◾വീണ്ടും മോദി മാജിക്. ഹിന്ദി ഹൃദയഭൂമിയില്‍ താമര വിരിഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ബിജെപിക്കു തുടര്‍ഭരണം. തെലുങ്കാനയില്‍ ബിആര്‍എസിനെ തൂത്തെറിഞ്ഞ കോണ്‍ഗ്രസിന് ആശ്വാസ ജയം. രാജസ്ഥാനില്‍ തമ്മിലടിയാണു കോണ്‍ഗ്രസിന്റെ പതനം ഉറപ്പിച്ചതെങ്കില്‍ ഛത്തീസ്ഗഡില്‍ അവസാന നാളുകളില്‍ മോദി സര്‍ക്കാര്‍ നടത്തിച്ച എന്‍ഫോഴ്സ്മെന്റു വേട്ടയാണ് അട്ടിമറിയുണ്ടാക്കിയത്. തെലുങ്കാനയില്‍ കെസിആറിനെതിരായ ഭരണവിരുദ്ധ വികാരമാണ് കോണ്‍ഗ്രസിനു തുണയായത്.
*നാലു സംസ്ഥാനങ്ങളിലെ ലീഡുനില:*
മധ്യപ്രദേശ്: ആകെ 230. ബിജെപി 162, കോണ്‍ഗ്രസ് 66, ബിഎസ്പി 1.
ഛത്തീസ്ഗഡ്: ആകെ 90. ബിജെപി 55, കോണ്‍ഗ്രസ് 32, ബിഎസ്പി 1, സിപിഐ 1.
രാജസ്ഥാന്‍: ആകെ 199. ബിജെപി 110, കോണ്‍ഗ്രസ് 74, മറ്റുള്ളവര്‍ 12.
തെലുങ്കാന: ആകെ 119. കോണ്‍ഗ്രസ് 64, ബിആര്‍എസ് 40, ബിജെപി 8, മറ്റുള്ളവര്‍ 6, സിപിഐ 1.
◾തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യാ മുന്നണി ചൊവ്വാഴ്ച യോഗം ചേരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയാണ് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മറ്റു കക്ഷികളെ പരിഗണിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*
വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ബംഗാള്‍ ഉള്‍ക്കടലില്‍ മിഷോങ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് മുന്നറിയിപ്പ്. ശക്തമായ മഴ തുടരുമെന്നും ജാഗ്രതാ നിര്‍ദേശം.
◾നാലു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും കോണ്‍ഗ്രസ് തോറ്റതിനു പ്രധാന കാരണം പ്രതിപക്ഷ കക്ഷികളെ ഒപ്പം കൂട്ടാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ യോജിക്കാവുന്നവരുമായി ഐക്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. മുഖ്യമന്ത്രി പറഞ്ഞു.
◾തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെകൂടി വിജയമാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. കൊടും ചതിയിലൂടെ സോണിയാജിയെയും കോണ്‍ഗ്രസിനെയും വഞ്ചിച്ച് കെ ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെലുങ്കാനയുടെ ചുമതല ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ ഏല്‍പ്പിച്ചു. പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍നിന്ന് കെട്ടിപ്പടുക്കുകയായിരുന്നു. സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
◾ബിജെപിയുടെ ഉജ്വല വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണത്തിനുള്ള അംഗീകാരമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മോദിയേയും ബിജെപിയേയും നെഞ്ചിലേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായി വാല്‍മുട്ടി പാട്ടുഗ്രാമത്തിലെ തത്തമ്മ. 2021 ലെ ഫോക് ലോര്‍ അക്കാദമി അവാര്‍ഡു ജേതാവും തുയിലുണര്‍ത്തുപാട്ട് ഗായികയുമായ തത്തമ്മ എന്ന എഴുപതുകാരി കലാകാരന്മാര്‍ക്ക് സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരളയാത്ര അക്രമ യാത്രയാണെന്നും സ്ത്രീ സമൂഹം പ്രതികരിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍. മഹിളാ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകളെയും വാഹനത്തിന്റെ ഡ്രൈവറെയും ഡിവൈഎഫ്ഐക്കാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത് എന്ത് ‘രക്ഷാ പ്രവര്‍ത്തന’മാണെന്നും ജെബി മേത്തര്‍ ചോദിച്ചു.
◾ശബരിമല ദര്‍ശനത്തിനു ഭക്തരുടെ തിരക്ക്. മണിക്കൂറുകളോളം നീണ്ട ക്യൂവിലാണ് ഭക്തര്‍. നിയന്ത്രിക്കാനുള്ള പൊലീസിന്റെ നടപടികള്‍ക്കെതിരെ വ്യാപക പരാതിയുണ്ട്. എണ്‍പതിനായിരത്തിലധികം ഭക്തരാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ദര്‍ശനം നടത്തിയത്.
◾പോലീസ് സംഘമാണെന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ നിയമ വിദ്യാര്‍ത്ഥിനി അടക്കമുള്ള നാലംഗ സംഘം പിടിയില്‍. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ജയ്സണ്‍ ഫ്രാന്‍സിസ് (39), ആലുവ സ്വദേശി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്.
◾മലപ്പുറം വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികിത്സയിലുളള ഒന്നര വയസുള്ള കുഞ്ഞിന് മരുന്നു മാറിനല്‍കിയെന്നു പരാതി. ചുമക്കുള്ള മരുന്നിനു പകരം വേദനയ്ക്കുള്ള മരുന്നു നല്‍കിയതിനെത്തുടര്‍ന്ന് അവശ നിലയിലായ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
◾ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണമുണ്ടാക്കാനാണെന്നും മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും വ്യാജ പ്രചാരണം നടത്തിയയാള്‍ക്കെതിരെ കേസ്. കാസര്‍കോട് കുശ്ചത്തൂര്‍ സ്വദേശി അബ്ദുല്‍ മനാഫിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
◾തൃശൂര്‍ കയ്പമംഗലത്ത് റോഡു പണിക്കിടെ ടാറിംഗ് വാഹനത്തിനു തീ പിടിച്ചു. കയ്പ്പമംഗലം 12 ല്‍ ആറുവരി ദേശീയപാത 66 ന്റെ പണികള്‍ക്കിടെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ തീ പിടിച്ചത്. ഡ്രൈവര്‍ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു.
◾തിരുവനന്തപുരം പവര്‍ഹൗസ് ജംഗ്ഷനില്‍ ട്രോളി ബാഗില്‍ കടത്തുകയായിരുന്ന 13 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍. ബീമാപ്പള്ളി സ്വദേശി അന്‍സാരി, ഷരീഫ്, ഓട്ടോഡ്രൈവര്‍ ഫൈസല്‍, ബാലരാമപുരം സ്വദേശി സജീര്‍ എന്നിവരെയാണ് പിടികൂടിയത്.
◾മൂന്നു സംസ്ഥാനങ്ങളിലെ വിജയം ആഘോഷമാക്കാന്‍ വൈകുന്നേരം ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും. അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളും ലഡുവിതരണവും നടന്നു.
◾മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ ആരെന്ന് എംഎല്‍എമാര്‍ തീരുമാനിക്കുമെന്നു ബിജെപി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസ് അഗര്‍വാള്‍. വിജയം മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. പാര്‍ട്ടിയെക്കാള്‍ ജനം മോഡിയെ സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ വലിയ വിജയം. കേരളത്തില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ ബിജെപി നേടുമെന്നും അഗര്‍വാള്‍ പറഞ്ഞു.
◾കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വോട്ടുയന്ത്രങ്ങള്‍ ഉപേയാഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
◾തെലങ്കാനയില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റാന്‍ ആഡംബര ബസുകളുമായി കോണ്‍ഗ്രസ്. ബിആര്‍എസ് നേതൃത്വം കുതിരക്കച്ചവടത്തിന് ഇറങ്ങുമെന്ന ഭീതിയിലാണ് ബസുകള്‍ ഒരുക്കിയത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്.
