കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 105 ശതമാനം നേട്ടവുമായി നിക്ഷേപകരുടെ ആസ്തി ഇരട്ടിയാക്കിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിനു കീഴിലെ ടെലികോം കമ്പനിയായ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മൊത്തം മൂല്യം നിലവില്‍ 51,636 കോടി രൂപയാണ്. 1,75,000 കടപത്രങ്ങള്‍ വഴി 1,750 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ നീക്കമാണ് ഈ മള്‍ട്ടി ബാഗര്‍ ഓഹരിയെ റെക്കോഡിലെത്തിച്ചത്. രേഖ ജുന്‍ജുന്‍വാല ജൂണ്‍ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഓഹരി വിഹിതം ഉയര്‍ത്തിയിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് 1.34 ലക്ഷം ഓഹരികളാണ് പുതുതായി വാങ്ങിയിരിക്കുന്നത്. ഇതോടെ രേഖയുടെ മൊത്തം നിക്ഷേപ വിഹിതം 1.84 ശതമാനമായി. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഭൂരിഭാഗം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈയിലാണ്. 41.4 ശതമാനമാണ് പൊതുഓഹരി ഉടമകള്‍ക്കുള്ളത്. ഇതില്‍ തന്നെ 9.95 ശതമാനം ഓഹരികള്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്കും 16.63 ശതമാനം വിദേശ നിക്ഷേപകര്‍ക്കുമുണ്ട്. ജൂണ്‍ 2023ല്‍ അവസാനിച്ച ആദ്യ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലാഭം 29.8% ഇടിഞ്ഞ് 381.7 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനകാലയളവില്‍ ഇത് 544.8 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ വരുമാനം 17.1 ശതമാനം വളര്‍ച്ചയോടെ 3,912 കോടി രൂപയായി.