എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് ഭാരത് എന്നു തിരുത്തണമെന്ന് എന്‍സിഇആര്‍ടി. പാഠ്യപദ്ധതി പരിഷ്‌കരണ സമിതിയാണ് എന്‍ സി ഇ ആര്‍ ടി ക്കു ശുപാര്‍ശ നല്‍കിയത്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എന്‍സിഇആര്‍ടി അധികൃതര്‍ പ്രതികരിച്ചു.
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാര്‍ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉഭയ സമ്മതമില്ലാതെയുള്ള സ്വവര്‍ഗരതിയും കുറ്റകരമാക്കണമെന്ന് കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31 ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിക്കണമെന്നും ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്നതു പിന്‍വലിക്കണമെന്നുമാണു ബസുടമകളുടെ ആവശ്യം. അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
തിയറ്ററുകളില്‍ സിനിമയെ മോശമാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ്. ഇതാദ്യമായാണ് ഈ കുറ്റത്തിനു കേസെടുക്കുന്നത്. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. യൂട്യൂബും ഫേസ്ബുക്കും അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസ്.
സിനിമ ഓണ്‍ലൈന്‍ റിവ്യൂവിംഗിനെതിരായ ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയില്‍ പ്രത്യേക പ്രോട്ടോക്കോള്‍ ഫയല്‍ ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അപകീര്‍ത്തിപ്പെടുത്തിയാല്‍ കേസെടുക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,038 സ്‌കൂളുകള്‍ക്ക് കുടിശ്ശികയൊന്നും നിലവില്‍ നല്‍കാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകള്‍ക്ക് ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പദ്ധതി നടത്തിപ്പ് ചെലവിനുള്ള തുക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും കളവു പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മലപ്പുറം തിരൂര്‍ കാട്ടിലപള്ളിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. നേരത്തെ പിടിയിലായ ഒന്നാംപ്രതിയുടെ പിതാവും സഹോദരന്മാരുമാണ് അറസ്റ്റിലായത്. രണ്ടാം പ്രതി അന്‍ഷാദ്, മൂന്നാം പ്രതി അജ്രിഫ്, നാലാം പ്രതി ആലിക്കുട്ടി എന്നിവരെയാണു പിടികൂടിയത്. ശനിയാഴ്ചയാണ് കാട്ടിലപള്ളി സ്വദേശി സ്വാലിഹ് മരിച്ചത്.
വാളയാര്‍ കേസിലെ പ്രതിയായ കുട്ടിമധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മധുവിന്റെ അമ്മയും നീതി സമര സമിതിയും ആലുവ റൂറല്‍ എസ്പിക്കും സിബിഐക്കും കത്തു നല്‍കി. പ്രതികള്‍ ദുരൂഹമായി മരിക്കുന്നതിനു പിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും കേസന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും ഇവര്‍ ആരോപിച്ചു.
സൗദി യുവതി നല്‍കിയ പീഡന പരാതിയില്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ പൊലീസ് ചോദ്യം ചെയ്തു. ഇടക്കാല മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയനുസരിച്ചാണ് പോലീസിനു മുന്നില്‍ ഹാജരായത്. സൗദി പൗരയായ 29 കാരിയാണ് പരാതിക്കാരി.
ടാര്‍ഗറ്റ് നേടിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളമുള്ളൂവെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇടതു സര്‍ക്കാരിനു ചേര്‍ന്ന നിലപാടല്ലെന്നും പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിലേക്ക് 20 ലക്ഷം നിക്ഷേപവുമായി ഒരു സഹകരണ സംഘം. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരു കൊല്ലത്തേക്ക് നിക്ഷേപിച്ചത്.
കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്‌വദേശി രാഹുല്‍ ഡി നായര്‍ എന്ന 24 കാരനാണു മരിച്ചത്.
കണ്ണൂര്‍ പെരിങ്ങോം കങ്കോലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പയ്യന്നൂര്‍ പോലീസില്‍ കീഴടങ്ങി.
സ്വകാര്യ ബസ് ഡ്രൈവര്‍ ബസില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം പേയാട് കുണ്ടമണ്‍കടവ് പാലത്തിന് സമീപമാണ് നിര്‍ത്തിയിട്ട സൂര്യ മോട്ടോഴ്‌സ് എന്ന ബസിലാണ് മരുതുംകുഴി സ്വദേശി പ്രശാന്ത് മരിച്ചത്.
പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന വെളിപെടുത്തലുകളുമായി ജമ്മുകാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി സംസാരിക്കുന്ന വീഡിയോ രാഹുല്‍ഗാന്ധി പുറത്തുവിട്ടു. പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികരുടെ മൃതദേഹം കാണാന്‍പോയ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി എത്താനിരിക്കെയാണ് പൂട്ടിയിട്ടത്. ആതിഖ് അഹമദ്ദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത് പുല്‍വാമയിലെ ചര്‍ച്ച ഒഴിവാക്കാനെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് സത്യപാല്‍ മാലിക്ക് പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനൂകൂല ശുപാര്‍ശയുമായി ദേശീയ നിയമകമ്മീഷന്‍. രാംനാഥ് കോവിന്ദ് സമിതിക്ക് അടുത്ത ആഴ്ച്ചയോടെ റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം.
തമിഴ്നാട്ടില്‍ രാജ്ഭവനിലേക്ക് ബോംബെറിഞ്ഞു. സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ അറസ്റ്റു ചെയ്തു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പെട്രോള്‍ ബോംബെറിഞ്ഞത്. നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പു വയ്ക്കാത്തതില്‍ പ്രതിഷേധിച്ചതാണെന്നാണ് പ്രതി പറഞ്ഞത്.
ആഗ്രയില്‍ പത്തല്‍കോട്ട് എക്‌സ്പ്രസില്‍ തീപിടിത്തം. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷന്രികിലാണ് തീപിടിച്ചത്. ആളപായമില്ല.
നിരോധിക്കപ്പെട്ട നോട്ടുകള്‍ തന്നാല്‍ പുതിയ നോട്ടുകളാക്കിത്തരാമെന്ന മന്ത്രവാദിയുടെ വാഗ്ദാനമനുസരിച്ചാണ് പഴയ നോട്ടുകള്‍ ശേഖരിച്ചതെന്ന് 47 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പിടിയിലായാള്‍. പിടിയിലായ മൊറേന സ്വദേശിയായ സുല്‍ത്താന്‍ കരോസിയ പൊലീസ് കസ്റ്റഡിയിലാണ്.
എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുംവരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍. ഇതേസമയം, ഇന്ധനമില്ലാതെ ഗാസ കൂട്ട മരണത്തിന്റെ വക്കിലാണ്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 2,360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് വെളിപെടുത്തി.
ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കരുതെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകാതെ ശ്രദ്ധിക്കണമെന്നും ഒബാമ.