മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനസദസ് ഒരു ദിവസം നാലു നിയോജകമണ്ഡലങ്ങളിലായാണു നടത്തുക. ഓരോ മണ്ഡലത്തിന്റേയും തീയതികള്‍ തീരുമാനിച്ചു. പര്യടനത്തിന്റെ സംസ്ഥാന തല കോഡിനേഷന്‍ ചുമതല പാര്‍ലമെന്റെറികാര്യ മന്ത്രിക്കാണ്. ജില്ലകള്‍ കേന്ദ്രീകരിച്ച് പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് ജനസദസ് പര്യടനം നടത്തുന്നത്.
നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28 ലേക്കു മാറ്റി. നേരത്തെ 27 നായിരുന്നു പൊതു അവധി നിശ്ചയിച്ചിരുന്നത്.
നിപ വ്യാപന ഭീതിമൂലം അടച്ചിട്ട കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്നു തുറക്കും. കോഴിക്കോട്ടെ കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാലയങ്ങള്‍ തുറക്കില്ല. ഇവിടെ ഓണ്‍ലൈനില്‍ ക്ലാസ് തുടരും.
വന്ദേഭാരതില്‍ 1.11 കോടി ജനങ്ങളാണു യാത്ര ചെയ്തതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം അടക്കം 11 സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പതു വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ഓണ്‍ലൈനിലടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേയെ നവീകരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലഹരി ഇടപാടുകള്‍ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി പൊലിസ് ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 244 പേരെ അറസ്റ്റു ചെയ്തു. ലഹരി കടത്തുകരുടെ വീടുകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും സംഘങ്ങളും താവളങ്ങളിലുമായിരുന്നു പരിശോധന.
കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിടം പണിയാന്‍ നൂറു കോടി രൂപ അനുവദിച്ചെന്ന് മന്ത്രി ആന്റണി രാജു. എംഎല്‍എ ഫണ്ടില്‍നിന്ന് 10 കോടി രൂപകൊണ്ടു നിര്‍മിക്കാവുന്ന ചെറിയ കെട്ടിടമല്ല 100 കോടി രൂപയുടെ വലിയ കെട്ടിടമാണു വേണ്ടത്. അടുത്താഴ്ച അന്തിമപ്ലാന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് മുകേഷ് എംഎല്‍എ ഫേസ് ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.
ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളിലായി 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍കൂടി നടന്നിട്ടുണ്ട്. സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. കൊള്ളക്കാരെ സംരക്ഷിക്കുന്നതും സി.പി.എമ്മും സര്‍ക്കാരുമാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചു പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു എന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ഒരു ജോര്‍ജ് മരിച്ചിരുന്നെന്നും ആ ജോര്‍ജിനെക്കുറിച്ചു ചോദിച്ചതാണെന്നു തെറ്റിദ്ധരിച്ചു പ്രതികരിച്ചതാണെന്നുമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം.
വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം സൗദി എയര്‍ലൈന്‍സ് ഇറക്കിവിട്ട 122 യാത്രക്കാര്‍ക്ക് പകരം ടിക്കറ്റ് അനുവദിച്ചു. ഇന്നും നാളെയുമായി രണ്ടു വിമാനങ്ങളിലായി ഇവരെ നെടുമ്പാശേരിയില്‍നിന്നു ലണ്ടനിലേക്കു കൊണ്ടുപോകും. വിമാനത്തിന്റെ വാതിലിനു തകരാര്‍ കണ്ടതിനെത്തുടര്‍ന്നാണ് സൗദി വിമാനം റദ്ദാക്കി യാത്രക്കാരെ പുറത്തിറക്കിയത്. യാത്രക്കാരില്‍ 80 പേര്‍ വിദ്യാര്‍ത്ഥികളാണ്.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ 4700 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു നല്‍കിയത്. ഈ സര്‍ക്കാര്‍ ഇതുവരെ 4400 കോടി നല്‍കിയെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി കൊല്ലം ജില്ലയില്‍ ആരംഭിച്ച ബസ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) അവാര്‍ഡ് കരസ്ഥമാക്കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 3200 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കാനായി. 13 ലക്ഷത്തോളം പേര്‍ക്ക് 30 ലക്ഷത്തോളം ക്ലൈമുകളാണ് അനുവദിച്ചത്. കേന്ദ്ര വിഹിതമായി കഴിഞ്ഞ വര്‍ഷം 151 കോടി രൂപയാണ് ലഭിച്ചത്. കാസ്പിനു കീഴില്‍ 42 ലക്ഷം ഗുണഭോക്താക്കളുണ്ട്.
ബിജെപി മുന്നണിയുടെ ഭാഗമായ ജനതാ ദള്‍ എസിനെ ഇടതു മുന്നണിയില്‍ നിലനിര്‍ത്തുന്നതു സിപിഎമ്മിന്റെ ബി.ജെ.പി വിധേയത്വംകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുമായി സിപിഎമ്മിന് നേരത്തേ തന്നെ ബാന്ധവമുണ്ട്. ജെഡിഎസ് ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്നിട്ടും സി.പി.എമ്മിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാത്തത് അവരുടെ രഹസ്യ ബന്ധം കാരണമാണ്. ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ എംഎല്‍എയ്ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നു പരാതി. കാസര്‍കോട് നടന്ന ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം തന്നില്ലെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയാണു പരാതിപ്പെട്ടത്. വേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും മുനിസിപ്പല്‍ ചെയര്‍മാന്‍ മുനീര്‍ എന്നിവര്‍ക്കൊപ്പം ഇരിപ്പിടം നല്‍കിയില്ലന്നുമാണു പരാതി.
താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച്’ എന്നു വിളിച്ച് അധിക്ഷേപിച്ചെങ്കില്‍ അതിന്റെ വീഡിയോ എവിടെയെന്ന് ഡാനിഷ് അലി എംപി. മോദിയെ അധിക്ഷേപിച്ചപ്പോള്‍ ബിജെപി എംപിമാര്‍ ചിരിച്ചത് എന്തുകൊണ്ടാണ്. പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ അവര്‍ എത്തിയില്ലെന്നാണോയെന്നും ഡാനിഷ് അലി ചോദിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസ് തിങ്കളാഴ്ച ഓടിത്തുടങ്ങും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പരിപാടി ഉദ്ഘാടനം ചെയ്യും. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമാക്കിയാണു ബസോടിക്കുന്നത്.
ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍മാരില്‍നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് ഡല്‍ഹി കോടതി ഉത്തരവ്. 15 ദിവസത്തിനകം എല്ലാം തിരികെ നല്‍കണം. ബിജെപി നേതാവ് അമിത് മാളവ്യ നല്‍കിയ പരാതിയില്‍ ഗൂഢോലോചന, കൃത്രിമ രേഖ ചമക്കല്‍ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണു വയറിനെതിരെ കേസെടുത്തത്.
കൊളോണിയല്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചത് മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടമാണെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ നിയമം പരിഷ്‌കരിച്ച് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്‍ പാസാക്കിയത് കഴിഞ്ഞ മാസമാണ്.
യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ രാജ്യത്തെ യുവതീയുവാക്കളില്‍നിന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അപേക്ഷ ക്ഷണിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.