ഒക്ടോബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ മികച്ച വര്‍ദ്ധന. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വാരം വിദേശ നാണ്യ ശേഖരം 115 കോടി ഡോളര്‍ വര്‍ദ്ധിച്ച് 58590 കോടി ഡോളറായി. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം ഈ കാലയളവില്‍ 126 കോടി ഡോളര്‍ ഉയര്‍ന്ന് 4457 കോടി ഡോളറിലെത്തി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യത്തിലും പത്ത് ലക്ഷം ഡോളറിന്റെ വര്‍ദ്ധനയുണ്ട്. 2021 ഒക്ടോബറില്‍ രാജ്യത്തെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 64,500 കോടി ഡോളര്‍ വരെയെത്തിയതിനു ശേഷമാണ് കുത്തനെ കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം അസാധാരണമായി ഉയര്‍ന്നതോടെ രൂപയ്ക്ക് പിന്തുണ നല്കാന് റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുകയായിരുന്നു. രൂപയുടെ സ്ഥിരതയ്ക്കായി റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വിപണിയില്‍ ഇടപെടുന്നതിനാല്‍ രാജ്യത്തെ വിദേശ നാണയ ശേഖരം ആറ് മാസത്തിന് മുമ്പ് കുത്തനെ കുറഞ്ഞിരുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുന്നതും വ്യാവസായിക രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വിദേശ നാണ്യ ശേഖരം ഇനിയും കൂടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ വര്‍ദ്ധിപ്പിക്കാനിടയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായേക്കും.