ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്സ് എന്നീ മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ട്രയംഫ് – ബജാജ് പങ്കാളിത്തത്തോടെ വിപണിയിലെത്തുന്ന ആദ്യ ബൈക്കുകളാണ് ഇവ. ഇന്ത്യയിലെ ബജാജ് പ്ലാന്റില്‍ നിര്‍മിച്ച ശേഷം വില്‍പനയും ബജാജ് തന്നെ നിര്‍വഹിക്കുമെന്നാണ് പ്രാഥമിക സൂചനകള്‍. ഇരു വാഹനങ്ങള്‍ക്കും 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. സ്പീഡ് 400 എന്ന മോഡലിന്റെ ഡിസൈന്‍ സ്ട്രീറ്റ് ട്വിന്‍ എന്ന മോഡലിനോടു വളരെ സാമ്യമുള്ള വിധത്തിലാണ്. സ്‌ക്രാംബ്ലര്‍ 900 മോഡലില്‍ കണ്ട വിധത്തിലുള്ള എലമെന്റുകള്‍ 400എക്സില്‍ കാണാം. ട്രയംഫ് വികസിപ്പിച്ച ടിആര്‍ സീരിസ് എന്‍ജിനാണ് വാഹനത്തിലുള്ളത്. 398 സിസി വാഹനത്തിനു 40 എച്ച്പി പരമാവധി കരുത്തും 37.5 എന്‍എം ടോര്‍ക്കും ലഭിക്കും. കെടിഎം 390 സിസി ലൈനപ് വാഹനങ്ങളുടേതിനു സമമാണ് എന്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. എല്‍ഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യയും ഡ്യുവല്‍ ചാനല്‍ എബിഎസ്, മാറ്റാന്‍ സാധിക്കുന്ന വിധത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും യുഎസ്ബി സി ചാര്‍ജിങ് പോര്‍ട്ട്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയും വാഹനത്തിലുണ്ടാകും. ജൂലൈ 5ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന വാഹനത്തിന് 3 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമെന്നാണ് സൂചന.