വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ വിറ്റഴിക്കല്‍ ഒക്ടോബറിലും തുടരുകയാണ്. 8,000 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഒക്ടോബര്‍ ആറ് വരെ ഇന്ത്യന്‍ ഓഹരികളില്‍ എഫ്.പി.ഐകള്‍ നടത്തിയത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യു.എസ് ബോണ്ട് യീല്‍ഡുകളിലെ സ്ഥിരമായ ഉയര്‍ച്ചയുമാണ് വിറ്റവിക്കല് തുടരാന്‍ കാരണം. കൂടാതെ ഇന്ത്യയിലെ ക്രമരഹിതമായ മണ്‍സൂണും ഉയര്‍ന്ന പണപ്പെരുപ്പവും ആഭ്യന്തര സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആശങ്ക ഉയര്‍ത്തുന്നതും വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കാന് ഇടയാക്കുന്നതായി വിലയിരുത്തലുണ്ട്. സെപ്തംബറില്‍ എഫ്.പി.ഐകള്‍ അറ്റ വില്‍പ്പനക്കാരായി മാറുകയും 14,767 കോടി രൂപ ഇക്വിറ്റികളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ്, മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള ആറു മാസങ്ങളില്‍ വാങ്ങലുകാരായി നിലകൊണ്ട് എഫ്.പി.ഐകള്‍ ഈ കാലയളവില്‍ 1.74 ലക്ഷം കോടി രൂപ കൊണ്ടുവരുകയും ചെയ്തു. അവലോകന കാലയളവില്‍ എഫ്.പി.ഐകള്‍ രാജ്യത്തിന്റെ ഡെറ്റ് മാര്‍ക്കറ്റില്‍ 2,081 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്.പി.ഐകളുടെ മൊത്തം നിക്ഷേപം 1.12 ലക്ഷം കോടി രൂപയിലും ഡെറ്റുകളിലേത് 31,200 കോടി രൂപയിലും എത്തി. ധനകാര്യം, ഊര്‍ജ്ജം, ഐടി, എണ്ണ, വാതകം എന്നിവയില്‍ എഫ്.പി.ഐകള്‍ കാര്യമായ വില്‍പ്പന നടത്തിയപ്പോള്‍ മൂലധന ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍, വാഹന ഘടകങ്ങള്‍ എന്നിവയില്‍ വാങ്ങുന്നവരായിരുന്നു.