mid day hd 10

 

നിപ ലക്ഷണങ്ങളുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നാലു രോഗികള്‍. ഒരാള്‍ വെന്റിലേറ്ററിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. വൈകീട്ട് ആറിനു വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

സമുദ്രത്തിന്റെ ആറായിരം മീറ്റര്‍ അടി താഴ്ചയിലേക്ക് മനുഷ്യരെ അയച്ച് ആഴക്കടല്‍ വിഭവങ്ങളും ജൈവവൈവിധ്യങ്ങളും പഠിക്കാനുള്ള ‘സമുദ്രയാന്‍’ പദ്ധതിയുമായി ഇന്ത്യ. മൂന്ന്ുപേരെയാണ് ആഴക്കടലിലേക്ക് അയക്കുകയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ആദ്യമായിട്ടാണ് മനുഷ്യരെ ഉള്‍ക്കൊള്ളുന്ന ആഴക്കടല്‍ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ വികസിപ്പിക്കുന്ന പ്രത്യേക അന്തര്‍വാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സ്റ്റാഫിന് താമര ചിഹ്നംപതിച്ച ഷര്‍ട്ട് പുതിയ യൂണിഫോാകും. മാര്‍ഷലുമാര്‍ക്ക് മണിപ്പൂരി തലപ്പാവുമാകും വേഷം. വനിതാ ജീവനക്കാര്‍ക്ക് സാരിയാണ്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡോ പരിശീലനവും നല്‍കും. ഗണേശ ചതുര്‍ത്ഥി ദിനം പ്രത്യേക പൂജയോടെ പുതിയ മന്ദിരത്തിലേക്കു പ്രവേശനമെന്നാണു റിപ്പോര്‍ട്ട്.

എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് മാറ്റിവച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്നാണു സിബിഐ അറിയിച്ചത്. കേസ് മാറ്റുന്നതിനെ ആരും എതിര്‍ത്തില്ല. 2017 ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ്ുവര്‍ഷത്തിനിടെ നാലു ബെഞ്ചുകളിലായി 34 തവണയാണ് മാറ്റിവച്ചത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ സിപിഎം നേതാവും മുന്‍ എം പിയുമായ പി കെ ബിജുവിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് പരിശോധിച്ചുവരികയാണ്.

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടത്തിയത് പെറ്റ് ലവേഴ്‌സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നുവെന്ന് എന്‍ഐഎ. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാന്‍ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ആലോചിച്ചെന്നാണ് കണ്ടെത്തിയത്. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനായിരുന്നു സംഘം പദ്ധതിയിട്ടത്. ചെന്നൈയില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍.

പി.വി അന്‍വര്‍ എംഎല്‍എയുട ഉടമസ്ഥതയിലുള്ള പാര്‍ക്ക് തുറന്നു കൊടുത്ത നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പാര്‍ക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാനങ്ങള്‍ പൊളിക്കണമെന്നുമാണ് ആവശ്യം.

എണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നരണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് നിയമസഭയില്‍ അവതരണാനുമതി നിഷേധിച്ചു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്താണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്‌സ് റേ മെഷീന്‍ എലി കടിച്ചുമുറിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തും.

കെല്‍ട്രോണിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം. പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭരണപക്ഷത്ത് നിന്ന് വ്യവസായ മന്ത്രി പി രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവുമാണ് വാഗ്വാദത്തിലായത്. റോഡിലെ എഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണിനെ നോക്കുകുത്തിയാക്കി സ്വകാര്യ കമ്പനികള്‍ക്ക് ടെണ്ടര്‍ നല്‍കിയെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. കെല്‍ട്രോണ്‍ നോക്കുകുത്തിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മറുപടി പറഞ്ഞു. കെല്‍ട്രോണ്‍ ഒരു നട്ട് പോലും ഉണ്ടാക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3, ആദിത്യ – എല്‍1 മിഷനുകള്‍ക്കടക്കം വേണ്ട ഉപകരണങ്ങള്‍ പോലും കെല്‍ട്രോണ്‍ നിര്‍മിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി പറഞ്ഞു.

തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പരാതി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കാര്‍ കുറുകെ നിര്‍ത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ഭര്‍ത്താവിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

രണ്ട് കടുവകളെ വിഷംവച്ചു കൊന്നതിന് കര്‍ഷകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ശേഖര്‍ എന്നയാളാണ് അറസ്റ്റിലായത്. അവലാഞ്ചി എന്ന സ്ഥലത്തിന് സമീപം പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പശുവിനെ കൊന്ന കടുവകളെ കൊല്ലാന്‍ മാംസത്തില്‍ വിഷം ചേര്‍ത്തെന്നാണ് ആരോപണം.

ഇന്ത്യാ മുന്നണി കൂടുതല്‍ വിപുലമാക്കാന്‍ നീക്കം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും ചെറിയ പാര്‍ട്ടികള്‍ക്കും മുന്നണിയിലേക്ക് ക്ഷണമുണ്ടാകും.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യന്‍ തുറമുഖ നഗരമായ വ്‌ലാഡിവോസ്‌ടോകിലെത്തി. കൂടിക്കാഴ്ചയെ അതീവ ആശങ്കയോടെയാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കാണുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *