സ്മാര്‍ട്ട്‌ഫോണിനൊപ്പം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഇയര്‍ഫോണുകള്‍ വൃത്തിയാക്കുന്നത് മറന്നു പോവുകയാണെങ്കില്‍, അവ ഓര്‍മ്മിപ്പിക്കാന്‍ ഇനി ഗൂഗിളും ഉണ്ടാകും. ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ് ലഭിക്കുക. പിക്‌സല്‍ ബഡ്‌സ് ഇയര്‍ഫോണുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാന്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന സംവിധാനത്തിനാണ് ഗൂഗിള്‍ രൂപം നല്‍കിയിരിക്കുന്നത്. പിക്‌സല്‍ ബഡ്‌സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഇയര്‍ഫോണ്‍ വൃത്തിയാക്കാനുള്ള അറിയിപ്പ് എത്തും. ഇയര്‍ഫോണിന്റെ ഗുണമേന്മ നിലനിര്‍ത്താനും, ബഡ്‌സ് കൃത്യമായി ചാര്‍ജ് ആവുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പിക്‌സല്‍ ബഡ്‌സ് വൃത്തിയാക്കുന്നതിലൂടെ സാധിക്കും. ഏത് ഇയര്‍ബഡ്‌സ് ഉപയോഗിക്കുന്നവര്‍ക്കും പിന്തുടരാവുന്ന നിര്‍ദ്ദേശമാണിത്. ചെവിക്കകത്ത് തിരുകി വെച്ച് ഉപയോഗിക്കുന്ന ഇയര്‍ഫോണുകളില്‍ പലപ്പോഴും ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പും മറ്റ് പൊടിപടലങ്ങളും അടിഞ്ഞു കൂടാറുണ്ട്. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ഇയര്‍ഫോണ്‍ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.