ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിനുനേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതേ സമയം, പലസ്തീനികള്‍ക്ക് എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പലസ്തീന് പ്രസിഡന്റിനോട് സംസാരിച്ചെന്നും മോദി പറഞ്ഞു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കാനുള്ള തടസം നീങ്ങി. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15 ലെ ചൈനീസ് ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം വെളിപെടുത്തിയത്. കപ്പലിന് ആഘോഷപൂര്‍വം സ്വീകരണം നല്‍കിയിട്ടും ചൈനക്കാരായ വിദഗ്ധ ജീവനക്കാര്‍ക്കു തുറമുഖത്ത് ഇറങ്ങാന്‍ അനുമതി ലഭിക്കാതിരുന്നതിനാല്‍ ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.
കിടത്തി ചികിത്സ ഇല്ലാത്തതിന്റെ പേരില്‍ പോളിസി ഉടമക്ക് ഉന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍, ഇന്‍ഷുറന്‍സ് പരീരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്നു നിര്‍ബന്ധമാക്കാനാവില്ല. യൂണിവേഴ്സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അമ്മയുടെ കണ്ണു ശസ്ത്രക്രിയക്ക് ക്ലെയിം നിഷേധിച്ചതിനു നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്കാന് കോടതി ഉത്തരവിട്ടു.
കാലവര്‍ഷം പൂര്‍ണമായും പിന്മാറിയെന്നും 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ദക്ഷിണേന്ത്യയില്‍ ആരംഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അമേഠിയില്‍ തന്നോടു വീണ്ടും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്കു ധൈര്യമുണ്ടോയെന്നു വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കേന്ദ്രത്തില്‍ സഖ്യത്തിലുള്ള കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും സ്മൃതി ഇറാനി കൊച്ചിയില്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ടു പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെളിവായി ശബ്ദരേഖ ഉണ്ടെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി. രേഖകള്‍ സീല്‍ ചെയ്ത കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ നാലാം പ്രതി ബാസിതിന്റെ ജാമ്യ അപേക്ഷ കോടതി തളളി. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിരസിച്ചത്. എഐഎസ്എഫ് നേതാവായിരുന്ന ബാസിത് ആണ് ഹരിദാസനെ മറ്റ് പ്രതികള്‍ക്ക് പരിചയപ്പെടുത്തിയതെന്നു പ്രോസിക്യൂട്ടര്‍ വാദിച്ചു. അഖില്‍ മാത്യുവിനു പണം കൈമാറിയതായി കള്ളക്കഥ ചമച്ചതും ഹരിദാസനെ കൊണ്ട് പിഎ ക്കെതിരെ പരാതി നല്കിച്ചതും ബാസിത് ആണെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.
കേരളപ്പിറവിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവന്തപുരത്തു സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടി പൊതുഖജനാവ് കൊള്ളയടിക്കാനുള്ള പരിപാടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുപോലും പണമില്ലാത്തപ്പോള്‍ 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം നടത്തേണ്ടതുണ്ടോയെന്നു ചെന്നിത്തല ചോദിച്ചു.
വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ സിപിഐ തീരുമാനമായിരുന്നെന്ന് സിപിഐ മുതിര്‍ന്ന നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മയില്‍. എന്നാല്‍ വിഎസ് അതു സ്വന്തം പദ്ധതിയാക്കി മാറ്റുകയായിരുന്നെന്നും ഇസ്മയില്‍ പറഞ്ഞു. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതാണമെന്നും ഇസ്മയില്‍ അഭിപ്രായപ്പെട്ടു.
പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളജിലെ പ്രിന്‍സിപ്പാളിനെ മാറ്റി. പ്രിന്‍സിപ്പലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം നടത്തി വരികയായിരുന്നു. പ്രിന്‍സിപ്പല്‍ രാജിവച്ചതോടെ എസ്എഫ്ഐ സമരം അവസാനിപ്പിച്ചു. ഹാജര്‍ രേഖകളില്‍ പ്രിന്‍സിപ്പല്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ സര്‍വകലാശാല പ്രിന്‍സിപ്പലിനെ മാറ്റണമെന്നു കോളേജിനോട് ആവശ്യപ്പെട്ടിരുന്നു.
അട്ടപ്പാടി ബോഡിചാള മലയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. സമ്പാര്‍ക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
മലപ്പുറം തിരൂരില്‍ മാര്‍ബില്‍ ശരീരത്തിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഭാസി ആണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ബിജെപി സഖ്യത്തെ എതിര്‍ത്ത ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിമിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് ഡി കുമാരസ്വാമി കര്‍ണാടക ജെഡിഎസ് അധ്യക്ഷനാകും.
സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ സിബിഐ രാജ്യത്തെ 76 ഇടങ്ങളില്‍ നടത്തിയ ഓപറേഷന് ചക്ര റെയ്ഡില്‍ 32 മൊബൈല്‍ ഫോണുകളും 48 ലാപ് ടോപ്പുകളും പിടിച്ചെടുത്തു.
ഇസ്രയേല്‍ -ഹാമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനു പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.