2024 മുതല്‍ ഇന്ത്യയില്‍ മാരുതി കാറുകളുടെ വില കൂടും. മാരുതി തന്നെയാണ് തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവുണ്ടാവുമെന്ന വിവരം അറിയിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനൊപ്പം നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായ വിലവര്‍ധനവും വിലവര്‍ധനവിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനും മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. അതേസമയം മാരുതി സുസുക്കിയുടെ ഓരോ മോഡലുകളുടേയും വിലയില്‍ എത്രത്തോളം വര്‍ധനവുണ്ടാവുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്‍ട്രി ലെവല്‍ ഓള്‍ട്ടോ മുതല്‍ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളായ ഇന്‍വിക്റ്റോ വരെ മാരുതി ഇന്ത്യയില്‍ ഇറക്കുന്നുണ്ട്. 3.54 ലക്ഷം രൂപ മുതല്‍ 28.42 ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ ഇതില്‍ പെടും. മാരുതിയുടെ അരീന നെക്സ ഷോറൂമുകള്‍ വഴി 17 മോഡലുകളാണ് വില്‍ക്കുന്നത്. മാരുതി ഓള്‍ട്ടോ കെ10, എസ്പ്രസോ, ഈകോ, സെലേറിയോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, എര്‍ട്ടിഗ, ബ്രസ എന്നിവയാണ് അരീന ഷോറൂമുകള്‍ വഴി വില്‍ക്കുന്നത്. ഇഗ്‌നിസ്, ബലേനോ, ഫ്രോങ്ക്സ്, സിയാസ്, എക്സ്എല്‍6, ജിമ്നി, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ എന്നിവയാണ് നെക്സ മോഡലുകള്‍. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മാരുതി സുസുക്കി ഇന്ത്യ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പനയിലെത്തിയത്. 1,99,217 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി.