ശിശുദിനമായ ഇന്ന് കൊടും ക്രൂരതയ്ക്ക് വധശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും, കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നും കോടതി അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ ഉടന്‍തുടങ്ങണമെന്ന അപേക്ഷയും കോടതിയില്‍ നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കോടതിയില്‍ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കൃത്യം നടന്ന് 99-ാം ദിവസം കേസിൽ പ്രതി അസ്ഫാക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 110-ാം ദിവസം ശിക്ഷ വിധിക്കുകയുമാണ് ഉണ്ടായത്.
ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കേസ് വിചാരണ വേഗത്തില്‍ നടത്തിയത് മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ജ്. പൊലീസിനും പ്രോസിക്യൂഷനും ആദരമെന്നും , ഇനി ഒരുകുട്ടിയും ആക്രമിക്കപ്പെടരുതെന്നും വീണാ ജോര്‍ജ് പറഞ്ഞു. അതോടൊപ്പം വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പരമാവധി ശിക്ഷ നല്‍കാനും നാട്ടുകാരും മാധ്യമങ്ങളും സഹായിച്ചെന്ന് വിധികേട്ട ശേഷം എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.
വിധിയിൽ താൻ പൂർണതൃപ്തനാണെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്. കേസ് അപൂർവങ്ങളിൽ അപൂർവമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 302 വകുപ്പ് പ്രകാരമാണ് തൂക്കുകയർ വിധിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഹെെക്കോടതിയുടെ സ്ഥിരീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അഞ്ചുവയസ്സുകാരി അതിക്രൂരമായ കൊല ചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷിയായ ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദ്ദീൻ പ്രതിക്ക് വധശിക്ഷ കിട്ടിയതിനെ തുടർന്ന് മാർക്കറ്റിൽ മധുരം വിതരണം ചെയ്തു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇത് പാഠമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് ടൈറ്റാനിയം മുൻ ജീവനക്കാരൻ ജയൻ നൽകിയ ഹർജിയിൽ സിബിഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസിൽ ആരോപണം നേരിടുന്നത്.
സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ.ബാലഗോപാലിന്‍റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണെന്നും, അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ് മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിനെന്ന് രമേശ് ചെന്നിത്തല. പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്നും, കോൺഗ്രസ് അവിടെ തന്നെ റാലി നടത്തും. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. ഈ വിഷയത്തിൽ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് എരവന്നൂർ എയുപി സ്കൂളിൽ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റു. കുട്ടികളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പരാതി ഉണ്ടായിരുന്നു. ഇതാണ് സംഘർഷത്തിലെത്തിയത്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നാല് മാസത്തെ കുടിശ്ശിക പട്ടികവർഗ വകുപ്പ് കരാറുകാർക്ക് നൽകാതിരുന്നതിനെ തുടർന്ന് വിദ്യാവാഹിനി പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിച്ചിരുന്നില്ല, ഇതേ തുടർന്ന് ഒരു മാസത്തെ പണം കരാറുകാർക്ക് നൽകിയിരിക്കുകയാണ് പട്ടികവർഗവകുപ്പ്. ബാക്കി തുക 15 ദിവസത്തിനുള്ളിൽ നൽകുമെന്നും ഉറപ്പ് നൽകി.
ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മർദ്ദിച്ച മുതലക്കുളങ്ങര വീട്ടിൽ രാധാകൃഷ്ണനെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പറമ്പിൽ ആട് കയറി പൈനാപ്പിൾ ചെടികൾ നശിപ്പിച്ചു എന്നാരോപിച്ച് ആടിനെ ഉപദ്രവിച്ചിരുന്നു. ഇത് വീട്ടമ്മയുടെ മകൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ ആക്രമിച്ചത്. കൊലപാതകശ്രമത്തിനുൾപ്പടെയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇവ രണ്ടിന്റെയും സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴ പെയ്യുമെന്നാണ് അറിയിപ്പ്.
കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി ഉള്‍വനത്തില്‍ ഇന്നലെ രാത്രിയിലും വെടിവെയ്പ്പുണ്ടായതായി സൂചന. രാത്രിയില്‍ ഇടയ്ക്കിടെ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രത്യേക ദൗത്യ സംഘം വനമേഖലയില്‍ തുടരുകയാണ്.
മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പുഴനാട് ലയോള സ്കൂൾ അധ്യാപിക അഭിരാമി കാർ ഇടിച്ചു മരിച്ചു. സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ പിഎസ്‌സിക്ക് സമാനമായ സംവിധാനമാണ് കർണാടകയിലെ എക്സാമിനേഷൻ അതോറിറ്റി. അതോറിറ്റിയുടെ ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് സംസ്ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം, അരിയല്ലൂർ, കടലൂർ, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ ടണൽ തകർന്നു കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ദൗത്യം തുടരുന്നു. തുരങ്കകവാടത്തിലുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകട കാരണം. 40പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നത്. അതോടൊപ്പം അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്ക അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ സംഘം അന്വേഷിക്കും.
മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ നാളെ കിക്കററ് ലോകകപ്പ് സെമി ഫൈനൽ മൽസരങ്ങൾ ആരംഭിക്കും. ആദ്യ മൽസരം ഇന്ത്യയും ന്യൂസീലാൻഡും തമ്മിൽ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.
പരുക്കിനെ തുടർന്ന് നാലാഴ്ചത്തെ വിശ്രമത്തിനു ശേഷം ഇന്ത്യൻ ബാഡ്മിൻറൻ താരം എച്ച് എസ് പ്രണോയ് ഇന്നാരംഭിക്കുന്ന ജപ്പാൻ മാസ്റ്റേഴ്സ് 500 ടൂർണമെൻറിൽ മൽസരിക്കും. പിവിസിന്ധു, ലക്ഷ്യ സെൻ എന്നീ താരങ്ങളും ടൂർണമെൻറിൽ മൽസരിക്കുന്നുണ്ട്.