തലശ്ശേരി കോടതിയിലെ ജഡജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സിക വൈറസ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ശരീരത്തില്‍ തടിപ്പ്, ക്ഷീണം, പനി തുടങ്ങിയവയായിരുന്നു രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ലക്ഷണങ്ങളായി കാണപ്പെട്ടത്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണു ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ കാരണക്കാരനായത്. ഇതേ കൊതുകുകള്‍ തന്നെയാണ് സിക വൈറസിന് പിന്നിലും. ഈ അപകടകാരിയായ വൈറസ് ബാധ ഈഡിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളാണ് പടര്‍ത്തുന്നത്. സിക എന്നത് ഒരു ആര്‍എന്‍എ വൈറസാണ്. ഫ്ളേവി വൈറസ് എന്ന കുടുംബത്തില്‍ വരുന്ന ഈ വൈറസ് കൊതുകു വഴിയാണ് പടരുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലമുണ്ടാകും. എന്നാല്‍ ഗര്‍ഭസ്ഥശിശുക്കളെയാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വൈറസ് ബാധിക്കുന്ന ഗര്‍ഭസ്ഥശിശുക്കള്‍ ജനിക്കുമ്പോള്‍ തല ചെറുതായ അവസ്ഥയിലായിരിക്കും. പുറത്ത് വെള്ളയും കറുപ്പുമായി രണ്ടു വരയുള്ള കൊതുകുകളാണിത്. പുലര്‍ച്ചെയും സന്ധ്യ സമയത്തുമാണ് ഇവ പണി തരുന്നത്. മറ്റു കൊതുകുകള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാണ് മുട്ടയിടുന്നതെങ്കില്‍ ഈഡിസ് കൊതുകുകള്‍ ഒരു പ്രദേശത്തു മുഴുവന്‍ മുട്ടിയിടും. മാത്രമല്ല ഒരു വര്‍ഷം വരെ ഇവയുടെ മുട്ട കേടു കൂടാതെയിരിക്കും. കൂടാതെ മറ്റു കൊതുകുകളെ പോലെ മുട്ട വിരിയാന്‍ അത്ര സമയം ഇവയ്ക്ക് വേണ്ട. വീടിനും സമീപത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. ചെടിച്ചട്ടി, വീടിനു സമീപം കിടക്കുന്ന പാഴ്വസ്തുക്കള്‍, ചിരട്ടകള്‍, ടയറുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുണ്ട്, ഇത് ഒഴിവാക്കണം. ഫ്രിഡ്ജില്‍ നിന്നു വെള്ളം ശേഖരിക്കുന്ന ട്രേയില്‍ വരെ ഈഡിസ് കൊതുകു മുട്ടയിട്ടു വളരാം.
സിക വൈറസ് പരത്തുന്നതും കൊതുകുകള്‍ തന്നെ!