◾ലോകാദ്ഭുതങ്ങളിലൊന്നായ പിസ ഗോപുരത്തിനു സമാനമായി ഇറ്റലിയിലുള്ള ചരിഞ്ഞ ടവര്‍ തര്‍ന്നുവീഴുമെന്ന് മുന്നറിയിപ്പ്. ബോളോഗ്‌ന നഗരത്തിലെ ഗരിസെന്‍ഡ ടവറിനു നാലു ഡിഗ്രി ചെരിവാണുള്ളത്. പിസ ഗോപുരത്തിന് അഞ്ചു ഡിഗ്രിയാണു ചെരിവ്.
◾ഇന്ത്യ- ഓസ്ട്രേലിയ അഞ്ചാം ട്വന്റി20 മത്സരം ഇന്ന് വൈകിട്ട് 7 മുതല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. പരമ്പര നേട്ടത്തിന്റെ മാര്‍ജിന്‍ 4-1 ആയി ഉയര്‍ത്താനായിരിക്കും ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
◾ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകി വിദേശ നാണയ ശേഖരം. ഇത്തവണയും മികച്ച മുന്നേറ്റമാണ് വിദേശ നാണയ ശേഖരത്തില്‍ ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, നവംബര്‍ 24-ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 253.8 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 59,793.5 കോടി ഡോളറിലെത്തി. തുടര്‍ച്ചയായ രണ്ടാം വാരമാണ് ഇത്തരത്തില്‍ മുന്നേറ്റം കാഴ്ച വെച്ചിട്ടുള്ളത്. റിസര്‍വ് ബാങ്ക് വിപണി ഇടപെടലുകള്‍ സജീവമാക്കിയതും, മറ്റ് ആഭ്യന്തര ഘടകങ്ങളുമാണ് വിദേശ നാണയ ശേഖരത്തെ ഇത്തവണയും മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചത്. കഴിഞ്ഞ വാരത്തിലെ വിദേശ നാണയ ശേഖരം 507.7 കോടി ഡോളറായിരുന്നു. രൂപയുടെ സ്ഥിരത ഉറപ്പുവരുത്താന്‍ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വിപണിയില്‍ നിന്നും വലിയ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇത് വിദേശ നാണയ ശേഖരത്തിന്റെ കുതിപ്പിന് കാരണമായി. വിദേശ കറന്‍സികളുടെ മൂല്യത്തിന്റെ അവലോകന കാലയളവില്‍ 214 കോടി ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, സ്വര്‍ണ ശേഖരത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 29.6 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 4633.88 കോടി ഡോളറായി.
◾ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്യു 12 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തുന്നു. പെര്‍ഫോമന്‍സിനും ക്യാമറയിലും മികച്ച ഫീച്ചറുകള്‍ ഉള്ള ബ്രാന്‍ഡായ ഐക്യുവിന്റെ പ്രീമിയം റേഞ്ച് സെഗ്മെന്റിലേക്കാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡിസംബര്‍ 12-നാണ് ഐക്യു 12 5ജി ലോഞ്ച് ചെയ്യുക. ലോഞ്ചിന് മുന്നോടിയായി ഈ സ്മാര്‍ട്ട്ഫോണിലെ ഏതാനും ചില വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.7 ഇഞ്ച് വലിപ്പമുള്ള ഒഎല്‍ഇഡി സ്‌ക്രീനാണ് ഈ സ്മാര്‍ട്ട്ഫോണിന് നല്‍കിയിട്ടുള്ളത്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ആന്‍ഡ്രോയിഡ് 14 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസറാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയാണ് മറ്റൊരു ആകര്‍ഷണീയത. സെല്‍ഫി, വീഡിയോ കോള്‍ എന്നിവയ്ക്കായി 16 മെഗാപിക്സല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. 60,000 രൂപയ്ക്ക് താഴെ വില വരുന്ന ഒരു പ്രീമിയം ഫോണായിരിക്കും ഐക്യു 12 എന്ന് പ്രതീക്ഷിക്കാം.
◾ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ്ബി’ന്റെ ടീസര്‍ പുറത്തിറങ്ങി. പേര് പോലെ തന്നെ അടിയോട് അടിയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. ‘ഉറിയടി’ ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. അബ്ബാസ് എ റഹ്‌മത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസര്‍ വളരെ ചടുലമാണ്. കടുത്ത സംഘടനമാണ് ചിത്രത്തിന്റെ ടീസറില്‍ ഉള്ളത്. 2023 ഡിസംബര്‍ 15ന് ചിത്രം തിയറ്ററുകളിലേക്കെത്തും. ഛായാഗ്രഹണം ലിയോണ്‍ ബ്രിട്ടോ, എഡിറ്റിംഗ് കൃപകരണ്‍, കഥ ശശി, തിരക്കഥ വിജയ്കുമാര്‍, ശശി, അബ്ബാസ് എ റഹ്‌മത്ത്, കലാസംവിധാനം ഏഴുമലൈ ആദികേശവന്‍, സ്റ്റണ്ട് വിക്കി, അമ്രിന്‍ അബൂബക്കര്‍. തമിഴ് സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. 4 സിനിമകള്‍ കൊണ്ട് തന്നെ തമിഴിലെ മുന്‍നിര സംവിധായകനായി ലോകേഷ് മാറിയിരുന്നു. ഈയടുത്താണ് തന്റെ പ്രൊഡക്ഷന്‍ ഹൗസും സിനിമയും ലോകേഷ് പ്രഖ്യാപിച്ചത്.
◾മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി സിനിമയാകുന്നു. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ത്രോത്ത് ആണ് ‘നളിനകാന്തി’ എന്ന പേരില്‍ ടി. പത്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുന്നത്. ‘നളിനകാന്തി’യില്‍ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോള്‍, രാമചന്ദ്രന്‍, പത്മാവതി, കാര്‍ത്തിക് മണികണ്ഠന്‍, ശ്രീകല മുല്ലശ്ശേരി എന്നിവരും ഒന്നിക്കുന്നു. മൂന്നുവര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സുസ്‌മേഷ് ചന്ത്രോത്ത് നളിനകാന്തി പൂര്‍ത്തിയാക്കുന്നത്. ‘നിധി ചാല സുഖമാ’ എന്ന പ്രശസ്തമായ കഥയിലെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എന്‍. സ്വാമിയാണ്. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരും ചിത്രകാരികളുമായ ശ്രീജ പള്ളം, കന്നി എം, സചീന്ദ്രന്‍ കാറഡുക്ക, സുധീഷ് വേലായുധന്‍ എന്നിവരുടെ പെയിന്റിംഗുകളും രേഖാചിത്രങ്ങളും സിനിമയുടെ കഥാഗതിയുടെ നിര്‍ണ്ണായകഭാഗമാകുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ണൂര്‍, പള്ളിക്കുന്ന്, എറണാകുളം, ചെറായി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ‘നളിനകാന്തി’ ജനുവരി മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
◾2023 നവംബറില്‍ തങ്ങളുടെ വില്‍പ്പന 13 ശതമാനം വര്‍ദ്ധിച്ചതായി ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 75,137 യൂണിറ്റുകള്‍ വില്‍ക്കുകയും 5,114 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. 2022 നവംബറില്‍, റോയല്‍ എന്‍ഫീല്‍ഡ് 65,760 യൂണിറ്റുകള്‍ വില്‍ക്കുകയും 5,006 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്ത സ്ഥാനത്താണ് ഈ വളര്‍ച്ച. ആഭ്യന്തര വില്‍പ്പന 14 ശതമാനം വര്‍ധിച്ചപ്പോള്‍ കയറ്റുമതി രണ്ട് ശതമാനം വര്‍ധിച്ചു. അടുത്തിടെ തങ്ങളുടെ വാര്‍ഷിക മോട്ടോവേഴ്‌സ് ഇവന്റില്‍ ഏറെ കാത്തിരുന്ന ഹിമാലയന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നിര്‍മ്മാതാവില്‍ നിന്നുള്ള അടുത്ത ലോഞ്ച് ഷോട്ട്ഗണ്‍ 650 ആയിരിക്കും. കമ്പനി ഇതിനകം മോട്ടോര്‍സൈക്കിളിന്റെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അത് വെറും 25 യൂണിറ്റുകളായി പരിമിതപ്പെടുത്തും. സൂപ്പര്‍ മെറ്റിയര്‍ 650- നൊപ്പം വരുന്ന കണക്റ്റഡ് വെഹിക്കിള്‍ സൊല്യൂഷനായ ‘വിംഗ്മാന്‍’ റോയല്‍ എന്‍ഫീല്‍ഡും പുറത്തിറക്കി. ഇതുമൂലം മോട്ടോര്‍സൈക്കിളിന് 6,500 രൂപ വര്‍ധിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ലഭ്യമായ റോയല്‍ എന്‍ഫീല്‍ഡ് ആപ്ലിക്കേഷനില്‍ വിംഗ്മാന്‍ ഫീച്ചര്‍ സംയോജിപ്പിക്കും. ഇത് ടെലിമാറ്റിക്‌സ് ഹാര്‍ഡ്വെയറുമായി വരുന്നു. ഇത് മോട്ടോര്‍സൈക്കിളിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള സുപ്രധാന തത്സമയ വിവരങ്ങള്‍ റൈഡര്‍ക്ക് നല്‍കുന്നു.
◾എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കണ്‍കെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ഓടിപ്പോകലിന്റെ, കാത്തിരിപ്പിന്റെ, കളിത്തട്ടുകളാണ് ഈ കഥകള്‍. സക്കറിയയുടെ, സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകളുടെ സമാഹാരം. ‘പറക്കും സ്്രതീ’. സക്കറിയ. ഡിസി ബുക്സ്. വില 108 രൂപ.
◾ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് എന്നും യുവത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. സ്ട്രെച്ചിങ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതില്‍ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങാന്‍ കഴിയണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം. മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി അധികമായി മെലിയരുത്. ഭക്ഷണകാര്യത്തില്‍ ചെറിയ ചെറിയ മാറ്റങ്ങളേ പെട്ടെന്ന് വരുത്താവൂ. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഗ്രീന്‍ടീ കുടിക്കുന്നത് പതിവാക്കുക. ദിവസവും കൃത്യസമയത്ത് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇതെല്ലാം അനീമിയ മൂലം ഉണ്ടാവുന്ന ലക്ഷണങ്ങളാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന ഈത്തപ്പഴം പോലുള്ള ഭക്ഷണ വസ്തുക്കള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായം കൂടുന്തോറും സ്ത്രീകളില്‍ പൊതുവേ അയേണിന്റെ അളവ് കുറഞ്ഞു വരാറുണ്ട്. കരള്‍, പച്ചിലക്കറികള്‍, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം. ആഹാരത്തില്‍ എപ്പോഴും ഫൈബറിന്റെ സാന്നിധ്യവും വേണം. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം ആരോഗ്യത്തിന് നല്ലതാണ്. അതിന് ധാരളമായി ചെറു മത്സ്യങ്ങള്‍ കഴിക്കുക. ബദാം, തേങ്ങ, ഒലീവ് ഓയില്‍ ഇതെല്ലാം നല്ലതാണ്. പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ദിവസവും സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് പതിവാക്കുക. ഇത് സ്‌കിന്‍ കാന്‍സറില്‍ നിന്നും സംരക്ഷണം തരുന്നു. പുറത്തിറങ്ങുന്നതിനു 15 മിനിറ്റ് എങ്കിലും മുമ്പ് സണ്‍ സ്‌ക്രീന്‍ ലോഷന്‍ പുരട്ടണം.ഉപ്പിന്റെയും മധുരത്തിന്റെയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വെളുത്ത വിഷമെന്നാണ് ഇവ അറിയപ്പെടുന്നത് തന്നെ. ഇവ കഴിയുന്നതും കുറച്ച് ഭക്ഷിക്കുക.