വിവാദമായ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ‘പൊറാട്ട് നാടകം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജി സഹകരണത്തെ കുറിച്ച് പറഞ്ഞ വാചകത്തെ വച്ച് ട്രോള്‍ രൂപത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സിദ്ദിഖിന്റെ പ്രധാന സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് സംവിധാനം. സൈജു കുറുപ്പ് നായകനായ ചിത്രം കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളില്‍ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കോമഡിക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സാംസ്‌കാരിക കലാരൂപങ്ങളായ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വരുന്നുണ്ട്. സൈജു കുറുപ്പിനെ കൂടാതെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, രാഹുല്‍ മാധവ്, നിര്‍മ്മല്‍ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂര്‍ വക്കീല്‍, ബാബു അന്നൂര്‍, ചിത്ര ഷേണായി, ഐശ്വര്യ മിഥുന്‍, ചിത്ര നായര്‍ , ജിജിന രാധാകൃഷ്ണന്‍, ഗീതി സംഗീത തുടങ്ങിയവരും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം.