ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ചവര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം – കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്.
ലൈഫ് ഭവന പദ്ധതിയില്‍ ജൂലൈ 31 വരെ 3,48,026 വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി എം.ബി രാജേഷ്. 1,17,762 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതടക്കം മൊത്തം 4,65,788 വീടുകളാകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 1201 കുടുംബങ്ങള്‍ക്ക് ഈ യൂണിറ്റുകള്‍ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനിയറിംഗ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയായ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയില്‍ കീഴടങ്ങിയ ജെയ്ക് ജാമ്യമെടുത്തു. 2016 ല്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് അക്രമം നടത്തിയത്.
മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ,് എല്‍ഡിഎഫ് നേതാക്കള്‍ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയില്‍ മാസപ്പടി വിവാദം ചര്‍ച്ചയാക്കാത്തത്. മിത്ത് വിവാദം പുതുപ്പള്ളിയില്‍ പ്രചാരണ വിഷയമാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികളുടെ മരിച്ച കേസില്‍ നാലു പ്രതികള്‍ക്കു നുണ പരിശോധന നടത്താന്‍ സിബിഐ അപേക്ഷ നല്‍കി. പാലക്കാട് പോക്‌സോ കോടതിയിലാണ് സിബിഐ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചത്. പ്രതികളായ വി മധു, എം മധു, ഷിബു, പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവര്‍ക്കാണു നുണ പരിശോധന. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സാധാരണക്കാരെ ഇരുമ്പുകൂടംകൊണ്ട് അടിക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്‍എസ്എസ് പറയുന്ന സമദൂരം എന്നതിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ത്ഥമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞ് വ്യാജ എസ്എംഎസ്, വാട്സ് ആപ്പ് സന്ദേശങ്ങള്‍ നല്‍കിയാണു തട്ടിപ്പ്. സന്ദേശത്തിലെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബി ഉദ്യോഗസ്ഥനാണെന്ന വ്യാജേന സംസാരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുകയാണു ചെയ്യുന്നതെന്ന് കെഎസ്ഇബി മുന്നറിയിപ്പു നല്‍കി.
സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 102 ഇടത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലെ കാന്റീനുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.
കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡു ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മൂന്ന് പേരെയാണ് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് സസ്‌പെന്റ് ചെയ്തത്.
കുര്‍ബാനത്തര്‍ക്കം നിലവിലുള്ള എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞു. പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആര്‍ച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രവേശിപ്പിച്ചു.
അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ട്രാന്‍സ്‌ജെന്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണുന്നതിനിടെയാണു സംഭവം. പ്രതിയായ ട്രാന്‍സ്‌ജെന്റര്‍ ഗീതുവിനെ അറസ്റ്റു ചെയ്തു.
ഇടുക്കി വണ്ടന്മേടിനു സമീപം കറുവക്കുളത്ത് പഴകിയ മൃതദേഹം കണ്ടെത്തി. ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിലാണു മൃതദേഹം കിടന്നിരുന്നത്. കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.
ചേര്‍ത്തല ദേശീയപാതയില്‍ പട്ടണക്കാട് ബിഷപ്പൂര്‍ സ്‌കൂളിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. പട്ടണക്കാട് കാളിവീട് മോഹനന്‍ ചെട്ടിയാരാണ് (50) മരിച്ചത്.
വാര്‍ത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് സുപ്രീം കോടതി. എന്‍ബിഎ ചട്ടക്കൂട് ശക്തമാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എന്‍ബിഎ ചട്ടം പാലിക്കാത്ത ചാനലുകള്‍ക്ക് ഒരു ലക്ഷം രൂപയാണ് പിഴശിക്ഷ. ഈ തുക വര്‍ധിപ്പിക്കണമെന്നും കോടതി പറഞ്ഞു.
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലേക്കു കുറേക്കൂടി അടുത്തു. പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം. നാലാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ 16 നു രാവിലെ എട്ടരയ്ക്കാണ്.
ഏതാനും മാസങ്ങള്‍ക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതിനു വിദ്യാര്‍ഥിയും അച്ഛനും ജീവനൊടുക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യാ പ്രവണതകള്‍ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. കൊച്ചി വിമാനത്താവളത്തില്‍ അശോകിനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.
തുരുപ്പതി തിരുമല- അലിപിരി നടപ്പാത പ്രദേശത്ത് അഞ്ചു പുലികളുണ്ടെന്ന് വനംവകുപ്പ്. കഴിഞ്ഞ ദിവസം കുഞ്ഞിനെ ആക്രമിച്ചു കൊന്ന ഒരു പുലിയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇനിയും ഈ പ്രദേശത്തു പുലികളുണ്ടെന്നു വീഡിയോ കാമറകളില്‍നിന്നു വ്യക്തമാണെന്ന് വനംവകുപ്പ് വെളിപെടുത്തി.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ ദുരുപയോഗിക്കുന്നതു തടയാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്‍ ലതീഫ് അല്‍ ഷെയ്ഖ്. സൗദിയില്‍ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ വാഹനങ്ങളെപ്പോലും ആക്രമിക്കാവുന്ന അതിശക്തമായ ലേസര്‍ രശ്മികള്‍ ചൈന വികസിപ്പിച്ചെടുത്തു. ഊര്‍ജ ആയുധ സാങ്കേതിക വിദ്യയില്‍ വലിയ മുന്നേറ്റം കൈവരിച്ചതായി ചൈനീസ് സൈന്യം അവകാശപ്പെട്ടു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമിതമായ ഊര്‍ജ പ്രസരണം ഇല്ലാതെത്തന്നെ അനന്തമായ ലക്ഷ്യത്തിലേക്ക് പ്രയോഗിക്കാവുന്ന അത്യാധുനിക ലേസര്‍ സംവിധാനമാണ് ചാങ്ഷയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്.