഗസ്റ്റില്‍, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കര്‍, രവി, നാസര്‍, വില്ലേജ് ഓഫീസര്‍ കെ കെ അജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരാണ് പ്രതികള്‍.
ചിന്നക്കനാല്‍ ഫോറസ്റ്റ് വിജ്ഞാപനം അംഗീകരിക്കില്ലെന്ന് എം എം മണി എംഎല്‍എ. ഒവനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും. വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മണി.
കൊല്ലത്ത് അച്ചന്‍കോവില്‍ കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്മുഖ വിലാസം സ്കൂളിലെ 27 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മല വനത്തില്‍ അകപ്പെട്ടത്.
റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു. 73 വയസായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെവി തോമസിനെതിരെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്നു. രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയാണ്. കൊച്ചി കലൂരിലായിരുന്നു താമസം. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ശബരിമല തീത്ഥാടകരുടെ കാറിടിച്ച് രണ്ടു പ്രഭാത നടത്തക്കാര്‍ മരിച്ചു. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയന് എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശുകാരുടെ കാറിടിച്ച് ഇരുവരും റോഡരികിലെ താഴ്ചയിലേക്കു വീണത് ആരും അറിഞ്ഞിരുന്നില്ല.
കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് പതിനേഴുകാരന് മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന് സിനാന് (17) ആണ് മരിച്ചത്. വൈദ്യുത വേലിയില്‍ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട്ട് ബീച്ച് ആശുപത്രി കോമ്പണ്ടില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പില്‍ ശിവന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് ശിവനെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്കു കൊണ്ടുപോകാന്‍ മകന്റ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്തുവയ്ക്കുന്നതിനിടെയാണ് കാറിടിച്ചത്.
കോട്ടയം പള്ളിക്കത്തോട്ടില്‍ ജിമ്മില്‍ അതിക്രമിച്ചു കയറി ട്രെയിനറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ അച്ഛനും മക്കളും റിമാന്‍ഡില്‍. കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന് എന്നിവരാണ് അറസ്റ്റിലായത്.
ചുഴലിക്കാറ്റുമൂലം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ യാത്ര മുടങ്ങി കൊല്‍ക്കത്തയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ട്രെയിനില്‍ സ്പെഷല്‍ ബോഗി ഏര്‍പ്പെടുത്തി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ്. ശ്രീശങ്കര സര്‍വകലാശാലയുടെ കാലടി, തിരൂര്‍ കേന്ദ്രങ്ങളിലെ 58 സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് ട്രെയിന്‍ റദ്ദാക്കിയതോടെ കൊല്‍ക്കത്തയില്‍ കുടുങ്ങിയത്. ഇവര്‍ കേരള രാജ്ഭവനില്‍ ബന്ധപ്പെട്ടതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സംഘത്തെ കൂടിക്കാഴ്ചയ്ക്കായി കൊല്‍ക്കത്ത രാജ്ഭവനിലേക്കു ക്ഷണിക്കുകയും ചെയ്തു.
വയനാട് കല്ലൂരില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കാട്ടാന ആക്രമണം. കര്‍ണ്ണാടകയില്‍നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം പുലര്‍ച്ചെ അഞ്ചുമണിയോടെ കല്ലൂര്‍ 67 ല്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
ആലപ്പുഴയില്‍ പരാതി അന്വേഷിക്കാന്‍ പോയ പൊലീസുകാരന്റെ തലയടിച്ചു പൊട്ടിച്ചയാള്‍ പിടിയില്‍. മാന്നാര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിനീഷ് ബാബുവിനെതിരെയാണ് ആക്രമണമുണ്ടായത്. പ്രതി മാന്നാര്‍ എണ്ണക്കാട് സ്വദേശിയായ രുതിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉപദ്രവിക്കുന്നുണ്ടെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
തിരുവനന്തപുരം മാറനല്ലൂരില്‍ ഒരു വീടിന് നേരെയും സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. 20 ലധികം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. രാത്രി ഒരു മണിയോടെയാണ് റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ത്തത്.
പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണം അവരുടെ അത്യാര്‍ത്തിയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. രാജസ്ഥാനില്‍ കൂടെക്കൂട്ടാന്‍ പറ്റുന്നവരെയൊന്നും കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തില്ല. നവകേരള സദസില്‍ തൃശൂര്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം പരാജയത്തില്‍നിന്ന് പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം പാര്‍ലമെന്റിനെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേദിയാക്കരുത്. നല്ല ഭരണം ഉണ്ടായാല്‍ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചു. ഈ മാസം 22 വരെയാണ് സമ്മേളനം. വിഐപി സുരക്ഷയുടെ പേരില്‍ കേരളത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെഇ ബൈജു യുവാവിന്റെ കഴുത്തു ഞെരിച്ചു മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അടിയന്തിര പ്രമേയ നോട്ടീസ് നല്കി.
തെലുങ്ക് സൂപ്പര്‍താരം പവന് കല്ല്യാണിന്റെ ജനസേന പാര്‍ട്ടി തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച എട്ടിടത്തും എട്ടുനിലയില്‍ പൊട്ടി. ഏഴിടത്തു കെട്ടിവച്ച കാശു കിട്ടിയില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് ജനസേന മല്‍സരിച്ചത്.
തെലുങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു.