ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെ ചൊല്ലി നാട്ടുകാരും പൊലീസും തമ്മിൽ സംഘര്‍ഷം. മണ്ണെടുക്കാൻ വന്ന ലോറികൾ നാട്ടുകാർ തടഞ്ഞു. റോഡ് ഉപരോധ സമരം ഉള്‍പ്പെടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. പൊലീസ് സ്ഥലത്തുനിന്ന് പിന്‍വാങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണെടുപ്പ് മൂലം പാറ്റൂർ കുടിവെള്ള ടാങ്ക് തകരുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാത നിർമാണത്തിനായി മണ്ണെടുപ്പിനെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് പി.ജെ ജോസഫ്.സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ ഇല്ല. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതായും പിജെ ജോസഫ് പറഞ്ഞു.
ചിക്കുന്‍ ഗുനിയ എന്ന കൊതുക് ജന്യ രോഗത്തിന് ലോകത്ത് ആദ്യമായി വാക്സീന് കണ്ടുപിടിച്ചു. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നല്കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന് എടുക്കാമെന്നാണ് നിര്‍ദേശം.
മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നുപോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ. ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പലതരത്തിലുള്ള സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലീഗിന് നല്‍കുന്നത്. അതിനാല്‍ തന്നെ ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. ലീഗിന് അധികകാലം ഇത് തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്റ് ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിൽ, ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക. ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിന്റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചത് എൻഐസി സോഫ്റ്റ്വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ലെന്നും ഈ കാലതാമസം അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ബാഹ്യസമ്മർദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരമെന്നും കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു എന്നും സെക്രട്ടറിയേറ്റിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തെക്കുറിച്ച് ഇ പി ജയരാജൻ പറഞ്ഞിരുന്നു എന്നാൽ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ സമരം നടത്തിയത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ലെന്നും, സർക്കാരിൽ നിന്നും പണം കിട്ടാതെ കടക്കെണിയിൽ ആയതോടെ ഗതികെട്ടാണ് സമരം നടത്തിയതെന്നും മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ വ്യക്തമാക്കി.
ആന്ധ്രയിൽ നിന്നുള്ള ഒരു സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദളങ്ങളെ ശക്തിപ്പെടുത്താൻ കേരളത്തിൽ എത്തിയതായി സൂചന. ഇയാളെത്തിയ ശേഷം ശക്തി തെളിയിക്കാനാണ് കമ്പമലയിൽ വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ചു തകർത്തതെന്നാണ് റിപ്പോർട്ട്.
ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതിയിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ ഒരാഴ്ചയായി സ്കൂളില്‍ പോകാതെ ഊരിനുള്ളില്‍ കഴിയുകയാണ് അടിമാലി കുറത്തികുടിയിലെ 35 കുട്ടികള്‍. നാല് മാസത്തെ കുടിശിക കിട്ടാതെ വാഹനമോടിക്കില്ലെന്ന് കരാറുകാർ നിലപാടെടുത്തതോടെയാണ് കുട്ടികള്‍ക്ക് സ്ക്കൂളിൽ പോകാൻ പറ്റാതായത്. എന്നാൽ പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്നാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ വിശദീകരണം.
ഒരുമാസത്തെ ക്ഷേമപെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിതരണം അടുത്തയാഴ്ച മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന . ക്ഷേമപെന്ഷന് വിതരണത്തിന് വേണ്ട 900 കോടി രൂപ ഇതുവരെ തികയ്ക്കാനാവാത്തതാണ് കാരണം. നാലുമാസത്തെ ക്ഷേമപെന്ഷന് കുടിശികയുണ്ടെങ്കിലും. ഇതില്‍ ഒരുമാസത്തെ കുടിശിക നല്‍കാനാണ് ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്. 900 കോടി ഇതിനായി മാറ്റിവയ് ക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വാര്‍ത്താക്കുറിപ്പിറക്കിയെങ്കിലും എന്ന് വിതരണം തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ചെഗുവേരയുടെ പേരില്‍ സംഘടിപ്പിക്കുന്ന ചെസ് ഫെസ്റ്റിന് ചെലവിടുന്നത് 87.69 ലക്ഷം രൂപ. ഇതിനായി കായികവകുപ്പ് തയാറാക്കിയ ബജറ്റിന് ഭരണാനുമതി നല്കി. കായിക വികസന നിധിയിൽ പണമില്ലാത്തതിനാൽ കായിക സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കാൻ നീക്കിവച്ച ഫണ്ടിൽനിന്നാണ് ഇതിനുള്ള തുക വകമാറ്റുന്നതെന്നാണ് റിപ്പോർട്ട്.
ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് വർക്കല പാലച്ചിറ പുഷ്പക വിലാസത്തിൽ സന്തോഷിന്റെയും അരുവിയുടെയും മകൻ സരുണിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് 4 മണിയോടെ നരിക്കല്ലു മുക്കിൽ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് ബൈക്കിൽ വരികയായിരുന്ന സരുണിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.
മഹുവ മൊയ്ത്ര എംപിയിലൂടെ രാജ്യസുരക്ഷവിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. ജമ്മുകാശ്മീര്‍ പുനസംഘടന ബില്‍, മുത്തലാക്ക് ബില്ലടക്കം ഇരുപത് ബില്ലുകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ മുന്‍കൂറായി പരിശോധിക്കാന്‍ ഇക്കാലയളവില്‍ എംപിമാര്‍ക്ക് നല്‍കിയിരുന്നു. പാര്‍ലമെന്റ് അക്കൗണ്ട് ഉപയോഗിച്ച ഹിരാനന്ദാനി ഗ്രൂപ്പ് സ്വാഭാവികമായും ഉള്ളടക്കം കണ്ടിരിക്കാമെന്നാണ് എത്തിക്സ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.
പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്കെതിരെ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എത്തിക്സ് കമ്മിറ്റി ഇല്ലാത്ത അധികാരം പ്രയോഗിച്ച് തന്നെ പുറത്താക്കാൻ നോക്കുന്നുവെന്നും, എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കുന്ന ആദ്യ എം പി എന്ന നിലയിൽ അഭിമാനം തോന്നുന്നു. 2024ല്‍ ഇതിലും വലിയ ഭൂരിപക്ഷത്തോടെ താന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തുമെന്നും മഹുവ പറഞ്ഞു.
ട്രാന്‍സ് വ്യക്തി അവർ ഹോർമോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവർക്ക് മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് ഫ്രാന്‍സിസ് മാർപ്പാപ്പ. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല.
ദില്ലിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രം. സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു. 93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. പക്ഷെ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പൂർണ്ണമായി തടയാനാവുന്നില്ലെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി.
മഹാദേവ് ആപ്പ് അഴിമതികേസിൽ മുഖ്യമന്ത്രി ബാഗേലിനെതിരെ കടുത്ത ആരോപണവുമായി അജിത് ജോഗിയുടെ മകനും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് അധ്യക്ഷനുമായ അമിത് ജോഗി. മഹാദേവ് ആപ്പിന് പാക്കിസ്ഥാൻ ബന്ധമുണ്ടെന്നും കേസിൽ എൻഐഎ അന്വേഷണം വേണമെന്നും അമിത് ജോഗി പറഞ്ഞു.
ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ ഹമറിയ മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് നഗരസഭയുടെ അറിയിപ്പ്.ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ലിവർപൂളിന്റെ കൊളംബിയന്‍ ഫുട്ബോള്‍ താരം ലൂയിസ് ഡയസിന്റെ പിതാവിനെ മോചിപ്പിച്ച് നാഷണൽ ലിബറേഷൻ ആർമിയുടെ ഗറില്ലാ സംഘം.ഞായറാഴ്ച പ്രീമിയർ ലീഗ് മത്സരത്തില്‍ ലൂടണെതിരായ ഗോള്‍ നേട്ടത്തിന് പിന്നാലെ പിതാവിനെ വിട്ടയ്ക്കണം എന്ന ആവശ്യമുള്ള ടീ ഷര്‍ട്ട് ലൂയിസ് ഡയസ് .
ഏകദിന ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. അഹമ്മദാബാദിൽ ഉച്ച കഴിഞ്ഞ് രണ്ടിനാണ് മത്സരം.