കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകള്‍ 2,09,144 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10.57 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഇത്തവണ എഴുതിത്തള്ളിയ തുക. 2022 മാര്‍ച്ചില്‍ 1,74,966 കോടി രൂപയായിരുന്നു എഴുതിത്തള്ളിയത്. ഇത്തവണ 34,178 കോടി കൂടുതലായി 2.09 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇതോടെ മൊത്തം നിഷ്ക്രിയ ആസ്തി 10 വര്‍ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനമായി. 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 സാമ്പത്തികവര്‍ഷം വരെയുള്ള 10 വര്‍ഷത്തിനിടെ 15,31,453 കോടി രൂപയുടെ കിട്ടാക്കടമാണ് ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഈ വായ്പകള്‍ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ കണക്കില്‍ തുടരുമെങ്കിലും ഇവയുടെ വീണ്ടെടുക്കല്‍ പ്രയാസകരമാണ്. മൂന്നു വര്‍ഷത്തിനിടെ എഴുതിത്തള്ളിയ 5,86,891 കോടി രൂപയില്‍ 1.09 ലക്ഷം കോടി രൂപമാത്രമാണ് തിരിച്ചു പിടിക്കാനായത്. 2021 സാമ്പത്തിക വര്‍ഷം 30,104 കോടി രൂപയും 2022ല്‍ 33,354 കോടിയും 2023ല്‍ 45,548 കോടി രൂപയും മാത്രമാണ് തിരിച്ചെടുക്കാനായത്. കിട്ടാക്കടത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തി വായ്പ എഴുതിത്തള്ളുന്നതോടെ ബാങ്കിന്റെ ലാഭത്തില്‍നിന്ന് ഈ തുക കുറഞ്ഞതായി കാണിക്കും. ഇപ്രകാരം നിഷ്ക്രിയ ആസ്തികളുടെ തോത് കുറച്ചാല്‍ ബാങ്ക് നല്കേണ്ടിവരുന്ന നികുതിയിലും കുറവ് വരും. ഇതിനാണ് തിരിച്ചടവ് മുടങ്ങിയ വായ്പകളില്‍ ഒരുഭാഗം ബാങ്കുകള്‍ വര്‍ഷംതോറും എഴുതിത്തള്ളുന്നത്. അതേസമയം, ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയതെന്ന് ബാങ്കുകളോ റിസര്‍വ് ബാങ്കോ വെളിപ്പെടുത്തിയിട്ടില്ല.