2021-22 വര്‍ഷത്തില്‍ റെക്കോഡ് വരുമാനവുമായി എച്ച്.എല്‍.എല്‍. വിവിധ പദ്ധതികളിലായി 35, 668 കോടിയുടെ വരുമാനം ലഭിച്ചു. ഇതില്‍ ലാഭവിഹിതമായി 122.47 കോടി രൂപ സര്‍ക്കാരിന് നല്കി. ഇക്കാലയളവിലെ മൊത്തം ലാഭം 551.81 കോടിയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും കേന്ദ്ര കേന്ദ്രസര്‍ക്കാര്‍ ഏല്പിച്ചത് എച്ച്. എല്‍.എല്ലിനെയായിരുന്നു. 2022 ഏപ്രില്‍ 31ലെ കണക്കുകള്‍ പ്രകാരം 4.36 കോടി എന്‍95 മാസ്‌ക്, 2.7 കോടി ഗ്ലൗസ്, 1.73 കോടി ഗോഗിള്‍സ്, 22,268 ത്തില്‍പ്പരം വെന്റിലേറ്ററുകള്‍ എന്നിവ വിതരണം ചെയ്തു. വൈവിദ്ധ്യ വത്കരണത്തിന്റെ ഭാഗമായി സി.ആര്‍.ഡി.സി വികസിപ്പിച്ചെടുത്ത ഗ്രാഫീന്‍ കോണ്ടം വിപണിയിലിറക്കാന്‍ പദ്ധതിയുണ്ട്. കൂടാതെ ഹെല്‍ത്ത് കെയര്‍ രംഗത്തെ നവീന സങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന 19ഓളം സ്ഥാപനങ്ങളെ കണ്ടെത്തി എംപാനല്‍ ചെയ്യും. ഭോപ്പാലിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സുമായി മെഡിക്കല്‍ ലാബ് മെയിന്റനന്‍സിന്റെയും മെഡിക്കല്‍ ഇമേജ് സര്‍വീസസിന്റെയും കരാര്‍ ഒപ്പുവച്ചു. ദുബായില്‍ നടന്ന അറബ് ഹെല്‍ത്ത് 2023 എക്‌സ്പോയില്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷം ലാഭത്തിലായതോടെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കി. അന്തര്‍ദേശീയ തലത്തില്‍ ബിസിനസ് കൂടുതല്‍ സജീവമാക്കാനും ഉത്പാദന മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാനുമാണ് എച്ച്.എല്‍.എല്‍ ലക്ഷ്യമിടുന്നത്.