പ്രാദേശിക ഓഹരികളില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഫലമായി ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം സെപ്തംബറില്‍ 26 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ഇത് മൊത്തം 12.97 കോടിയിലെത്തിയതായാണ് എന്‍.എസ്.ഡി.എല്‍, സി.ഡി.എസ്.എല്‍ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 30.6 ലക്ഷത്തിലധികം ഡിമാറ്റ് അക്കൗണ്ടുകളാണ് സെപ്തംബറില്‍ തുറന്നത്. ഇത് ആഗസ്റ്റിലെ 31 ലക്ഷത്തില്‍ നിന്ന് അല്‍പ്പം കുറവാണെങ്കിലും തുടര്‍ച്ചയായ രണ്ടാം മാസവും പുതിയ അക്കൗണ്ടുകള്‍ 30 ലക്ഷം കവിഞ്ഞു. ജൂലായ് മുതല്‍ ധാരാളം ഐപിഒകള്‍ നല്ല പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. 14 കമ്പനികളാണ് കഴിഞ്ഞ മാസം പൊതുവിപണിയിലേക്ക് എത്തിയത്. 13 വര്‍ഷത്തിനിടയില്‍ ഒരുമാസം രേഖപ്പെടുന്ന ഏറ്റവും ഉയര്‍ന്ന ഐ.പി.ഒ എണ്ണമാണിത്. 11,800 കോടി രൂപയുടെ സമാഹരണമാണ് ഈ ഐ.പി.ഒകളിലൂടെ നടന്നത്. എസ്.എം.ഇ വിഭാഗത്തില്‍ 37 ഐ.പി.ഒകളില്‍ നിന്നായി 1000 കോടിയിലധികം രൂപയുടെ സമാഹഹരണം സെപ്തംബറില്‍ ഉണ്ടായി. എസ്.എം.ഇകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ തുടങ്ങിയ 2012നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. സെപ്തംബറില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടര്‍ന്നു. ഉയര്‍ന്ന പലിശനിരക്ക് ദീര്‍ഘകാലം തുടരുമെന്ന ആശങ്കയെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം 107ല്‍ എത്തിയതും 10 വര്‍ഷ യു.എസ് ബോണ്ടുകളിലെ ആദായം 16 വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക് എത്തിയതും ഓഹരി വിപണികള്‍ക്ക് തിരിച്ചടിയായി.