രാജ്യത്ത് തിരഞ്ഞെടുത്ത മോഡല്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. വിവിധ മോഡലുകള്‍ക്ക് 0.6 ശതമാനം മുതല്‍ വില വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍, ഡീസല്‍, വൈദ്യുത വാഹനങ്ങള്‍ക്കും വില ഉയരും. ജൂലൈ 17 മുതലാണ് വില വര്‍ദ്ധനവ് പ്രാബല്യത്തിലാകുക. മുന്‍കാലങ്ങളില്‍ ഉല്‍പ്പാദന ചെലവില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ വില വര്‍ദ്ധനവ്. ജൂലൈ 16 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങളെയും, ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങളെയും വില വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വര്‍ഷം മൂന്നാം തവണയാണ് ടാറ്റാ മോട്ടോഴ്സ് വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നത്. ജനുവരിയില്‍ 1.2 ശതമാനവും, ഏപ്രിലില്‍ 0.6 ശതമാനവും വില വര്‍ദ്ധിപ്പിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 2,26,245 വാഹനങ്ങളാണ് വിറ്റഴിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം ആഭ്യന്തര വില്‍പ്പന 80,383 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 79,606 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചത്.