ഓഗസ്റ്റ് മാസത്തില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. നാഷണല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഓഗസ്റ്റില്‍ മാത്രം 31 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ജൂലൈയില്‍ 29.7 ലക്ഷമായിരുന്നു പുതുതായി തുറന്ന ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം. ഇതോടെ, ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 12.66 കോടിയായി. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്തിയത് അക്കൗണ്ടുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി. ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ച, ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രാധാന്യം, സ്വകാര്യ മേഖലയുടെ മൂലധന നിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ വിപണിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. പ്രധാന സൂചികകളായ സെന്‍സെക്സും, നിഫ്റ്റിയും ഓഗസ്റ്റില്‍ നേരിയ നഷ്ടം നേരിട്ടെങ്കിലും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ നഷ്ടം നികത്താന്‍ സഹായിച്ചിട്ടുണ്ട്.