ആപ്പിളിന്റ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 15 ഇന്ത്യയില്‍ നിര്‍മ്മിക്കും. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ നിര്‍മ്മാണ പാര്‍ട്ണര്‍ ഫോക്‌സ്‌കോണ്‍ തമിഴ്‌നാട്ടിലെ ശ്രീ പെരമ്പത്തൂരിലുള്ള പ്ലാന്റില്‍ ഐഫോണ്‍ 15 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 12നുതന്നെ ഐഫോണ്‍ 15 ആപ്പിള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണത്തിന്റെ അളവ് കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഉത്പാദനം വേഗത്തിലാക്കാന്‍ ഫോക്സ്‌കോണ്‍ തീരുമാനിച്ചിരിക്കുന്നത്. ഐഫോണ്‍ 15 ലോഞ്ച് ചെയ്യുമ്പോള്‍തന്നെ വിപണിയില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഫോക്സ്‌കോണിന് പുറമെ, പെഗാട്രോണും ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത വിസ്ട്രോണും ഉടന്‍ തന്നെ ഇന്ത്യയിലെ ഐഫോണ്‍ 15 നിര്‍മ്മാണം ആരംഭിക്കും. ഐഫോണ്‍ 15ന് ഇന്ത്യയില്‍ 79,900 രൂപയുണ്ടാകുമെന്നാണ് സൂചന. 2017 മുതല്‍ ഇന്ത്യയില്‍ ഐഫോണ്‍ അസംബ്ലിംഗ് ആരംഭിച്ചിരുന്നു. രാജ്യത്ത് ആദ്യമായി അസംബിള്‍ ചെയ്ത മോഡലാണ് ഐഫോണ്‍ എസ്.ഇ. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിന് ശേഷം ഐഫോണ്‍ 14 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 2023 മാര്‍ച്ചിലെ കണക്ക്പ്രകാരം മൊത്തം ഐഫോണുകളുടെ ഏകദേശം 7 ശതമാനം ഇന്ത്യയിലാണ് നിര്‍മ്മിച്ചത്. ആപ്പിളിന് ഇപ്പോള്‍ ഇന്ത്യയില്‍ മുംബയിലും ഡല്‍ഹിയിലും ഔദ്യോഗിക റീട്ടെയില്‍ സ്റ്റോറുകളുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ ഐഫോണ്‍ വിപണിയായി ഇന്ത്യ മാറി.