പുതുപ്പള്ളിയില്‍ പരസ്യപ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. ചൊവ്വാഴ്ചയാണു വോട്ടെടുപ്പ്. മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളുടെ പര്യടന സമപാനം പാമ്പാടിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയില്‍ പങ്കുചേരും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തോട്ടയ്ക്കാട്ടുനിന്നാണ്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. എട്ടാം തീയതിയാണു വോട്ടെണ്ണല്‍.
മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണെന്ന് അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തൊലിക്കട്ടി കൂടുതലായതുകൊണ്ടാണ് പുതുപ്പള്ളിയില്‍ പ്രചരണത്തിന് എത്തിയത്. ജനങ്ങള്‍ക്ക് അത്രത്തോളം അവമതിപ്പാണ് സര്‍ക്കാരിനോടുള്ളത്. സര്‍ക്കാര്‍ വിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും. സുധാകരന് പറഞ്ഞു.
രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യാനോ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനോ അനുവദിക്കില്ലെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് അസോസിയേഷന്. ശസ്ത്രക്രിയ ഉപകരണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണു കുടുങ്ങിയതെന്ന് തെളിവില്ലെന്നും മെഡിക്കല്‍ ബോര്‍ഡും ഇക്കാര്യം വ്യക്തമാക്കിയെന്നും കെജിഎംസിടിഎ പറയുന്നു.
പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസുകാരെ കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ അഞ്ചംഗ സംഘം ആക്രമിച്ചു. മഞ്ചേശ്വരം എസ്ഐ പി അനൂപിനെയാണ് ആക്രമിച്ചത്. അക്രമികളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിയ പ്രതിയെ പോലീസ് തെരയുന്നു. കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറ (45) യ്ക്കാണ് വെട്ടേറ്റത്. കുത്തുപറമ്പ് സ്വദേശി ഫയറൂസിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും മൂലം ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇന്ത്യ – ആസിയാന്‍ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 6, 7 തീയതികളില്‍ ഇന്തോനേഷ്യ സന്ദര്‍ശിക്കും. ജാക്കര്ത്തയിലാണ് ഉച്ചകോടി. എട്ടാം തീയതി മുതല്‍ 11 വരെ ഡല്‍ഹിയില്‍ ജി 20 ഉച്ചകോടിയാണ്.
ഒഡീഷയിലെ ബാലസോറില്‍ 296 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടക്കേസില്‍ സിബിഐ അറസ്റ്റു ചെയ്ത മൂന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അരുണ്‍ കുമാര്‍ മഹന്ത, സെക്ഷന്‍ എന്‍ജിനീയര്‍ അമീര്‍ ഖാന്, ടെക്നീഷ്യന് പപ്പു കുമാര്‍ എന്നിവരെജൂലൈ ഏഴിന് അറസ്റ്റു ചെയ്തിരുന്നു.
ജി 20 ഉച്ചകോടി നടക്കുന്ന ഡല്‍ഹിയില്‍ 207 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം എട്ടു മുതല്‍ 11 വരെയാണ് നിയന്ത്രണം. റദ്ദാക്കിയ ട്രെയിനുകളില്‍ അധികവും ഡല്‍ഹിയില്‍നിന്ന് ദക്ഷിണ ഹരിയാനയിലെ സോനിപത്- പാനിപ്പത്ത്, റോഹ്തക്, റെവാരി, പല്‍വാല്‍ റൂട്ടുകളിലാണ് ഓടുന്നത്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി. ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 36 ട്രെയിനുകള്‍ ഭാഗികമായേ സര്‍വീസ് നടത്തൂ. മുന്നൂറോളം ട്രെയിനുകളെ നിയന്ത്രണം ബാധിക്കും.
ഡല്‍ഹിയില്‍ നടക്കുന്ന ജി 20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തില്‍ യുക്രെയിനെതിരേ പരാമര്‍ശം വേണമെന്നു റഷ്യ. സാധ്യമല്ലെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍. സമവായത്തിനു മൂന്നു ദിവസം നീളുന്ന ഷെര്‍പമാരുടെ യോഗത്തില്‍ ശ്രമിക്കുമെന്ന് ഇന്ത്യ അറിയിച്ചു.
ജി 20 ഉച്ചകോടിക്കു വിവിധ രാഷ്ട്രത്തലവന്മാര് കാണാതിരിക്കാന്‍ ഡല്‍ഹിയിലെ ചേരികള്‍ മറച്ചു. ജി 20യുടെ പ്രധാന വേദിയ്ക്കു സമീപത്തെ ചേരി അധികൃതര്‍ നേരത്തെ പൊളിച്ചു മാറ്റിയിരുന്നു.
തുടര്‍ച്ചയായി ലൈംഗിക അതിക്രമം നടത്തിയ 26 കാരനെ പതിനാലുകാരന് കഴുത്തറുത്ത് കൊന്നു. ദക്ഷിണ ഡല്‍ഹിയിലെ ബാട്ട്ല ഹൗസ് മേഖലയിലാണ് സംഭവം. ജാമിയ നഗറിലെ ഫ്ളാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയിലാണു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 14 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറു വയസുകാരിയെ സ്കൂള്‍ ബസില്‍ ലൈംഗികമായി പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. മകളുടെ ബാഗ് മൂത്രത്തില്‍ നനഞ്ഞത് എന്താണെന്നു ചോദിച്ചപ്പോഴാണ് കുട്ടി അമ്മയോടു കാര്യങ്ങള്‍ വിശദീകരിച്ചത്.
ഒഡീഷയിലെ ആറു ജില്ലകളില്‍ ഇടിമിന്നലേറ്റു 10 പേര് മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഭുവനേശ്വര്‍, കട്ടക്ക് എന്നിവയുള്‍പ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്.