ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലായ് 28 ന് അവസാനിച്ച ആഴ്ച്ചയില്‍ 3.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 603.87 ബില്യണ്‍ ഡോളറിലേക്ക് എത്തി. തൊട്ടുമുന്‍പത്തെ ആഴ്ചയായ ജൂലായ് 21 ന് അവസാനിച്ച ആഴ്ച്ചയിലും വിദേശനാണ്യ കരുതല്‍ ശേഖരം കറഞ്ഞിരുന്നു. 1.9 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 607.03 ബില്യണ്‍ ഡോളറിലേക്ക് ആണ് ആ ആഴ്ചയില്‍ എത്തിയത്. ആര്.ബി.ഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വിദേശ കറന്‍സി ആസ്തി 2.4 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 535.33 ബില്യണ്‍ ഡോളറിലേക്ക് എത്തിയെന്ന് വ്യക്തമാക്കുന്നു. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്. വിദേശ കറന്‍സി ആസ്തികള്‍ ഡോളറിലാണ് പറയുന്നതെങ്കിലും വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ കറന്‍സികളുടെയും മൂല്യവര്‍ധനവും, മൂല്യത്തകര്‍ച്ചയും വിദേശ കറന്‍സി ആസ്തികളുടെ കാര്യത്തില്‍ സ്വാധീനിക്കും. സ്വര്‍ണശേഖരത്തില്‍ 710 മില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 44.904 ബില്ല്യണ്‍ ഡോളറിന്റേതായി. അന്താരാഷ്ട്ര നാണയ നിധിയിലെ ശേഖരം 11 മില്യണ്‍ ഡോളര്‍ താഴന്ന് 5.185 ബില്യണ്‍ ഡോളറാവുകയും ചെയ്തു. സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ് 29 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 18.444 ബില്യണ്‍ ഡോളറായി. വിദേശ നാണ്യ കരുതല്‍ ശേഖരം 2021 ഒക്ടോബറിലാണ് എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്.