P14 yt cover

മണിപ്പൂര്‍ കലാപത്തെച്ചൊല്ലി ബഹളംമൂലം പാര്‍ലമെന്റ് നിര്‍ത്തിവച്ചു. അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ടാണു പ്രതിപക്ഷ ബഹളം. ചര്‍ച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കിയിട്ടും ബഹളം വയക്കുന്നതു ഗൂഢോദ്ദേശ്യത്തോടെയാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കുറ്റപ്പെടുത്തി. ചര്‍ച്ച നടത്താതെ നീട്ടിക്കൊണ്ടുപോകാനാണു ഭരണപക്ഷ തന്ത്രം. പത്തിലേറെ അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്ന പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. ബഹളംമൂലം ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. തിരിച്ചടിക്കാനായി ബിജെപി എംപിമാരും നോട്ടീസ് നല്‍കി. പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളിലെ അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണു ബിജെപി എംപിമാരുടെ ആവശ്യം.

മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി മറുപടി പറയില്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലമെന്റില്‍ എന്നു ചര്‍ച്ച അനുവദിക്കുമെന്നു സ്പീക്കര്‍ ഓം ബിര്‍ള തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മണിപ്പൂരിലെ വംശീയഹത്യ അവസാനിപ്പിക്കാന്‍ രണ്ടര മാസമായിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടില്ലെന്നാണു പ്രതിപക്ഷ ആരോപണം.

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. പത്തു ദിവസത്തിനകം മറുപടി നല്‍കണം. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കും. ഏതു സമയം വേണമെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടനേ തീരുമാനം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ കോടതി ഗൗനിച്ചില്ല.

*നൊസ്റ്റാള്‍ജിക് എവര്‍ഗ്രീന്‍ ഫിലിം അവാര്‍ഡില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം*

https://dailynewslive.in/you-too-can-participate-in-the-nostalgic-evergreen-film-awards/

ഓണക്കാലത്തേക്കു ശമ്പളവും പെന്‍ഷനും ബോണസും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു 8000 കോടി രൂപ വേണ്ടിവരുമെന്ന് ധനവകുപ്പ്. ഉത്സവകാലത്തെ പ്രത്യേക ചെലവുകള്‍ക്കുള്ള തുക ഉള്‍പെടെയാണിത്. സാമ്പത്തിക അനുമതികള്‍ ആവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്ര ധനമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ 3398 കോടി രൂപയും മൂന്നു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ക്ക് 1800 കോടി രൂപയും വേണ്ടിവരും.

മണിപ്പൂരിലെ കാടത്തത്തിലൂടെ ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാളെ മൂവായിരം കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. സംഘപരിവാര്‍ സര്‍ക്കാരുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വംശീയക്കുരുതിയാണു മണിപ്പൂരിലെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു.

ഐഎസ് പ്രവര്‍ത്തനത്തിന് മോഷണം അടക്കമുള്ള മുറകളിലൂടെ ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തിലും സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന് എന്‍ഐഎ. ടെലഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു പ്രതികളുടെ ആശയ വിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ നാലു പേരെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. രണ്ടു പേര്‍ ഒളിവിലാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ധനികനായ എംഎഎല്‍മാരില്‍ ഒന്നാം സ്ഥാനം 64.14 കോടി രൂപയുടെ സ്വത്തുള്ള നിലമ്പൂരിലെ പി.വി അന്‍വറിനാണ്. 17.06 കോടി രൂപയുടെ ബാധ്യതകളുമുണ്ട്. രണ്ടാം സ്ഥാനം 34.77 കോടി രൂപയുടെ സ്വത്തും 33.51 ലക്ഷം രൂപയുടെ ബാധ്യതകളുമുള്ള മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനാണ്. പതിനഞ്ചു കോടി രൂപയുടെ ആസ്തിയുള്ള പിവി ശ്രീനിജനും പട്ടികയിലുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പിതാവായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകന്‍ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ക്ക് അറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മുസ്ലിം വ്യക്തി നിയമം പരിഷ്‌കരിക്കണമെന്ന് ഇനിയും സിപിഎം നേതാക്കള്‍ പറയുകയാണെങ്കില്‍ അതിനെ ജനാധിപത്യപരമായി ചെറുക്കുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സമദ് പൂക്കോട്ടൂര്‍. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ തുടരുകയാണെങ്കില്‍ സെമിനാറുകള്‍ക്ക് പ്രസക്തിയില്ലെന്നും സമദ് പറഞ്ഞു.

ലോക കേരളസഭക്ക് രണ്ടര കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. മേഖലാ സമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. യുഎസ് മേഖലാ സമ്മേളനത്തിന്റെ ചെലവുവിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

സോളാര്‍ കേസില്‍ വേട്ടയാടിയിട്ട് ഉമ്മന്‍ ചാണ്ടി മഹാനെന്നു പറയുന്നത് അപഹാസ്യമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സ്ത്രീ വിഷയങ്ങള്‍ ആരോപിച്ചത് ഉമ്മന്‍ ചാണ്ടിക്കു നെഞ്ചില്‍ കഠാര കുത്തുന്ന വേദനയുണ്ടാക്കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ ചാണ്ടി സംസാരിച്ചതാണ് സോളാര്‍ കേസിനു വിശ്വാസ്യത നല്‍കിയത്. ഭാര്യയും അന്നത്തെ ഒരു മന്ത്രിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചു പരാതിപ്പെടാനാണ് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചതെന്നും ഷിബു.

വയനാട് പുല്‍പ്പള്ളിയില്‍ല്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് യാത്രക്കാര്‍ക്കു പരിക്കേറ്റു. സീതാമൗണ്ടില്‍നിന്നു തൃശൂര്‍ക്കു രാവിലെ എട്ടിനു പുറപ്പെട്ട ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിലാണ് മറിഞ്ഞത്.

എറണാകുളം ചൊവ്വര ജങ്കാര്‍ പുഴക്കടവില്‍ കാര്‍ മുങ്ങി. കാറിലുണ്ടായിരുന്ന മൂന്നു പേരെ സ്‌കൂള്‍ വിദ്യാര്‍ത്ഥി ജോസഫ് പ്രദീപും നാട്ടുകാരനായ എബിന്‍ ജോയിയും ചേര്‍ന്നാണു രക്ഷപ്പെടുത്തിയത്.

ഗള്‍ഫില്‍നിന്ന് കഴിഞ്ഞ ദിവസം അവധിക്കുവന്ന യുവാവിന്റെ അടിയേറ്റു ഭാര്യ മരിച്ചു. പൊന്നാനി ജിഎം റോഡിനു സമീപം വാലിപറമ്പില്‍ ആലിങ്ങള്‍ സുലൈഖ എന്ന മുപ്പത്താറുകാരിയാണു കൊല്ലപ്പെട്ടത്. സംശയരോഗിയായ ഭര്‍ത്താവ് തിരൂര്‍ കൂട്ടായി യൂനസ് കോയ (40) ഒളിവിലാണ്.

വാഹനാപകടത്തില്‍ കാലൊടിഞ്ഞ് എട്ടു മാസമായി വീട്ടില്‍ കഴിയുന്ന പ്രവാസിക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ. പാലോട് പെരിങ്ങമ്മല സ്വദേശി അനില്‍ കുമാറിനാണ് ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാരണത്തതിനു പിഴ ചുമത്തിയത്. പത്തനം തിട്ട – എനാത്ത് ഭാഗത്ത് ഹെല്‍മറ്റ് ധരിക്കാതെ യാത ചെയ്തെന്നാണ് നോട്ടീസില്‍ പറയുന്നത്.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് ജനക്കൂട്ടം കത്തിച്ചു. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്റെ വീടാണ് കത്തിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്.

ജഡ്ജിമാര്‍ക്കുള്ള പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഉപയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എല്ലാ ഹൈക്കോടതിയിലേക്കുമായി നല്‍കിയ കത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വിശദമാക്കിയത്. പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ മൂലം ജുഡീഷ്യറിക്കെതിരേ വിമര്‍ശനം ഉയരാതെ ശ്രദ്ധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ടാറ്റായുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 800 പുതിയ ലീപ് എന്‍ജിനുകള്‍ വാങ്ങും. പുതുതായി വാങ്ങുന്ന 400 വിമാനങ്ങളിലേക്കാണ് ലീപ് എന്‍ജിന്‍ വാങ്ങുന്നത്.

രാജസ്ഥാനില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധവുമായി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ. ഹിന്ദു വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നു കനേരിയ ആവശ്യപ്പെട്ടു. കറാച്ചിയിലെ സോള്‍ജിയര്‍ ബസാറിലെ ക്ഷേത്രം വന്‍ പൊലീസ് സന്നാഹത്തോടെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്.

പുതുക്കിയ ഫിഫ റാങ്കിങ് അനുസരിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം 99-ാം സ്ഥാനത്ത്. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്, സാഫ് കപ്പ് കിരീടനേട്ടങ്ങളാണ് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചത്. അതേസമയം അര്‍ജന്റീന ഒന്നാം സ്ഥാനത്തു തുടരുന്നു. ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, ബല്‍ജിയം എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 202.35 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 115.35 കോടി രൂപയേക്കാള്‍ 75.42 ശതമാനം അധികവും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 333.89 കോടി രൂപയേക്കാള്‍ 39.40 ശതമാനം കുറവുമാണിത്. മൊത്ത വരുമാനം മാര്‍ച്ച് പാദത്തിലെ 2,318.33 കോടി രൂപയില്‍ നിന്ന് 2,386.35 കോടി രൂപയായി മെച്ചപ്പെട്ടു. 2022-23ലെ ജൂണ്‍പാദത്തിലെ 1,868.15 കോടി രൂപയേക്കാള്‍ 27.74 ശതമാനവും അധികമാണിത്. നിഷ്‌ക്രിയ ആസ്തി തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (ജൃീ് 2022-23ലെ 201 കോടി രൂപയില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 229 കോടി രൂപയില്‍ നിന്നും 288 കോടി രൂപയായി ഉയര്‍ന്നത് ബാങ്കിന്റെ ലാഭത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും, മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 5.87 ശതമാനത്തില്‍ നിന്ന് 5.13 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 2.87 ശതമാനത്തില്‍ നിന്ന് 1.85 ശതമാനത്തിലേക്കും കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. ബാങ്കിന്റെ മൊത്തം വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14.52 ശതമാനം ഉയര്‍ന്ന് 74,102 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകള്‍ 48 ശതമാനം, വ്യക്തിഗത വായ്പകള്‍ 93 ശതമാനം, സ്വര്‍ണ വായ്പകള്‍ 21 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. 2.50 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളും ബാങ്കിനുണ്ട്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 6.46 ശതമാനം വര്‍ദ്ധിച്ച് 92,043 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ 2.84 ശതമാനവും കാസ നിക്ഷേപത്തില്‍ 2.74 ശതമാനവുമാണ് വര്‍ദ്ധന. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 33.87 ശതമാനം ഉയര്‍ന്ന് 808 കോടി രൂപയായി.

