ഇനി ഒറ്റ ഫോണില്‍ ഓഫീസ് നമ്പറിലെ വാട്സാപ്പും വ്യക്തിഗത വാട്സാപ്പും സുരക്ഷിതമായി ഉപയോഗിക്കാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് മെറ്റ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് രണ്ട് വാട്സാപ്പ് സൗകര്യം ഉടന്‍ ലഭ്യമാകുക. പുതിയ സൗകര്യത്തിനായി ഐ ഫോണുകാര്‍ക്ക് കാത്തിരിക്കണം. രണ്ട് സിം കാര്‍ഡുള്ളവര്‍ക്ക് ഈ സൗകര്യം എളുപ്പത്തില്‍ ആക്റ്റിവേറ്റ് ചെയ്യാം. മള്‍ട്ടി സിം ഇല്ലെങ്കില്‍ ഇ-സിം സൗകര്യമുള്ള ഫോണായിരുന്നാലും മതി. രണ്ടാമത്തെ ഫോണ്‍ നമ്പര്‍ വഴിയാണ് ഒന്നിലേറെ വാട്സാപ്പ് ലോഗിന്‍ സാധ്യമാവുന്നത്. ഇതിനു ശേഷം രണ്ടാമത്തെ വാട്സാപ്പ് സെറ്റിംഗ്സില്‍ കയറി നിങ്ങളുടെ പേരിന് സമീപമുള്ള ആഡ് അക്കൗണ്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. രണ്ടാമത്തെ വാട്‌സാപ്പ് അക്കൗണ്ടിനായി നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി അയയ്ക്കും. ഇതുപയോഗിച്ച് രണ്ടാമത്തെ വാട്സാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. രണ്ടാമത്തെ വാട്സാപ്പിലും ആദ്യത്തേത് പോലെ തന്നെ വെബ് വാട്സാപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരിക്കും. നേരത്തെ മുതല്‍ തന്നെ ചില സ്മാര്‍ട്ട്ഫോണുകളില്‍ ഈ സൗകര്യമുണ്ടായിരുന്നു. ആപ് ക്ലോണ്‍, ഡ്യുവല്‍ ആപ്പ് സെറ്റിംഗ്സ് ആക്റ്റിവേറ്റ് ചെയ്യല്‍ എന്നിവയിലൂടെയായിരുന്നു അത്. രണ്ട് നമ്പറുകള്‍ വേണമെന്നു മാത്രം. എന്നാല്‍ പുതിയ അപ്ഡേറ്റിലൂടെ രണ്ടാമതൊരു വാട്സാപ്പ് ഇനി എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭിക്കും.