ഉയരം കുറവാണെന്ന അപകര്‍ഷതാ ബോധം തലയ്ക്കു പിടിച്ച ഒരു യുവാവ് ഏഴിഞ്ച് ഉയരം കൂട്ടി ആറടിക്കാരനാകാന് ചെയ്ത സാഹസങ്ങള്‍ ഒന്നു കാണേണ്ടതുതന്നെ. ജോര്‍ജിയക്കാരനായ ഡിന്‍സല്‍ സിഗേഴ്സ് എന്ന ഇരുപത്തേഴുകാരന് അഞ്ചടി അഞ്ചിഞ്ചായിരുന്നു ഉയരം. നാവികസേനയിലായിരുന്നു ജോലി. കൂടുതല്‍ ഉയരമുണ്ടെങ്കില്‍ കൂടുതല്‍ ഭംഗിയുണ്ടാകുമെന്ന് ഡിന്‍സല്‍ സിഗേഴ്സിന് ഒരു തോന്നല്‍. സമപ്രായക്കാരായ യുവതികള്‍ തന്നെ ഒഴിവാക്കുന്നത് ആറടി ഉയരമില്ലാത്തതുകൊണ്ടാണെന്നു തോന്നിയാല്‍ എന്തു ചെയ്യും. തന്റെ ഉയരം കൂട്ടാന്‍ എന്തു ചെയ്യണമെന്ന ചിന്തയായി. ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരോടു കണ്സള്ട്ടു ചെയ്തു. ശസ്ത്രക്രിയകള്‍ നടത്തി കൈകാലുകളുടെ നീളം വര്‍ധിപ്പിക്കാമെന്നായി ഡോക്ടര്‍മാര്‍. അങ്ങനെ ഏഴ് ഇഞ്ച് ഉയരം കൂട്ടാന്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ തീരുമാനിച്ചു. മൂന്നു മാസംകൊണ്ട് ആറു ശസ്ത്രക്രിയകള്‍ നടത്തിയാണ് ഉയരം വര്‍ധിപ്പിക്കുന്നത്. ശസ്ത്രക്രിയകള്‍ക്കുള്ള ചെലവ് 66 ലക്ഷം രൂപ. ശസ്ത്രക്രിയയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. അസ്ഥികളുടെ വളര്‍ച്ച പൂര്‍ണ്ണമായും സാധ്യമായി ആരോഗ്യം പൂര്‍വസ്ഥിതിയിലാകാന്‍ ഒരു വര്‍ഷത്തോളം വേണം. അരയടിയിലേറെ ഏച്ചുകെട്ടിയതാണെങ്കിലും ആറടിക്കാരനായി നില്ക്കുമ്പോള് ഒരു ഗമയുണ്ടെന്നാണ് ഡിന്‍സല്‍ സിഗേഴ്സ് പറയുന്നത്. പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്നു പാടിയ മലയാളികളുടെ പ്രിയ കവി കുഞ്ഞുണ്ണി മാഷിനോളം എത്താന്‍ ഇവരെല്ലാം ഇനിയുമെത്രയോ വളരണം.