ഷാരൂഖ് ഖാന് നായകനായി എത്തുന്ന ചിത്രം ‘ജവാനി’ലെ പുതിയ ഗാനമെത്തി. ‘രാമയ്യ വസ്തവയ്യ’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഷാരൂഖ് നിറഞ്ഞാടുന്ന ഗാനത്തില്‍ നയന്‍താരയും പ്രത്യക്ഷപ്പെടുന്നുണ്ട്. അനിരുദ്ധിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍, വിശാല്‍ ദദ്ലാനി, ശില്പ റാവു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍- ബോളിവുഡ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാന് സെപ്റ്റംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. ആറ്റ്ലിയാണ് ജവാന് സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്ലിയുടെയും നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിയവരും ഷാരൂഖിനും നയന്‍താരക്കും ഒപ്പം ചിത്രത്തിലുണ്ട്. തെന്നിന്ത്യയുടെ മക്കള്‍ സെല്വന് വിജയ് സേതുപതിയാണ് ജവാനിലെ വില്ലന്‍. ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും മകനുമാണ് ഈ കഥാപാത്രങ്ങള്‍. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസിനെത്തും.