ഇന്ത്യയുടെ ഭൂമി കൈയേറുകയും കൈയേറിയവയേയും കൈയേറാത്തവയേയും ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈയിടെ ലഡാക്ക് സന്ദര്‍ശിച്ചപ്പോഴും ആ നാട്ടുകാരെല്ലാം ചൈനയുടെ കൈയേറ്റം ചൂണ്ടിക്കാട്ടി. ഇക്കാര്യം താന്‍ ഉന്നയിച്ചപ്പോള്‍ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്നു മോദി പറഞ്ഞത് കള്ളമാണ്. സത്യം ജനങ്ങളെ അറിയിക്കണമെന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു പ്രഖ്യാപനവുമില്ലാതെ പിന്‍വലിച്ച പാചകവാതക സബ്‌സിഡി പുനസ്ഥാപിച്ചു. സിലിണ്ടറിന് 200 രൂപ കുറച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും യഥാര്‍ത്ഥത്തില്‍ നിറുത്തലാക്കിയ സബ്‌സിഡി പുനസ്ഥാപിക്കുകയാണു ചെയ്തത്. സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്കു ലഭിക്കും.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകാര്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. മുന്‍ മാനേജര്‍ ബിജു കരീം, പി.പി കിരണ്‍, അനില്‍ സേട്ട് എന്നിവരാണ് ഹാജരായത്. കഴിഞ്ഞയാഴ്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. നാളെ ഹാജരാകണമെന്ന് മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൊയ്തീന്‍ സാവകാശം തേടിയിട്ടുണ്ട്.
കാസര്‍കോഡ് കുമ്പളയില്‍ പോലീസ് പിന്തുടര്‍ന്നതുമൂലം കാറപകടത്തില്‍ പതിനേഴുകാരനായ ഫര്‍ഹാസ് മരിച്ചതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു ബന്ധുക്കള്‍. പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. എസ് ഐ രജിത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് മാറ്റിയത്.
ഗൂഡല്ലൂര്‍ ആറാട്ടുപാറയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിയുടെ മാതാപിതാക്കളടക്കം മൂന്നു പേരെ കൊന്ന കേസില്‍ വയനാട് കൃഷ്ണഗിരി സ്വദേശി ലെനിന് 42 വര്‍ഷം തടവു ശിക്ഷ. ഊട്ടി വനിതാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. 2014 ജൂണ്‍ 23 ശനിയാഴ്ച രാത്രി പ്രതി ലെനിന്‍ ജോഷ്‌നയേയും അച്ഛന്‍, അമ്മ, മുത്തശി എന്നിവരെയാണു കുത്തുകയും വെട്ടുകയും ചെയ്തത്. ജോഷ്‌നയ്ക്കു കുത്തേറ്റെങ്കിലും രക്ഷപ്പെട്ടിരുന്നു.
എറണാകുളം – ചെന്നൈ റൂട്ടില്‍ ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി. സെപ്റ്റംബര്‍ മൂന്നിനു പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
ഗെയില്‍ പ്രകൃതിവാതക പൈപ്പു ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ തണ്ടപ്പേര് രജിസ്റ്ററിലും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിലും അടിയന്തര പരിഷ്‌കാരം വരുത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഗെയില്‍ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. എറണാകുളം, തൃശൂര്‍, പാലക്കാട് കോഴിക്കോട് മലപ്പുറം കാസര്‍കോട് ജില്ലകളിലെ 510 കിലോമീറ്ററിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്കു കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു എന്ന 23 കാരനാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിക്കരികില്‍ സൈന്‍ ബോര്‍ഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല.
തിരുവോണനാളില്‍ കൊല്ലം ഓച്ചിറയില്‍ ദമ്പതികള്‍ വീട്ടില്‍ തൂങ്ങിമരിച്ചു. ഓച്ചിറ മഠത്തില്‍ കാരായ്മ കിടങ്ങില്‍ വീട്ടില്‍ ഉദയന്‍, ഭാര്യ സുധ എന്നിവരാണ് മരിച്ചത്.
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാര്‍ ആണ് മരിച്ചത്. മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാക്കിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ തുളസിയെ ഇന്നലെ രാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
‘ഇന്ത്യ’ സഖ്യ യോഗം നാളെ മുംബൈയില്‍. ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തിനായി കടുംപിടിത്തമില്ലെന്നു കോണ്‍ഗ്രസ്. ഇതേസമയം, അരവിന്ദ് കെജരിവാളിനെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
ചൈനീസ് ഗവേഷണ കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക്. കപ്പലിന് അനുമതി നല്‍കിയിട്ടും വിവരം ശ്രീലങ്ക സ്ഥിരീകരിച്ചില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൊളംബോ സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനീസ് കപ്പല്‍ എത്തിയത്.
മണിപ്പൂരില്‍ കര്‍ഷകര്‍ക്കു നേരെയുള്ള വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്കു നേരെയാണു വെടിവച്ചത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു.
ശ്രീലങ്കയില്‍നിന്ന് മയക്കുമരുന്നും ആയുധങ്ങളും കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍ മാനേജര്‍ ആദി ലിംഗത്തിന് എതിരായ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍. എക്‌സ് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വെളിപെടുത്തിയത്. കേസില്‍ ആദി ലിംഗം അറസ്റ്റിലായിരുന്നു.
റഷ്യയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്‌നര്‍ സേനാ തലവന്‍ പ്രിഗോഷിന്റെ മൃതദേഹം സംസ്‌കരിച്ചു. സര്‍ക്കാര്‍ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല. ഔദ്യോഗിക ബഹുമതികളൊന്നും ഇല്ലാതെയായിരുന്നു സംസ്‌കാരം.