ഓഗസ്റ്റ് മാസവും ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വില്‍പന വളര്‍ച്ചയുടെ പാതയിലാണ്. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തുകാറുകളില്‍ എട്ടും മാരുതി സുസുക്കി തന്നെ. പാസഞ്ചര്‍ കാര്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 9.8 ശതമാനവും ഈ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് 2.4 ശതമാനവും വളര്‍ച്ച ലഭിച്ചു. വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 43.3 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. മാരുതി സുസുക്കി ജൂലൈയില്‍ 156114 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 53830 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 45515 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 37270 കാറുകളുമാണ് വിറ്റത്. അഞ്ചാം സ്ഥാനത്ത് ടൊയോട്ടയാണ് 20970 കാറുകള്‍. ആദ്യ പ്ത്തില്‍ ഇടം പിടിച്ചവയില്‍ ഒന്നാം സ്ഥാനത്ത് 18653 യൂണിറ്റ് വില്‍പനയുമായി മാരുതി സ്വിഫ്റ്റാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വില്‍പനയില്‍ 65 ശതമാനം വളര്‍ച്ച. രണ്ടാം സ്ഥാനം പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക്. വില്‍പന 18516 യൂണിറ്റ്. മൂന്നാം സ്ഥാനത്ത് മാരുതി ടോള്‍ബോയ് ഹാച്ച്ബാക്ക് വാഗണ്‍ആര്‍, വില്‍പന 15578 എണ്ണം. മാരുതിയുടെ ചെറു എസ്‌യുവി ബ്രസയാണ് നാലാമത്, 14572 യൂണിറ്റ് വില്‍പന. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 4 ശതമാനമാണ് ഇടിവ്. അഞ്ചാം സ്ഥാനത്ത് ടാറ്റ പഞ്ച്. ആറാം സ്ഥാനത്ത് ഹ്യുണ്ടേയ് എസ്‌യുവി ക്രേറ്റ. ഏഴാം സ്ഥാനത്ത് മാരുതി സുസുക്കി ഡിസയര്‍. മാരുതി എര്‍ട്ടിഗ എട്ടാം സ്ഥാനത്തും ഫോങ്‌സ് ഒമ്പതാം സ്ഥാനത്തുമുണ്ട്. പത്താമത് എത്തിയത് മാരുതി ഈക്കോയാണ്.