◾ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് അതിര്‍ത്തിയില്‍ നികുതി പിരിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയത്.
◾ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്കു നല്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിന്റെ മദ്ധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നത്.
◾തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തോക്കുമായി എത്തി വെടിവച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. ക്ലാസില്‍ മുകളിലേക്കു വെടിയുതിര്‍ത്ത മുളയം സ്വദേശിയായ ജഗന് ഓടിപ്പോകുന്നതിനിടെയാണ് പിടിയിലായത്. സ്റ്റാഫ് റുമില് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയശേഷമാണു ക്ലാസില്‍ കയറി വെടിവച്ചത്. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾കണ്ണൂര്‍ കളക്ട്റേറ്റിനു സമീപം നവ കേരള സദസിന്റെ വേദിയിലേക്കു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഡിസിസി ഓഫിസിന്റ 50 മീറ്റര്‍ അകലെ ബാരിക്കേഡ് കെട്ടിയാണ് പൊലീസ് മാര്‍ച്ചു തടഞ്ഞത്. പോലീസ് ജല പീരങ്കി പ്രയോഗിച്ചു.
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച് കെപിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയില്ല. വീണ്ടും നോട്ടീസ് നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
◾കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച 14 സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വധശ്രമം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു.
◾കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമത്തിനാണു ശ്രമിച്ചതെന്നു മുഖ്യമന്ത്രി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല. ഓടുന്ന വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടുന്നതു പ്രതിഷേധമല്ല, ആക്രമണമാണ്. പിണറായി പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾കെഎസ്ഇബി മീറ്റര്‍ റീഡര്‍ നിയമനവും പി എസ് സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരെ ഉള്‍പ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുര്‍ബലപ്പെടുത്തിയെന്നും യോഗ്യരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ നിയമനം നേടിയ 100 പേര്‍ക്കു ജോലി പോകും.
◾സിപിഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്. രാമചന്ദ്രന് അന്തരിച്ചു. 75 വയസായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ചിരുന്നു.
◾യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖ കേസുമായി ബന്ധപ്പെട്ട് അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ പോലീസ് പരിശോധന. ലാപ്ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂര്‍.
◾തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസ് വിട്ടുകൊടുത്തു. പെര്‍മിറ്റ് ലംഘനത്തിന് 10,000 രൂപ പിഴ അടപ്പിച്ചാണ് ബസ് വിട്ടുകൊടുത്തത്. ബസ് ഇന്നു വൈകുന്നേരം മുതല്‍ സാധാരണ പോലെ സര്‍വീസ് നടത്തുമെന്ന് ഉടമ അറിയിച്ചു.
◾കോഴിക്കോട് മുക്കം മാങ്ങാപ്പൊയിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞും മര്‍ദിച്ചും പണം അപഹരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പടെ മൂന്നു പേര് പൊലീസ് പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്.
◾നെടുമ്പാശേരി വിമാനത്താവളം വഴി മൂന്നു കിലോയിലേറെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. കോഴിക്കോട് സ്വദേശി അബ്ദുല്‍ ഹമീദാണ് പിടിയിലായത്.
◾
◾പാലക്കാട് തരൂര്‍ കൃഷിഭവനില്‍ വനിതാ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താനെ ഓഫീസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരിങ്കുളങ്ങര സ്വദേശി മോഹനനാണ് അറസ്റ്റിലായത്.
◾അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാരാകാന്‍ റാം മന്ദിര്‍ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനു ലഭിച്ചത് 3000 അപേക്ഷകള്‍. . ഇതില്‍ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു. 20 പേരെ തെരഞ്ഞെടുത്ത് നിയമിക്കും.
◾മുത്തലാഖ് വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് അടുത്ത വര്‍ഷം മാര്‍ച്ചിലേക്കു സുപ്രീം കോടതി മാറ്റി. കേരളത്തില്‍ നിന്നടക്കമുള്ള ഹര്‍ജികളുണ്ട്.
◾ജാതി സെന്‍സസ് നടത്തുമെന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക. 25 ലക്ഷം രൂപയുടെ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍, കുടുംബത്തിലെ മുതിര്‍ന്ന വനിതക്ക് പതിനായിരം രൂപ വാര്‍ഷിക സഹായമടക്കം നേരത്തെ പ്രഖ്യാപിച്ച ഏഴു ഗ്യാരന്റികളും പ്രകടനപത്രികയിലുണ്ട്.
◾മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിനു മുകളില്‍ പറന്ന അജ്ഞാത വസ്തുവിനെ പറ്റി അന്വേഷിക്കാന്‍ സൈന്യത്തിന്റെ റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തി. വ്യോമസേനയുടെ രണ്ട് റഫാല്‍ വിമാനങ്ങളെ ഇതിനായി നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.
◾എന്‍ബിസി ന്യൂസിനായി പ്രവര്‍ത്തിച്ചിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തക മിര്‍വത് അല്‍ അസെ ഇസ്രയേലില്‍ അറസ്റ്റില്‍. ഹമാസിന്റെ ആക്രമണത്തെ മഹത്വവല്‍ക്കരിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. 45 കാരിയായ മിര്‍വത് പലസ്തീനിയാണ്.
◾പുറപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ വിമാനത്തിനകത്ത് യുവതിപ്രസവിച്ചു. തുര്‍ക്കിയില്‍നിന്ന് ഫ്രാന്‍സിലേക്കു പോകുകയായിരുന്ന ഫ്ളൈറ്റിലാണ് പ്രസവം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. യുവതി ഏതു രാജ്യക്കാരിയാണെന്നോ പേരോ വെളിപെടുത്തിയിട്ടില്ല.
◾സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയിലും വര്‍ധനയുണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5,685 രൂപയും പവന് 240 രൂപ വര്‍ധിച്ച് 45,480 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4,715 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ താഴ്ചയില്‍ തുടര്‍ന്ന സ്വര്‍ണ വില കുതിപ്പിലേക്ക്. ഇന്നലെ 1,977.78 ഡോളറിന് ക്ലോസിംഗ് നടത്തിയ സ്പോട്ട് സ്വര്‍ണം 1,991 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. യു.എസ് പലിശനിരക്ക് കുറയും എന്ന നിഗമനത്തില്‍ ഡോളര്‍ സൂചിക താഴേക്കുള്ള ട്രെന്‍ഡ് തുടരുകയാണ്. ദുര്‍ബലമായ ഡോളറും ട്രഷറി വരുമാനവും ആഗോള തലത്തില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി. കേരളത്തില്‍ ഇന്നും വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 79 രൂപ, ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപ.
◾ഇന്ത്യയില്‍ ആരംഭിച്ച വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമാണ് ജിയോ എയര്‍ ഫൈബര്‍. ഫൈബര്‍-ഒപ്റ്റിക് നെറ്റ്വര്‍ക്കിലൂടെ ഇത് അതിവേഗ ഇന്റര്‍നെറ്റ്, ഹോം എന്റര്‍ടൈന്‍മെന്റ്, സ്മാര്‍ട്ട് ഹോം സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ജിയോ എയര്‍ഫൈബറിന് 30 എംബിപിഎസ് മുതല്‍ 1.5 ജിബിപിഎസ് വരെ ഇന്റര്‍നെറ്റ് വേഗത നല്കാന് കഴിയും. 550-ലധികം ടിവി ചാനലുകളിലേക്കുള്ള ആക്സസ്, ക്യാച്ച്-അപ്പ് ടിവി, 16-ലധികം ഒടിടി ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷന് എന്നിവ ഈ സേവനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ജിയോ ഫൈബറും ജിയോ എയര്‍ ഫൈബറും രണ്ട് വ്യത്യസ്ത ഉപഭോക്താക്കള്‍ക്കായുള്ള രണ്ട് വ്യത്യസ്ത സാങ്കേതികവിദ്യകളാണ്. ജിയോ ഫൈബറിനെ അപേക്ഷിച്ച് എയര്‍ഫൈബര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളെ ആശ്രയിക്കുന്നില്ല, കൂടാതെ 5ജി കവറേജുള്ള എവിടെയും എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതുമാണ്. ജിയോഫൈബര്‍ അല്ലെങ്കില്‍ മറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് കണക്റ്റിവിറ്റി നല്കാന് കഴിയാത്ത വിദൂര പ്രദേശങ്ങളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് നല്കാന് എയര്‍ഫൈബറിന് സാധിക്കും. 30 എംബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്കുന്ന പ്ലാനിന് 599 രൂപയാണ് ചാര്‍ജ്. 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകളുണ്ട്. 1199 രൂപയുടെ പ്ലാനില്‍ സൗജന്യമായി നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി ആപ്പുകള്‍ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളില്‍ 14 ഒടിടി ആപ്പുകള്‍ ലഭ്യമാണ്. ആറ് മാസ പ്ലാനുകളും 12 മാസ പ്ലാനുകളും നിലവില്‍ ലഭ്യമാണ്. തുടക്കത്തില്‍ ചില മെട്രോ നഗരങ്ങളില മാത്രം ലഭ്യമായിരുന്ന ജിയോ എയര്‍ഫൈബര്‍ സേവനം കേരളത്തിലും ലഭ്യമാവാന്‍ തുടങ്ങി. തിരുവനന്തപുരം നഗരത്തിലാണ് ഇപ്പോള്‍ എയര്‍ഫൈബര്‍ സേവനങ്ങളുള്ളത്.
