റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ ആഗോളതലത്തിലുള്ള ഏറ്റവും മികച്ച ബാങ്കറായി തിരഞ്ഞെടുത്തു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എ പ്ലസ് റേറ്റിംഗ് ലഭിച്ച 3 സെന്‍ട്രല്‍ ബാങ്ക് മേധാവികളില്‍ ഏറ്റവും മുന്നിലാണ് ശക്തികാന്ത ദാസ്. ആര്‍ബിഐ ഗവര്‍ണറുടെ സമര്‍പ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്തുമെന്നും, ഇന്ത്യയ്ക്ക് ഇത് വീണ്ടും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജോസ്.കെ.ജോര്‍ദാന്‍ (സ്വിറ്റ്സര്‍ലന്‍ഡ്), എന്‍ഗുയെന്‍ തി ഹോംഗ് (വിയറ്റ്നാം) എന്നിവരാണ് എ പ്ലസ് റേറ്റിംഗ് ലഭിച്ച മറ്റ് സെന്‍ട്രല്‍ ബാങ്ക് മേധാവികള്‍. എ ഗ്രേഡ് നേടിയ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരില്‍ ബ്രസീലിലെ റോബോട്ടോ കാംപോസ് നെറ്റോ, ഇസ്രായേലിലെ അമീര്‍ യാറോണ്‍, മൗറീഷ്യസിലെ സര്‍വേഷ് കുമാര്‍ സീഗോലം, ന്യൂസിലന്‍ഡിലെ അഡ്രിയാന്‍ ഓര് എന്നിവരാണ് ഉള്‍പ്പെടുന്നത്. റിപ്പോര്‍ട്ട് കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മുന്നിട്ട് നില്ക്കുന്ന മൂന്ന് സെന്‍ട്രല്‍ ബാങ്ക് മേധാവികളും പണപ്പെരുപ്പത്തെ നേരിടുന്നതില്‍ മികവ് കാട്ടിയിട്ടുണ്ട്. 1994 മുതല്‍ എല്ലാ വര്‍ഷവും ഗ്ലോബല്‍ ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്.