*1985ലെ മികച്ച ജനപ്രിയ സിനിമ ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്നാണ് വിവരം.
◾തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് കാലത്ത് കുരങ്ങിനും നായക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏത് ഏജന്‍സി എഴുതി കൊടുത്തിട്ടാണെന്ന് പറയിക്കരുതെന്നും പിണറായി വിജയന്റെ മേക്കോവര്‍ നടത്തിയ ഏജന്‍സി ഏതെന്ന് അറിയാമെന്നും സതീശന്‍ പറഞ്ഞു. രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കെപിസിസി രാഷ്ട്രീയകാര്യ യോഗത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് മുംബൈയില്‍ നിന്നുള്ള പിആര്‍ ഏജന്‍സിയെ എല്ലാ ശനിയാഴ്ചയും ക്ലിഫ് ഹൗസില്‍ കയറ്റിയിരുത്തി ചര്‍ച്ച നടത്തിയിട്ട് ഇങ്ങനെ പറയാന്‍ മനുഷ്യനായാല്‍ നാണം വേണ്ടേയെന്നും എന്തൊരു തൊലിക്കട്ടിയാണെന്നും സതീശന്‍ ചോദിച്ചു.
◾വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം എന്ന നിലയില്‍ ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ക്രയിനിന് വാട്ടര്‍ സല്യൂട്ട് നല്‍കുന്നത് ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും ചടങ്ങ് അപഹാസ്യമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. ഇന്നലെ ചെലവാക്കിയ കോടികള്‍ അദാനിയുടേതാണോ സര്‍ക്കാരിന്റേതാണോയെന്ന് ചോദിച്ച മുരളീധരന്‍ .തുറമുഖത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരഭിനന്ദനവും അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾മഹാരാഷ്ട്രയില്‍ നിന്ന് പാല്‍ കൊണ്ടുവന്നതില്‍ ക്രമക്കേട് എന്ന മില്‍മ ഓഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി. ക്രമക്കേട് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേര്‍സ് സ്‌കീം എന്നാക്കു എന്ന് ഹൈക്കോടതി. കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിന് പണം നല്‍കണമെന്നും എന്തിനാണ് ജീവനക്കാര്‍ക്ക് ബാധ്യത ഉണ്ടാക്കുന്നതെന്നും കോടതി ചോദിച്ചു.
◾രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി താരിഖ് അന്‍വര്‍. കഴിഞ്ഞ തവണ കേരളത്തില്‍ 19 സീറ്റുകളിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ 20 ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾സുരേഷ് ഗോപിയുടെ പദയാത്രക്ക് ലഭിച്ച സ്വീകാര്യത കേരളം മാറ്റമാഗ്രഹിക്കുന്നതിനുള്ള തെളിവാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 5 സീറ്റുകള്‍ നേടുമെന്നും കുറഞ്ഞത് അറുപത് സീറ്റുകള്‍ നേടി ഇത്തവണ തെലങ്കാന ബിജെപി പിടിക്കുമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
◾തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി നാളെയോടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾എസ് കെ എസ് എസ് എഫ് അധ്യക്ഷന്‍ ഹമീദലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ മുസ്ലീം ലീഗില്‍ നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ് അനുനയ നീക്കവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്തയായി വന്നതെന്നും തങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം ഹമീദലി തങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് വിശദീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.
◾കോണ്‍ഗ്രസ് ഭരിക്കുന്ന ഇടുക്കിയിലെ സഹകരണബാങ്കിനെതിരെ അഴിമതി ആരോപണം. നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെയാണ് പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തിയത്. 36 കോടി രൂപ തട്ടിച്ചെന്നാണ് ആരോപണം.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന്‍ അമല്‍ദാസാണ് മരിച്ചത്. 22 വയസ്സായിരുന്നു.
◾എരുമേലി എലിവാലിക്കരയില്‍ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മര്‍ദ്ദനം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരില്‍ വി ജി ശ്രീധരനാണ് വനിതാ എസ് ഐ ശാന്തി കെ ബാബുവിനെ ആക്രമിച്ചത്. പിന്നീട് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
◾സ്‌കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറി കോഴിക്കോട് വേങ്ങേരിയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു ഭാര്യ ജീമ എന്നിവരാണ് മരിച്ചത്.
◾കണ്ണൂരില്‍ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി പമ്പില്‍ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചു. ആളുകള്‍ ഓടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല.
◾സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഇന്നലെ ആരോപണം ഉന്നയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്ത് നല്‍കിയത്. അതേസമയം മഹുവ അന്വേഷണത്തെ സ്വാഗതം ചെയ്തു. ദുബെയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് ഹിരണ്‍ അന്ദാനി ഗ്രൂപ്പും പ്രതികരിച്ചു
◾ഗാസയ്ക്കു മേലുള്ള ഇസ്രായേലിന്റെ അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ലെന്നും അതിനാല്‍ പലസ്തീന്‍ അതോറിറ്റി നിലനില്‍ക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു.
◾ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്നും നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയും പറഞ്ഞു.
◾ഒഴിഞ്ഞു പോകണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷംപേര്‍ പലായനം ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍. അതിനിടെ പലസ്തീനില്‍ കുടുങ്ങിയ വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും.
◾ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഗാസ നിവാസികളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ സൂക്ഷിച്ചിരിക്കുന്നത് ഐസ്‌ക്രീം ട്രക്കുകളില്‍. ആശുപത്രികളിലെ മോര്‍ച്ചറികള്‍ നിറഞ്ഞതുകൊണ്ടാണ് മൃതദേഹങ്ങള്‍ ഐസ് ക്രീം ട്രക്കുകളില്‍ തന്നെ സൂക്ഷിക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചത്.
◾ഹമാസ് – ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയില്‍ ഉപരോധം നേരിടുന്നവരെ സഹായിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇനിയും ചോര പൊടിയരുതെന്നും സായുധ സംഘടനയായ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു.
◾2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈ യോഗം അന്തിമ അംഗീകാരം നല്‍കി. ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിന്റെ വരവ് ആവേശകരമാണെന്ന് ലോസ് ആഞ്ചലസ് സംഘാടക സമിതി വ്യക്തമാക്കി.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ – ശ്രീലങ്ക മത്സരം. ലഖ്നൗവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. നേരത്തെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഇരു കൂട്ടര്‍ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.
◾രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 87.71 ഡോളറിലാണുള്ളത്. മധ്യേഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം താളംതെറ്റാന്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ഇടവരുത്തുമെന്ന സൂചനകളാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്. യുദ്ധം കനത്താല്‍ സമീപ രാജ്യങ്ങളും എണ്ണ ഉത്പാദനത്തില്‍ നിര്‍ണായക പങ്കുമുള്ള ഇറാന്‍, ഇറാക്ക്, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടേക്കുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് റഷ്യ ഇരട്ടിയോളം വര്‍ധിപ്പിച്ചു. ബാരലിന് 8-10 ഡോളര്‍ ഡിസ്‌കൗണ്ടാണ് റഷ്യ ഇപ്പോള്‍ ഇന്ത്യക്ക് നല്‍കുന്നത്. ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വിഹിതം ഇക്കാലയളവില്‍ 33 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി കൂടുകയും ചെയ്തു. ഓഗസ്റ്റിലെ 30 ശതമാനത്തില്‍ നിന്നാണ് സെപ്റ്റംബറില്‍ 38 ശതമാനത്തിലേക്ക് റഷ്യ വിഹിതം ഉയര്‍ത്തിയത്. അമേരിക്കന്‍ ഡോളറും യു.എ.ഇ ദിര്‍ഹവും നല്‍കിയാണ് ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ ഇപ്പോള്‍ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത്. ഇടക്കാലത്ത് രൂപയിലും ഇടപാടുകള്‍ നടത്തിയെങ്കിലും റഷ്യന്‍ കമ്പനികള്‍ മടികാട്ടിയതോടെയാണ് വീണ്ടും ഡോളറിലേക്കും ദിര്‍ഹത്തിലേക്കും തിരിഞ്ഞത്. ഭാരത് പെട്രോളിയം ഏതാണ്ട് പാതിയോളം ക്രൂഡോയിലും വാങ്ങുന്നത് റഷ്യന്‍ കമ്പനികളില്‍ നിന്നാണ്. ഇന്ത്യന്‍ ഓയിലും, ഹിന്ദുസ്ഥാന്‍ പെട്രോളിയവും മൂന്നിലൊന്ന് ക്രൂഡോയിലും വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഇടക്കാലത്ത് ഇന്ത്യയും റഷ്യയും തമ്മിലെ ഇടപാടിന് ചൈനീസ് കറന്‍സിയായ യുവാനും ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് നിറുത്തി.
◾ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമായി ഓപ്പോയുടെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണായ ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്ലിപ്. ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്ലിപ് സ്മാര്‍ട്ട്ഫോണില്‍ 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് മെയിന്‍ ഡിസ്പ്ലേയാണ് ഉള്ളത്. ഇതിനോടൊപ്പം 1080×2520 പിക്സല്‍ ക്രിസ്റ്റല്‍ ക്ലിയര്‍ റെസലൂഷനും ഉണ്ട്. അമോലെഡ് സ്‌ക്രീനിന് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റാണ് നല്‍കിയിരിക്കുന്നത്. അതേസമയം, ഫോണ്‍ മടക്കിയാല്‍ പുറത്തുകാണുന്ന ഭാഗം 382×720 പിക്സല്‍ റെസലൂഷനോട് കൂടിയ 3.26 ഇഞ്ച് ഡിസ്പ്ലേയാണ്. ഒക്ട കോര്‍ മീഡിയടെക് ഡെമന്‍സിറ്റി 9200 ചിപ്സെറ്റിന്റെ കരുത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് 13-നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 44വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസില്‍ ഓപ്പോ നല്‍കിയിരിക്കുന്നത്. ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്ലിപ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ഒരു സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാം പ്ലസ് 256 ജിബി സ്റ്റോറേജാണ് ഈ ഡിവൈസില്‍ ഉള്ളത്. ഈ വേരിയന്റിന് 94,999 രൂപയാണ് വില. ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്ലിപ്പിന്റെ ഔദ്യോഗിക വില്‍പ്പന ഒക്ടോബര്‍ 22 മുതലാണ് ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഓപ്പോയുടെ വെബ്സൈറ്റില്‍ നിന്ന് പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
◾‘ലിയോ’ സിനിമയുടെ ബുക്കിംഗ് ആരംഭിച്ച ആദ്യ ഒരു മണിക്കൂറില്‍ മാത്രം വിറ്റുപോയത് 80,000 ടിക്കറ്റുകള്‍. ഇന്നലെ രാവിലെ 10നാണ് കേരളത്തില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കേരളത്തില്‍ മാത്രം 6 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റഴിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയുടെ 3.43 കോടിയുടെ റെക്കോഡാണ് ലിയോ തകര്‍ത്തത്. രജനീകാന്ത് ചിത്രമായ ജെയ്‌ലര്‍ ആദ്യദിനത്തില്‍ നേടിയ 5.85 കോടിയുടെ കളക്ഷനും പഴങ്കഥയായി. ബുക്ക് മൈ ഷോ, പേയ്ടിഎം., ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്ലിക്കേഷനുകള്‍ വഴിയും വെബ്‌സൈറ്റ് വഴിയും ഉള്ള വില്‍പ്പന കൂടാതെ തീയറ്റുകളില്‍ ഓഫ്‌ലൈന്‍ വില്‍പ്പനയുമുണ്ട്. തമിഴ്‌നാടിനേക്കാള്‍ മുന്‍പ് കേരളത്തില്‍ റിലീസ് ചെയ്യുമെന്നൊരു പ്രത്യേകത കൂടിയുണ്ട് ലിയോയ്ക്ക്. സംസ്ഥാനത്ത് പുലര്‍ച്ചെ നാല് മുതല്‍ ഷോകള്‍ ആരംഭിക്കും. തുടര്‍ന്ന് രാവിലെ 7.15, 10.30, ഉച്ചക്ക് രണ്ടിന്, വൈകിട്ട് 5.30, രാത്രി 9, 11.59 എന്നിങ്ങനെ ആദ്യ ദിനം മൊത്തം ഏഴ് ഷോകളുണ്ടാകും. കര്‍ണാടകയിലും നാല് മണി ഷോയുണ്ട്. കേരളത്തില്‍ മാത്രം 600ലേറെ സ്‌ക്രീനുകള്‍ ഉണ്ടാകുമെന്നാണ് വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് അറിയിച്ചിരിക്കുന്നത്. വിജയിയുടെ ജോഡിയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള തൃഷയാണ് നായിക. ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഈ സിനിമിയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
◾ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതനായ ജോ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസി ചിത്രത്തിലൂടെ എന്നത് ശ്രദ്ധേയമാണ്. ശ്രീനാഥിന്റെ അന്‍പതാമത്തെ ചിത്രം കൂടിയാണിത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സാഗറാണ് ത്രില്ലര്‍ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാമന്നന്‍ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ലാല്‍, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബന്‍ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂര്‍, അബിന്‍ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.
◾മെറ്റിയര്‍ 350 മോഡലിന് അധിക ഫീച്ചറുകളുള്ള പുതിയ വേരിയന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഈ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ നാല് വേരിയന്റുകളില്‍ ലഭ്യമാണ്- ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, അറോറ (പുതിയത്), സൂപ്പര്‍നോവ എന്നിവയാണത്. മെറ്റിയര്‍ 350 ഫയര്‍ബോള്‍ – 205,900 രൂപ, മെറ്റിയര്‍ 350 സ്റ്റെല്ലാര്‍ – 215,900 രൂപ. മെറ്റിയര്‍ 350 അറോറ (പുതിയത്) – 219,900 രൂപ, മെറ്റിയര്‍ 350 സൂപ്പര്‍നോവ – 229,900 രൂപ എന്നിങ്ങനെയാണ് ചെന്നൈ എക്സ് ഷോറൂം വിലകള്‍. മെറ്റിയര്‍ 350 അറോറ വകഭേദം അറോറ ബ്ലൂ, അറോറ ഗ്രീന്‍, അറോറ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാവും. സ്‌പോക്ക് വീലുകള്‍, ട്യൂബ് ടയറുകള്‍, എഞ്ചിന്‍, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയും ക്രോം-ഫിനിഷ് ഭാഗങ്ങള്‍, ഡീലക്‌സ് ടൂറിംഗ് സീറ്റ്, ട്രിപ്പര്‍ നാവിഗേഷന്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, അലുമിനിയം സ്വിച്ച് ക്യൂബുകള്‍ തുടങ്ങിയ സവിശേഷതകളും റെട്രോ-പ്രചോദിതമായി അവതരിപ്പിച്ചവയാണ്. മറ്റ് മൂന്ന് വേരിയന്റുകളിലും റോയല്‍ എന്‍ഫീല്‍ഡ് ഈ പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ചേര്‍ത്തിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി സ്റ്റെല്ലാര്‍ ശ്രേണിയില്‍ ട്രിപ്പര്‍ നാവിഗേഷന്‍ ഉപകരണമുണ്ട്, അതേസമയം ഫയര്‍ബോളിന് സ്റ്റാന്‍ഡേര്‍ഡ് സ്റ്റോക്ക് കളറായി കറുപ്പായിരിക്കും ഉണ്ടാവുക.
◾”നീര്‍മാതളത്തിന്റെ ചില്ലമേല്‍ ആതിരാപ്പാല്‍നിലാച്ചോല വീഴുമ്പോള്‍, പിച്ചനടന്നൊരീ മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോള്‍, നീലച്ചിറകാലളന്ന ചിദാകാശ ദൂരം മറന്നിളവേല്‍ക്കാം, ജാലകം താരകത്താലമാക്കും പാതിരാവിന്റെ താരാട്ടിലാടാം.” – വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരം. ഏറ്റവും പ്രിയമുള്ള ഏകാകിതയ്ക്ക്, യക്ഷി, ഒരു പാതിരാക്കാഴ്ച, സ്വപ്നസഞ്ചാരി, അക്കിത്തം, ശിലാദേവാലയം, നീയറിയാതെ, മാന്ത്രികന്റെ പാവ തുടങ്ങിയ കവിതകള്‍. ‘തമിഴ്പ്പാവ’. ഡിസി ബുക്സ്. വില 180 രൂപ.
◾എല്ലുകളെ ബാധിക്കുന്ന അപൂര്‍വമായ അര്‍ബുദമാണ് ബോണ്‍ ക്യാന്‍സര്‍. ഇത് വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും മറ്റ് എല്ലാ അര്‍ബുദങ്ങളെയും പോലെ, ഇതും നേരത്തെ കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്. എല്ലുകളിലെ സ്ഥിരമായ വേദന, നീര്‍വീക്കം, ചെറിയ പരിക്കുകള്‍ മൂലമുള്ള ഒടിവുകള്‍, സന്ധി വേദന എന്നിവയാണ് അസ്ഥി കാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. പാള്‍ മാള്‍ മെഡിക്കല്‍ മെഡിക്കല്‍ ഡയറക്ടറും ജനറല്‍ ഫിസിഷ്യനുമായ ഡോ. ചുന്‍ ടാങ് പറയുന്നതനുസരിച്ച്, പുറം വേദനയും പ്രത്യേകിച്ച് നടുവേദനയും അസ്ഥി കാന്‍സറിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. വേദനയ്ക്ക് മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അസ്ഥി ക്യാന്‍സര്‍ ഉള്ളവരില്‍ പ്രധാനമായും നട്ടെല്ലിനോ അതിനു അടുത്ത ഭാഗങ്ങളിലോ ആകും വേദന ഉണ്ടാകുക. ഈ വേദന വളരെ കഠിനമായിരിക്കും, ഇത് തുടരുകയാണെങ്കില്‍ രോഗിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും അത് തടസപ്പെടുത്താം. രാത്രിയില്‍ ഇത്തരത്തില്‍ വേദന ഉണ്ടാകുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേദനയ്ക്ക് പുറമേ, നീരോ മുഴയോ കാണുകയാണെങ്കില്‍, അത് എല്ലിലെ ട്യൂമറിന്റെ ലക്ഷണമാകാം എന്ന് ഡോ. ടാങ് പറയുന്നു. കുടുംബത്തില്‍ ക്യാന്‍സര്‍ പാരമ്പര്യം ഉള്ളവരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അസ്ഥി കാന്‍സര്‍ ഏത് പ്രായത്തിലും ഉണ്ടാകാം. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ നടുവേദനയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.26, പൗണ്ട് – 101.24, യൂറോ – 87.70, സ്വിസ് ഫ്രാങ്ക് – 92.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.67, ബഹറിന്‍ ദിനാര്‍ – 220.84, കുവൈത്ത് ദിനാര്‍ -269.13, ഒമാനി റിയാല്‍ – 216.27, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.99.