ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്നു കുറ്റാരോപിതനായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. അഖില്‍ മാത്യുവിന്റെ പേരില്‍ ആരോ പണം വാങ്ങിയെന്ന് ആരോപിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യു കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി വിവരം പുറത്തുവന്നതിനു പിറകേയാണ് അഖില്‍ മാത്യു പൊലീസില്‍ പരാതി നല്‍കിയത്. അഖില്‍ മാത്യുവിന് ഒരു ലക്ഷവും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന് 75,000 രൂപയും കൈമാറിയെന്നാണ് ഹരിദാസന്റെ ആരോപണം.
കൈക്കൂലി വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹരിദാസന്റെ പരാതി സെപ്റ്റംബര്‍ 13 ന് ലഭിച്ചതാണ്. പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിനോട് വിശദീകരണം തേടിയിരുന്നു. ആരോപണവുമായി അഖില്‍ മാത്യുവിന് ഒരു ബന്ധവുമില്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. പരാതി പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു. പോലീസ് സത്യം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വീണ ജോര്‍ജ്.
ഡോക്ടര്‍ നിയമനത്തിന് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗംതന്നെയാണു കൈക്കൂലി വാങ്ങിയതെന്ന് പരാതിക്കാരനായ ഹരിദാസന്. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴിയെടുത്തതിനു പിറകേയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പരാതി വിവരം പുറത്തുവിട്ടത്. പൊലീസിന് തെളിവ് സഹിതം എല്ലാ വിവരങ്ങളും കൈമാറിയെന്നും ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും ഹരിദാസന് അവകാശപ്പെട്ടു.
ഡോക്ടര്‍ നിയമനത്തിനു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിനെ കുറ്റപ്പെടുത്തി പത്തനംതിട്ട സിപിഎം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിബി ഹര്‍ഷകുമാര്‍. സിഐടിയു ലെവി ഫണ്ടില്‍നിന്ന് അഖില്‍ സജീവ് മൂന്നു ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തിയെന്ന ക്രിമിനല്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഖില്‍ മാത്യു അത്തരക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന് അടുപ്പമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളില്‍ ആര്‍ക്കൊക്കെ തട്ടിപ്പില്‍ പങ്കുണ്ടെന്നു പരിശോധിക്കുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ.സി. മൊയ്തീനെയും എം.കെ കണ്ണനെയും ലക്ഷ്യംവച്ചാണ് എന്‍ഫോഴ്സ്മെന്റ് നീങ്ങുന്നത്. അരവിന്ദാക്ഷനേയും ജില്‍സിനേയും എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.
മാധ്യമങ്ങള്‍ക്ക് സിബിഐ കോടതിയില്‍ വിലക്കില്ലെന്ന് ജഡ്ജി. കരുവന്നൂര്‍ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജി ഷിബു തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന കോടതിയില്‍ ആര്‍ക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ജഡ്ജി തടഞ്ഞിരുന്നു.
സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനം. സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമാണെന്നും തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളീയവും മണ്ഡല സദസും കൊണ്ട് വൈകൃതങ്ങള്‍ മറയ്ക്കാനാവില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. സിപിഐ മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു.
വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടിനു നടക്കും. രാവിലെ 10 ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം – വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന് ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന് കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയും നിര്‍വഹിക്കും.
കോഴിക്കോട് ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 799 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 8.25 ലക്ഷം രൂപ പിഴ ഈടാക്കി. കോഴിക്കോട് കോര്പ്പറേഷന്, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയല്‍, കുന്നമംഗലം എന്നിവിടങ്ങളിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശോധന.
പാലക്കാട് കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയറിലെ കുടല്‍മാല നീക്കം ചെയ്തുകൊണ്ടാണെന്നു പോലീസ്. വൈദ്യുതാഘാതമേറ്റാണു മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷിജിത്ത്, സതീഷ് എന്നീ യുവാക്കളാണ് പാടത്തു പന്നിക്കുവച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി മരിച്ചത്. സ്ഥലമുടമ അനന്തനെ അറസ്റ്റു ചെയ്തിട്ടുണ്ട്.
മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ അന്തരിച്ചു. 77 വയസായിരുന്നു. കഥാപ്രാസംഗിക എന്ന നിലയിലും പ്രശസ്തയായിരുന്നു.
കോട്ടയം കുടയംപടിയില്‍ ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതിന്റെ പേരില്‍ ജീവനൊടുക്കിയ വ്യാപാരി ബിനുവിനെ കര്‍ണാടക ബാങ്ക് ജീവനക്കാരന് ഭീഷണിപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പോലീസിനു കൈമാറി. പണം അടയ്ക്കാമെന്നു ബിനു പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരന് മോശമായി സംസാരിച്ചു. ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നാണ് ബാങ്ക് ജീവനക്കാരന്റെ മറുപടി.
കലാപ സംസ്ഥാനമായ മണിപ്പൂരില്‍നിന്ന് കേരളത്തില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കു മനുഷ്യപക്ഷ സഹായം നല്കിയതു കേരള സര്‍ക്കാരാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തളിപ്പറമ്പ് കരിമ്പത്തെ കില ക്യാമ്പസിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ എംഎ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്മെന്റ് കോഴ്സ് ചെയ്യുന്ന അലിയാന, ലില്ലി എന്നിവരെ കുറിച്ചാണ് എംവി ഗോവിന്ദന് പറഞ്ഞത്. കേരളത്തിന്റെ സ്നേഹത്തിനു മുന്നില്‍ വാക്കുകളില്ലെന്നാണ് ഇരുവരും പറഞ്ഞത് കേരളത്തിനുള്ള അംഗീകാരമാണെന്നും ഗോവിന്ദന് പറഞ്ഞു.
മുത്തങ്ങയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെ.പി മുഹമ്മദ് നാഫിയെ (29) ആണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്.
കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട്ടില്‍ കര്‍ഷകര്‍ ചത്ത എലികളെ വായില്‍ കടിച്ചുപിടിച്ച് പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തിരുച്ചിറപ്പള്ളി മേഖലയിലെ കര്‍ഷകരാണ് വിചിത്രമായ സമരം നടത്തിയത്. സമരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കോടതി ജാമ്യം അനുവദിച്ചിട്ടും മൂന്നു വര്‍ഷംകൂടി ജയിലില്‍ കഴിയേണ്ടിവന്ന പ്രതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. കോടതി അയച്ച ഉത്തരവ് ജയില്‍ അധികാരികള്‍ ഇമെയില്‍ തുറന്നു നടപടിയെടുക്കാത്തതിനാലാണ് മൂന്നു വര്‍ഷംകൂടി ജയിലില്‍ കിടക്കേണ്ടി വന്നത്. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട 27 കാരനായ ചന്ദന്ജി താക്കൂറിന്റെ ശിക്ഷ പിന്നീട് സസ്പെന്‍ഡ് ചെയ്താണ് 2020 സെപ്റ്റംബര്‍ 29 ന് ജാമ്യം അനുവദിച്ചത്. 14 ദിവസത്തിനകം പണം കൈമാറണമെന്നാണ് കോടതി ഉത്തരവ്.
മണിപ്പുരിനെ പ്രശ്നബാധിത സംസ്ഥാനമായി മണിപ്പുര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്തെയ് – കുകി വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെയും ഇന്നും മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വന്‍ സംഘര്‍ഷം ഉണ്ടായി.
വെറുപ്പും വിദ്വേഷവും വളര്‍ത്തി ബിജെപി മണിപ്പൂരിനെ കലാപഭൂമിയാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം. നൂറ്റമ്പതോളം ദിവസമായിട്ടും പ്രധാനമന്ത്രി മണിപ്പൂരിലേക്കു തിരിഞ്ഞുനോക്കിട്ടുപോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് എന്ന ഇസ്കോണ്‍ പശുക്കളെ സംരക്ഷിക്കുകയല്ല, ഗോശാലകളിലെ പശുക്കളെ കശാപ്പുകാര്‍ക്കു വില്‍ക്കുകയാണു ചെയ്യുന്നതെന്ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഇസ്കോണിന്റെ ഗോശാലകള്ക്കെതിരേ അന്വേഷണം വേണമെന്നും മേനക ആവശ്യപ്പെട്ടു.
ആത്മഹത്യക്കു ശ്രമിച്ച 28 കാരനെ മുബൈ പൊലീസ് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത രാജസ്ഥാന് സ്വദേശിയെക്കുറിച്ച് ഇന്ര്പോളാണ് മുന്നറിയിപ്പു നല്‍കിയത്. മുബൈ പോലീസ് മുബൈയിലെ മല്‍വാനിയില്‍ ഇയാള്‍ താമസിക്കുന്ന സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി മുബൈ ജയിലിലുള്ള അമ്മയെ പുറത്തിറക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തിലായിരുന്നു യുവാവ്.
കനേഡിയന്‍ പൗരനും ഖാലിസ്ഥാന്‍ വിഘടനാവാദി നേതാവുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന് ചാരസംഘമായ ഐഎസ്ഐ ആണെന്നു റിപ്പോര്‍ട്ട്. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ വക്താക്കള്‍ പറഞ്ഞു. കാനഡയിലെ ഐഎസ്ഐയുടെ ദല്ലാളുമാരായ രഹത് റാവുവും താരിഖ് കിയാനിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു റിപ്പോര്‍ട്ട്.