◾മമ്മൂട്ടിയുടെ ‘കാതല്‍’ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി ചില രാജ്യങ്ങള്‍. നവംബര്‍ 23ന് ചിത്രം റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്ക് വന്നിരിക്കുന്നത്. ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ചിത്രം വിലക്കാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ ചിത്രത്തിനും ബാന്‍ വന്നിരുന്നു. ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി പറഞ്ഞത്. കാതലില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സിനോപ്സിസില് മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു കൊണ്ടാകും ചിത്രം ഈ രാജ്യങ്ങളില്‍ വിലക്കാനുള്ള കാരണം. മമ്മൂട്ടിയുടെ കഥാപാത്രമായ ജോര്‍ജ് ദേവസി സ്വവര്‍ഗാനുരാഗിയാണ്. അതില്‍ പ്രശ്നവുമില്ലെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഹര്‍ജി ഭാര്യ ഓമന നല്കുന്നു എന്നാണ് സിനോപ്സിസില് പറയുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
◾കോക്കേഴ്സ് മീഡിയ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാരിവില്ലിന് ഗോപുരങ്ങള്‍’ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുപോയ വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേര്‍ന്നാണ് ലോകമെമ്പാടുമുള്ള റിലീസിന്റെ ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്. സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയിനറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
◾ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയുടെ 70 ശതമാനത്തിലേറെ സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സിന്റെ കണക്കുകള്‍ പ്രകാരം ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ 23 ശതമാനം വൈദ്യുത കാറുകളാണ് തിരഞ്ഞെടുക്കുന്നത്. അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുന്ന ഇ.വി വ്യവസായത്തിന് വലിയ പ്രചോദനമാവുന്നതാണ് ആഭ്യന്തരമായി ടാറ്റ അവതരിപ്പിച്ച കണക്കുകളില്‍ പലതും. ഒന്നിലേറെ വാഹനമുള്ളവരില്‍ 75 ശതമാനവും പ്രധാന കാര്‍ വൈദ്യുത വാഹനമാണെന്നും സമ്മതിക്കുന്നു. ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ട മറ്റൊരു പ്രധാനപ്പെട്ട കണക്ക് വൈദ്യുത വാഹനങ്ങളുടെ പകുതി വില്പനയും നടക്കുന്നത് ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണെന്നതാണ്. പൊതുവില്‍ ചാര്‍ജിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കില്‍ പോലും ഉള്നാടുകള് വലിയ തോതില്‍ വൈദ്യുത വാഹനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രധാനപ്പെട്ട 20 നഗരങ്ങള്‍ക്കു പുറത്തുള്ള വിപണിയില്‍ നിന്നാണ് ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത വാഹനങ്ങളുടെ വില്പനയില് പകുതി നടന്നിരിക്കുന്നത്. 93 ശതമാനം വൈദ്യുത കാര്‍ ഉടമകളും വീട്ടിലോ ഓഫീസിലോ ആണ് വാഹനം ചാര്‍ജു ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല വൈകുന്നേരം ആറു മണി മുതല്‍ രാത്രി പതിനൊന്നു വരെയുള്ള സമയത്താണ് ബഹുഭൂരിപക്ഷവും വാഹനം ചാര്‍ജു ചെയ്യുന്നത്. മാസത്തില്‍ 1,400 കിലോമീറ്റര്‍ ശരാശരി വൈദ്യുത വാഹനങ്ങള്‍ ഓടുന്നു. ഇതും പരമ്പരാഗത ഐ.സി.ഇ വാഹനങ്ങളേക്കാള്‍ കൂടുതലാണ്.
