റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ ഓഗസ്റ്റില്‍ ഇടിവ്. റിഫൈനറികള്‍ ഇറക്കുമതി കുറച്ചതോടെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയിലെ 42 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞു. റഷ്യയില്‍ നിന്നുള്ള വിതരണവും ഓഗസ്റ്റില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 14.7 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ നല്‍കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയ്ല്‍ ഇറക്കുമതി 5 ശതമാനം ഇടിഞ്ഞ് 43.5 ലക്ഷം ബാരലായി കുറഞ്ഞു. അതേസമയം, ചൈനയിലേക്കുള്ള റഷ്യയുടെ കയറ്റുമതി ജൂലൈയില്‍ പ്രതിദിനം 13 ലക്ഷം ബാരലായിരുന്നത് ആഗസ്റ്റില്‍ 14 ലക്ഷം ബാരലായി ഉയര്‍ന്നു. ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ പ്രതിദിനം 8.52 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയപ്പോള്‍ സ്വകാര്യ എണ്ണ കമ്പനികള്‍ 6.17 ബാരലാണ് വാങ്ങിയത്. സ്വകാര്യ കമ്പനികളുടെ ഇറക്കുമതിയില്‍ ജൂലൈയിലേതിനേക്കാള്‍ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞത് പ്രധാനമായും ഗുണം ചെയ്തത് സൗദി അറേബ്യയ്ക്കാണ്. ഇന്ത്യന്‍ ക്രൂഡ് വിപണിയില്‍ സൗദി അറേബ്യയുടെ വിഹിതം ജൂലൈയിലെ 11 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി ഉയര്‍ന്നു. വിഹിതത്തില്‍ കുറവുണ്ടായെങ്കിലും നിലവില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യം റഷ്യയാണ്. ഇറാഖാണ് രണ്ടാം സ്ഥാനത്ത്. 20 ശതമാനം. മൂന്നാം സ്ഥാനത്താണ് സൗദി.