കോണ്‍ടാക്ട് ലിസ്റ്റില്‍ പേര് സേവ് ചെയ്യാത്തവരുമായി എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വേണമെന്നത് വാട്സ്ആപ്പ് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. നേരത്തെ പേര് ആഡ് ചെയ്ത് നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്ത ശേഷം മാത്രമേ ഉപയോക്താവിന് എളുപ്പത്തില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കൂ. സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വരുമ്പോഴാണ് പുതിയ ഫീച്ചറിന്റെ ഉപയോഗം. എല്ലാവരെയും തിരിച്ചുവിളിക്കാന്‍ കഴിയണമെന്നില്ല. പകരം വാട്‌സ്ആപ്പില്‍ എളുപ്പത്തില്‍ മെസേജ് ചെയ്ത് കോളിനോട് പ്രതികരിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഉപയോക്താക്കള്‍ നീണ്ടകാലമായി ആവശ്യപ്പെട്ടു വന്നിരുന്നത്. ഇതിനാണ് പരിഹാരമായിരിക്കുന്നത്. ഇത്തരത്തില്‍ വന്ന കോളുകളിലെ ഫോണ്‍ നമ്പര്‍ ഫോണ്‍ കോള്‍ ലിസ്റ്റില്‍ നിന്ന് കോപ്പി ചെയ്ത് വാട്‌സ്ആപ്പില്‍ പേസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. തുടര്‍ന്ന് ചാറ്റില്‍ ക്ലിക്ക് ചെയ്ത് സന്ദേശം പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. കോപ്പി ചെയ്യുന്ന ഫോണ്‍ നമ്പര്‍ വാട്‌സ്ആപ്പ് ചാറ്റ് ലിസ്റ്റിന്റെ സെര്‍ച്ച് ബാറിലാണ് പേസ്റ്റ് ചെയ്യേണ്ടത്. നമ്പര്‍ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ വാട്‌സ്ആപ്പ് അത് കാണിക്കും. ചാറ്റ് ബട്ടണിന് താഴെയാണ് ഇത് തെളിയുക. അല്ലാത്ത പക്ഷം വലതുവശത്തുള്ള ചാറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

റഹ്‌മാന്‍ നായകനായി എത്തുന്ന ‘സമാറ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് ദീപക് വാര്യര്‍ ഈണം നല്‍കി അരവിന്ദ് നായര്‍ ആലപിച്ച ‘കാശ്മീരിന് ഈണം നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തിയറ്ററുകളില്‍ എത്തിക്കും. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്‌മാന്‍, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹിന്ദിയില്‍ ബജ്റംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍ സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കുളു- മണാലി, ധര്‍മ്മശാല, ജമ്മു കശ്മീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

തമിഴ് ചിത്രം ജയിലറിലെ കാവാലയ്യാ ഹിറ്റ് ഗാനത്തിന് ശേഷം ഇപ്പോഴിതാ തമന്നയുടെ നൃത്തം ഉള്‍പ്പെട്ട മറ്റൊരു ഗാനം കൂടി പുറത്തെത്തിയിരിക്കുകയാണ്. പക്ഷേ അത് തമിഴിലല്ല, തെലുങ്കില്‍ ആണ്. ചിരഞ്ജീവിയെ നായകനാക്കി മെഹര്‍ രമേശ് സംവിധാനം ചെയ്ത ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലേതാണ് ഗാനം. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക് ആണ് ചിത്രം. ചിത്രത്തിലെ മില്‍ക്കി ബ്യൂട്ടി എന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തെത്തിയിരിക്കുന്നത്. നായികാ നായകന്മാരായ തമന്നയും ചിരഞ്ജീവിയുമാണ് ഗാനരംഗത്തില്‍. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമന്നയുടെ കഥാപാത്രത്തിന്റെ പേര് അഡ്വ. ദീപിക എന്നാണ്. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടേതായി ഈ വര്‍ഷം പുറത്തെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.

ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടന്‍ സിദ്ദീഖ്. ബിഎംഡബ്ല്യുവിന്റെ 6 സീരീസ് ഗ്രാന്‍ഡ് ടുറിസ്മോയുടെ പെട്രോള്‍ പതിപ്പ് 630 ഐ എം സ്പോര്‍ട്സാണ് സിദ്ദീഖിന്റെ ഗാരിജിലെത്തിയ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സിദ്ദീഖ് പുതിയ കാര്‍ വാങ്ങിയത്. വാഹനത്തിന്റെ താക്കോല്‍ കൈമാറുന്ന വീഡിയോ ഇവിഎം ഓട്ടോക്രാഫ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ എക്സിക്യൂട്ടീവ് ലക്ഷ്വറി സെഡാനായ 6 സീരീസിന്റെ ഏറ്റവും പുതിയ മോഡല്‍ 2021ലാണ് വിപണിയിലെത്തിയത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളുണ്ട് ഈ വാഹനത്തിന്. 1998 സിസി പെട്രോള്‍ എന്‍ജിനാണ് 630ഐ എം സ്പോര്‍ട്സ് പതിപ്പില്‍. 258 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. വേഗം നൂറുകടക്കാന്‍ വേണ്ടത് 6.5 സെക്കന്‍ഡ് മാത്രം. 1995 സിസി എന്‍ജിനാണ് ഡീസല്‍ പതിപ്പായ 620 ഡി എം സ്പോര്‍ട്സില്‍. 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും. വേഗം മൂന്നക്കം കടക്കാന്‍ വേണ്ടത് 7.9 സെക്കന്‍ഡ് മാത്രം. പെട്രോള്‍ പതിപ്പിന്റെ എക്സ്ഷോറൂം വില 72.50 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന്റേത് 74.50 ലക്ഷം രൂപയുമാണ്.

ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞു കവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്‍മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. ‘അകലങ്ങളുടെ ആലിംഗനം’. ക്ഷേമ കെ തോമസ്. മാതൃഭൂമി ബുക്സ്. വില 263 രൂപ.

തടി കൂടുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. മുടി കൊഴിയുന്നതിന് കാരണങ്ങള്‍ പലതാണ്. ഇതിന് പോഷകക്കുറവ് മുതല്‍ മുടിയില്‍ ഒഴിയ്ക്കുന്ന വെള്ളം വരെ കാരണമാവാറുണ്ട്. ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് വണ്ണം കൂടുന്നതും മുടി കൊഴിയുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞത്. പ്രത്യേകിച്ചും വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഇതിനു കാരണമവാറുണ്ട്. വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ആന്‍ഡ്രൊജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഡിഎച്ച്ടി ഉല്‍പാദനം. ഇതിന്റെ ഉയര്‍ന്ന തോത് മുടി വേരുകളെ ദോഷകരമായി ബാധിക്കുന്നു. മുടി കൊഴിയാനും മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കാനും ഇടയാക്കുന്ന ഒന്നാണ് ഇത്. സ്ത്രീകളില്‍ പിസിഒഡി പോലുള്ള പല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത് അമിത വണ്ണമാണ്. ഇത് മുടി കൊഴിയാന്‍ ഇടയാക്കുന്ന കാരണം കൂടിയാണ്. ഇതു കൂടാതെ ഹൈപ്പോ തൈറോയ്ഡ് പ്രശ്‌നങ്ങളും അമിത വണ്ണത്തിന് ഇടയാക്കുന്നു. ഇതെല്ലാം തന്നെ മുടി കൊഴിയാനുള്ള കാരണമാണ്. മുടിയുടെ വളര്‍ച്ച മുരടിപ്പിക്കുന്ന കാരണങ്ങള്‍ കൂടിയാണിത്. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിയ്ക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. കൂടാതെ മുടി കൊഴിച്ചിലിനും ഇടയാക്കുന്നു. സ്ത്രീകളില്‍ മുഖ രോമങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു. അമിത വണ്ണം കാരണമുള്ള മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ വഴികളിലൂടെ വണ്ണം കുറയ്ക്കുന്നത് തന്നെയാണ് വഴി. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വഴിയുള്ള അമിത വണ്ണമെങ്കില്‍ ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെ ഫലം ലഭിക്കും. ഒപ്പം ആരോഗ്യകരമായ ഡയറ്റ്, ഭക്ഷണ നിയന്ത്രണം ഗുണം നല്‍കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.03, പൗണ്ട് – 105.37, യൂറോ – 91.24, സ്വിസ് ഫ്രാങ്ക് – 94.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.34, ബഹറിന്‍ ദിനാര്‍ – 217.65, കുവൈത്ത് ദിനാര്‍ -267.05, ഒമാനി റിയാല്‍ – 213.04, സൗദി റിയാല്‍ – 21.86, യു.എ.ഇ ദിര്‍ഹം – 22.33, ഖത്തര്‍ റിയാല്‍ – 22.53, കനേഡിയന്‍ ഡോളര്‍ – 62.23.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *