ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് വിശാല്‍- എസ്. ജെ സൂര്യ കൂട്ടുകെട്ടിലിറങ്ങിയ ടൈം ട്രാവല്‍- ഗ്യാങ്ങ്സ്റ്റര്‍ ചിത്രം ‘മാര്‍ക്ക് ആന്റണി’ 100 കോടി ക്ലബ്ബില്‍. തിയേറ്ററില്‍ റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു ഹിറ്റ് ചിത്രം എങ്കിലും നേടുക എന്ന വിശാലിന്റെ ആഗ്രഹം കൂടിയാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറുന്നതോട് കൂടി നടന്നിരിക്കുന്നത്. 2021 ല്‍ ഇറങ്ങിയ ‘എനിമി’ വന്‍ പരാജയമായിരുന്നു, തുടര്‍ന്ന് വന്ന ‘ലാത്തി വീരമേ വാഗൈ സൂടും’ എന്ന ചിത്രവും പരാജയം നേടിയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളാണ് താരം നേരിട്ടത്. അതിനൊക്കെയുള്ള മറുപടി കൂടിയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാര്‍ക്ക് ആന്റണി’യിലൂടെ താരം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഗാനവും വിശാല്‍ ആലപിച്ചിട്ടുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണാവകാശം. അച്ഛന്റെയും മകന്റെയും വേഷത്തിലെത്തിയ എസ്. ജെ സൂര്യയും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ജി. വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.