സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിലേക്കു പരാതി പ്രവാഹം. ആദ്യ ദിവസം 1,908 പരാതികളാണ് എത്തിയത്. പെന്‍ഷന്‍ മുടങ്ങിയവരും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുമാണ് പരാതിക്കാരില്‍ ഏറേയും. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ആഡംബര ബസും ആഘോഷവും കാണാന്‍ നിരവധി പേര്‍ എത്തിയെങ്കിലും സമ്മേളനപ്പന്തലില്‍ സദസ് ദുര്‍ബലമായിരുന്നു. നവകേരള സദസിന്റെ പ്രഭാത യോഗത്തിന് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും വ്യവസായ പ്രമുഖനുമായ എന്‍ എ അബൂബക്കര്‍ അടക്കമുള്ള പൗരപ്രമുഖര്‍ എത്തി. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസ് അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തെരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും തുടങ്ങിയവയെല്ലാം അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടിലെത്തിയ റോബിന്‍ ബസിനെ തമിഴ്‌നാട് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. രേഖകള്‍ പരിശോധിക്കാനെന്ന പേരിലാണ് ബസ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. റോബിന്‍ ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി ആരംഭിച്ച കോയമ്പത്തൂര്‍ ലോ ഫ്‌ളോര്‍ ബസ് പത്തനംതിട്ടയില്‍നിന്ന് യാത്ര ആരംഭിച്ചത് യാത്രക്കാരില്ലാതെ. അതേസമയം, റോബിന്‍ ബസ് സര്‍വീസിന് ഇന്നും പത്തനംതിട്ടയില്‍ യാത്രക്കാര്‍ സ്വീകരണമൊരുക്കി. തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസിനെ തടഞ്ഞു. നാട്ടുകാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എത്തി.
ബെംഗളൂരുവിലേക്കു സര്‍വ്വീസ് നടത്തുന്ന ഓറഞ്ച് എന്ന ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതിനെച്ചൊല്ലി വാക്കേറ്റവും സംഘര്‍ഷവും. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് ബസ് ജീവനക്കാര്‍ ആരോപിച്ചു. യാത്രക്കാരുടെ പ്രതിഷേധനംമീലം ബസ് ഒന്നര മണിക്കൂറിനുശേഷം വിട്ടുകൊടുത്തു.
എല്‍ഡിഎഫ് മുസ്ലിം ലീഗിനെ റാഞ്ചാന്‍ ഏറെക്കാലമായി ശ്രമിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവ കേരള സദസ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതാണ്. മഞ്ചേശ്വരത്തെ ലീഗ് എംഎല്‍എ നവകേരള സദസില്‍ പങ്കെടുക്കാതിരുന്നതു കോണ്‍ഗ്രസ് വിലക്കിയതുമൂലമാണെന്ന പിണറായിയുടെ ആരോപണം അസംബന്ധമാണെന്നും ചെന്നിത്തല.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പറന്തല്‍ പറപ്പെട്ടി മുല്ലശ്ശേരില്‍ പത്മകുമാര്‍ (48) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനെ ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം കാക്കനാട്ടെ ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു.
കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡില്‍ അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ അറസ്റ്റു ചെയ്തു. മയക്കുമരുന്നു കേസുകളില്‍ പ്രതിയായ ജിതിന്‍ റോസാരിയോ (29) അക്ഷയ് (27) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
മലപ്പുറം കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി മണല്‍പറമ്പില്‍ റഷീദ് ആണ് പിടിയിലായത്.
115 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായ യുവാവിന് പത്തു വര്‍ഷം കഠിന തടവ്. പട്ടാമ്പി സ്വദേശി സുഹൈല്‍ എന്ന യുവാവിനെയാണ് പാലക്കാട് രണ്ടാം അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
ദീപാവലിക്ക് വീടു ദീപാലംകൃതമാക്കാന്‍ പോസ്റ്റില്‍നിന്ന് നേരിട്ട് വൈദ്യുതി അപഹിച്ചതിന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി 68,526 രൂപ പിഴയടച്ചു. ജെപി നഗറിലെ വസതിയിലേക്കാണു വൈദ്യുതി മോഷ്ടിച്ചത്. പിഴത്തുക കണക്കാക്കിയ രീതി നീതിപൂര്‍വമല്ലെന്ന് കുമാരസ്വാമി ആരോപിച്ചു.
ഹലാല്‍ മുദ്രണം ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. കയറ്റുമതിക്കായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.