◾ഇന്ത്യന്‍ രാഷ്ടീയത്തില്‍ കോളിളക്കം സ്യഷ്ടിച്ച ജെ എന്‍ യു വിദ്യാര്‍ത്ഥി കനയ്യകുമാറിന്റെ ജീവിതസമരകഥ. ബീഹാറിലെ ഒരു കുഗ്രാമത്തില്‍ വളരെചുരുങ്ങിയ ജീവിതസാഹചര്യങ്ങളില്‍ ജനിച്ച കുട്ടിയാണ് കനയ്യകുമാര്‍. സ്ഥിരോത്സാഹംകൊണ്ട് മാത്രമാണ് കനയ്യക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയമായ ജെ എന്‍ യു വില്‍ ഗവേഷണപഠനത്തിന് പ്രവേശനം ലഭിച്ചത്. ജ എന്‍ യു പഠനകാലത്ത് ചുറ്റും കണ്ട അനീതികളോടും അഴിമതികളോടും പോരാടി ജയിലിലടയ്ക്കപ്പെട്ടു. ‘ബിഹാര്‍ മുതല്‍ തിഹാര്‍ വരെ’. റോസ്മേരി. മനോരമ ബുക്സ്. വില 180 രൂപ.
◾ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനം. വാക്സിനേഷനെ തുടര്‍ന്ന് പെട്ടെന്നു മരണമുണ്ടായ ഘട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇവ അമിതമായ മദ്യപാനവും തീവ്രമായ മറ്റ് അസ്വസ്ഥ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പഠനം പറയുന്നു. രണ്ടു ഡോസ് കോവിഡ് വാക്സീന് സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. 729 കേസുകള്‍ സംഘം പഠനത്തിനു വിധേയമാക്കി. മുന്‍കാലങ്ങളില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും ഇന്ത്യയിലെ 18-45 വയസ് പ്രായമുള്ള മുതിര്‍ന്നവര്‍ക്കിടയിലെ പെട്ടെന്നുള്ള മരണവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ പഠന വിധേയമാക്കി. ‘മള്‍ട്ടിസെന്‍ട്രിക് മാച്ച്ഡ് കേസ്-കണ്ട്രോള് സ്റ്റഡി’ എന്ന പേരിലുള്ള പഠനം സമപ്രായക്കാരുടെ അവലോകനത്തിലാണ്, റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനുണ്ട്. ഇന്ത്യയിലെ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഗവേഷകരെ പഠനത്തിലേക്ക് നയിച്ചത്. കോവിഡ് മരണങ്ങള് അല്ലെങ്കില്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകളും പഠനത്തിന് കാരണമായി. ഇന്ത്യയിലെ ആരോഗ്യമുള്ള യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണങ്ങള്‍ക്ക് കാരണമായ ഘടകങ്ങള്‍ അന്വേഷിക്കുന്നതിനാണ് പഠനം നടത്തിയത്. 2021 ഒക്ടോബര്‍ 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ മരിച്ച 18-45 വയസ് പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.33, പൗണ്ട് – 104.42, യൂറോ – 91.33, സ്വിസ് ഫ്രാങ്ക് – 94.32, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.81, ബഹറിന്‍ ദിനാര്‍ – 221.09, കുവൈത്ത് ദിനാര്‍ -270.51, ഒമാനി റിയാല്‍ – 216.50, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 60.71.