കൈതോലപ്പായയില്‍ പണം കടത്തിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് വ്യവസായമന്ത്രി പി രാജീവ് ആണെന്നും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്. തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കേയാണ് വീണ്ടും ഫേസ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളം കലൂരിലുള്ള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ടു കോടി 35 ലക്ഷം രൂപയാണു കൊണ്ടുപോയത്. അങ്ങനെ തുറന്ന് എഴുതിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയില്‍ തന്നെ ആയിരിക്കുമായിരുന്നു. ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു.
ദേവികുളം തെരഞ്ഞെടുപ്പു കേസില്‍ തന്റെ കുടുംബം 1949 മുതല്‍ കേരളത്തിലുണ്ടെന്ന് എതിര് സത്യവാങ്മൂലം സമര്‍പ്പിച്ച് എ രാജ. ക്രിസ്തുമതത്തിലേക്കു താന്‍ മാറിയെന്ന മൊഴി അവിശ്വസനീയമാണ്. മാമോദീസ മുക്കിയെന്നു മൊഴി നല്കിയ വൈദികന് അന്ന് പ്രായം 13 മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ എ രാജ വിശദീകരിച്ചു.
റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ഖത്തറിലുള്ള മുഖ്യപ്രതിയും വ്യവസായിയുമായ സത്താറിന് പാസ്പോര്‍ട്ട് പുതുക്കാന്‍ പൊലീസ് വഴിവിട്ടു സഹായിച്ചെന്നു റിപ്പോര്‍ട്ട്. സത്താറിനെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. 2021 ലാണ് എംബസി വഴി പാസ്പോര്‍ട്ട് പുതുക്കാന്‍ സത്താര്‍ അപേക്ഷ നല്‍കിയത്. കായംകുളം പോലീസ് ക്ലിയറന്‍സ് നല്‍കിയതോടെ 2031 വരെ പാസ്പോര്‍ട്ട് പുതുക്കി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ അമ്മയാണെന്നു റിപ്പോര്‍ട്ട്. ഗൂഗിള്‍പേ വഴിയാണ് തുക കൈമാറിയത്. ആരോഗ്യ പ്രശ്നംമൂലമാണ് നസീറിന്റെ അമ്മ എത്താതിരുന്നത്. നസീറിനെതിരേ കേസ് നടക്കുന്നതിനിടെ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരുന്നു. പിന്നീട് സിഒടി നസീര്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബൂത്തുതോറും മന്ത്രിപ്പടയെ ഇറക്കിയുള്ള പ്രചാരണം ഉണ്ടാകില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് എല്‍ഡിഎഫ് എല്ലാ മന്ത്രിമാരേയും ഇറക്കേണ്ടെന്നു തീരുമാനിച്ചത്. മണ്ഡലത്തില്‍ താമസിക്കുന്ന മന്ത്രി വി എന്‍ വാസവന് പുതുപ്പള്ളി പ്രചാരണത്തിനുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ബിജുവും കെ കെ ജയചന്ദ്രനുമാണ് ചുമതല.
മാത്യു കുഴല്നാടന് എംഎല്‍എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ടില്‍ വീട് എന്ന പേരില്‍ നിര്‍മ്മിച്ച രണ്ടു കെട്ടിടങ്ങള്‍ റിസോര്‍ട്ടിന്റെ ഭാഗമാക്കി. 2018 ലാണ് ഈ കെട്ടിടങ്ങള്‍ പണിതത്. ചിന്നക്കനാല്‍ പഞ്ചായത്ത് റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു. ചിന്നക്കനാലില്‍ കപ്പിത്താന്‍സ് ഡെയ്ല്‍ എന്ന പേരിലാണ് മാത്യു കുഴല്‍നാടനും പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും ചേര്‍ന്ന് റിസോര്‍ട്ട് നടത്തുന്നത്.
മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്ഷകന് കെഎസ്ഇബി മൂന്നര ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈമാറി. ആന്റണി ജോണ്‍ എംഎല്‍എയാണു കര്‍ഷകനായ തോമസിന് ചെക്ക് കൈമാറിയത്.
കണ്ണൂര്‍ കൊട്ടിയൂര്‍ ബിജു വധക്കേസില്‍ പ്രതികളായ മങ്കുഴി വീട്ടില്‍ ജോസും ശ്രീധരനും ജീവപര്യന്തം തടവും പിഴയും. 2021 ഒക്ടോബര്‍ 10 നായിരുന്നു ആസിഡ് എറിഞ്ഞും വെട്ടിയും ബിജുവിനെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി ജോസിനെതിരെ കേസ് നല്കിയതിനുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കാപ്പ കേസിലെ പ്രതിയില്‍നിന്ന് അറുപതിനായിരം രൂപയുടെ പേന പൊലീസ് സിഐ മോഷ്ടിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം. തൃത്താല സിഐ വിജയകുമാരനെതിരെ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്കി. പ്രതിയായ ഫൈസല്‍ നല്കിയ പരാതിയിലാണ് നടപടി
യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും കേസില്‍ പ്രതികളാക്കും. ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ടു ഡോക്ടര്‍മാരേയും രണ്ടു നഴ്സുമാരേയുമാണ് പ്രതികളാക്കുന്നത്. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍നിന്ന് ഒഴിവാക്കും.
മാര്‍പാപ്പയുടെ പ്രതിനിധിയായി കൊച്ചിയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളാണ് പരാതി നല്‍കിയത്. നയതന്ത്ര പരിരക്ഷയില്ലെങ്കില്‍ രാജ്യത്തുനിന്ന് പുറത്താക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ക്കലയില്‍ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അജിത്ത് കോടതിയില്‍നിന്ന് ഇറങ്ങി ഓടി. പിറകേ ഓടിയ പൊലീസ് പ്രതിയെ പിടികൂടി. സബ് ജയിലില്‍നിന്നു വര്‍ക്കല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം.
കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബുവിനെ കൊല്ലം ചടയമംഗലത്ത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.. ആയൂരില്‍ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചല്‍ സ്വദേശിയായ ബാബു.
പാവറട്ടി വെങ്കിടങ്ങില്‍ അഞ്ചു ഗ്രാം എം.ഡി.എം.എമായി യുവാവിനെ പാവറട്ടി പോലീസ് പിടികൂടി. കൂനംമുച്ചി സ്വദേശി കൃഷ്ണകുമാറിനെ (30) ആണ് അറസ്റ്റു ചെയ്തത്.
മണിപ്പൂരില്‍ ഇന്നലെ രണ്ടിടങ്ങളില്‍ വെടിവയ്പ്. നാലു ജില്ലകളില്‍ നിന്നായി ആയുധങ്ങള്‍ പിടികൂടി. നാലുപേര്‍ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ കല്യാണില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയെ ഇരുപതുകാരന് ആക്രമിച്ചത്. പ്രതിയെ കൈയോടെ പിടികൂടി.
