ഇടുക്കിയില്‍ ചട്ടം ലഘിച്ച് സിപിഎം ഓഫീസുകള്‍ നിര്‍മിക്കുന്നതു തടയാന്‍ ഹൈക്കോടതി ഉത്തരവ്. ശാന്തന്‍പാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മണം തടയണമെന്നു കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഉത്തരവു നടപ്പാക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴല്‍നാടന്‍. വ്യാജ കടലാസ് കമ്പനികളുടെ പേരിലാണു സര്‍ക്കാര്‍ കോടികളുടെ തട്ടിപ്പുകള്‍ നടത്തുന്നത്. വീണക്ക് കരിമണല്‍ കമ്പനിയില്‍നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്നു പറയാന്‍ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയെ പോലീസ് മര്‍ദിച്ചെന്നു മൊഴി നല്‍കിയ മന്‍സൂറിനെ ഇരുപതോളം പോലീസുകാര്‍ മര്‍ദിച്ചതെന്ന് പിതാവ് അബൂബക്കര്‍. മയക്കുമരുന്നുകേസില്‍ താമിര്‍ ജിഫ്രിക്കൊപ്പം അറസ്റ്റിലായ മന്‍സൂറിന്റെ പോക്കറ്റില്‍ പൊലീസാണു ലഹരിമരുന്നു വച്ചത്. മന്‍സൂറിന്റെ ശരീരത്തിലുടനീളം മുറിവുകളുണ്ടായിരുന്നു.
ഡീസല്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനു പിറകേ സമീപത്തെ കിണറില്‍ തീപിടിത്തം. അങ്ങാടിപ്പുറം ചീരട്ടാമല റോഡില്‍ പരിയാപുരത്ത് ബിജുവിന്റെ വീട്ടിലെ കിണറിലാണു തീ ആളിക്കത്തിയത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വിച്ചിട്ടപ്പോഴാണ് തീ ആളിക്കത്തിയത്. ഇരുപതിനായിരം ലിറ്റര്‍ ഡീസലാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട് അളക്കാന്‍ പോയ സര്‍ക്കാര്‍ ആദ്യം സിപിഎമ്മിന്റേയും സിപിഎം നേതാക്കളുടേയും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎമ്മിന്റെ അനധികൃത ഓഫീസ് നിര്‍മാണത്തിനെതിരേ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും സതീശന്‍.
ടിപി കേസ് പ്രതികള്‍ വിലങ്ങില്ലാതെ ട്രെയിന്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊടി സുനിയേയും എം സി അനൂപിനേയുമാണു വിലങ്ങില്ലാതെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂരിലേക്കു കൊണ്ടുപോയത്. കെ കെ രമ എംഎല്‍എയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. യാത്രക്കിടെ പാര്‍ട്ടി അനുഭാവികളുമൊത്തു ഫോട്ടോ എടുത്തെന്നും രമ ആരോപിച്ചു.
മലപ്പുറം തുവ്വൂര്‍ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാല്‍ കഴിഞ്ഞ മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
ഏസി ഹെല്‍മറ്റുകളുമായി ഗുജറാത്തിലെ അഹമ്മദാബാദ് ട്രാഫിക് പോലീസ്. ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ധരിക്കുന്നയാള്‍ ബാറ്ററി അരയില്‍ ഘടിപ്പിക്കണം. എട്ട് മണിക്കൂറാണ് ബാറ്ററി ബാക്കപ്പ്. ഗുജറാത്ത് പോലീസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ചന്ദ്രയാന്‍ 3 നെതിരെ മോശമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിലാണു കേസ്. ചന്ദ്രയാന്‍ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരില്‍ ചന്ദ്രനില്‍ ചായ അടിക്കുന്ന ഒരാളുടെ കാര്‍ട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പാചകവാതക സിലിണ്ടറുകള്‍ 500 രൂപക്കു നല്‍കും. വനിതകള്‍ക്ക് പ്രതിമാസം 1500 രൂപ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി, 100 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പബ്ജി പ്രണയ നായിക സീമ ഹൈദര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി അയച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ഉന്നത നേതാക്കള്‍ക്കും രാഖി അയച്ചിട്ടുണ്ട്. രക്ഷാബന്ധന്‍ ഉത്സവത്തിന് മുന്നോടിയായാണു താന്‍ രാഖികള്‍ അയച്ചതെന്നു സീമ പറഞ്ഞു.
രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ രാഖി അണിയിക്കാന്‍ പാകിസ്ഥാന്‍ സഹോദരി ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ് എത്തും. നരേന്ദ്ര മോദിയുടെ ആരാധികയാണ് പാക് സ്വദേശിയായ ഖമര്‍ മൊഹ്സിന്‍ ഷെയ്ഖ്. വിവാഹശേഷം അഹമ്മദാബാദിലാണ് താമസം. 30 വര്‍ഷത്തിലേറെയായി പ്രധാനമന്ത്രി മോദിയെ ഇവര്‍ രാഖി അണിയിക്കാറുണ്ട്.
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയില്‍ എത്തി. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങള്‍.