വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നതിന് ഒരേ സമയം ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഭാരവും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറും വയറ്റിലെ വ്യായാമമാണ് ഏറ്റവും പ്രയോജനകരം. വയറ്റില്‍ ഒന്നുമില്ലാത്തതിനാല്‍ വ്യായാമത്തിനായുള്ള ഊര്‍ജത്തിനു വേണ്ടി ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കും. കൂടുതല്‍ കാലറി കത്തിച്ചു കളയാനും ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാനും സഹായിക്കുന്നു. ഇത് ഭാരം കുറയ്ക്കാന്‍ സഹായകമാണ്. പ്രമേഹ രോഗികള്‍ക്കും വെറും വയറ്റിലെ വ്യായാമം ഗുണകരമാണ്. ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. എന്നാല്‍ ഈ വ്യായാമരീതി എല്ലാവര്‍ക്കും നല്ലതാകണമെന്നില്ല. പേശികള്‍ നഷ്ടമാകാന്‍ വെറും വയറ്റിലെ വ്യായാമം കാരണമാകാം. പേശികള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍ അടങ്ങിയ എന്തെങ്കിലും ഭക്ഷണമോ പാനീയമോ വ്യായാമത്തിന് മുന്‍പ് കഴിക്കുന്നത് ഗുണം ചെയ്യും. ചിലര്‍ വെറും വയറ്റില്‍ വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ ഇതിനു മുന്‍പ് പ്രോട്ടീന്‍ ഷേക്കോ സ്മൂത്തിയോ പോലുള്ള എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നു. വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ ഊര്‍ജം കുറയുമെന്നതിനാല്‍ തീവ്രമായ വ്യായാമം ചെയ്യാനാകില്ലെന്ന പ്രശ്നവുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോത് തീരെ കുറഞ്ഞ് പോകുന്നത് തലകറക്കം പോലുള്ള പ്രശ്നങ്ങളും വ്യായാമ സമയത്ത് ഉണ്ടാക്കാം. കരുത്തിനും പേശീബലത്തിനുമൊക്കെ വേണ്ടി വ്യായാമം ചെയ്യുന്നവര്‍ ലഘുവായി എന്തെങ്കിലും കഴിച്ചിട്ട് ഇത് ചെയ്യുന്നത് നന്നായിരിക്കും.