P4 yt cover 1

ഡോ വി വേണു ചീഫ് സെക്രട്ടറി. ഡിജിപിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ നിയമിക്കും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഷേയ്ഖ് ദര്‍വേസ് സാഹിബ് ഫയര്‍ഫോഴ്സ് മേധാവിയായി പ്രവര്‍ത്തിച്ചുവരികയാണ്. ക്രൈം ബ്രാഞ്ച് മേധാവി, ക്രമസാമാധന ചുമതലയുള്ള എഡിജിപി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി. മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസം അവധി വേണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ലൈഫ് മിഷന്‍ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ലിഫ് ഹൗസില്‍ നടന്ന യോഗത്തിലെന്നു സ്വപ്ന സുരേഷിന്റെ മൊഴി. കൗണ്‍സല്‍ ജനറലിനടക്കം കമ്മീഷന്‍ കിട്ടാനാണു മുഖ്യമന്ത്രിയുടെ അറിവോടെ വ്യവസ്ഥകള്‍ തിരുത്തിയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്ത ദേശാഭിമാനി ഓഫീസില്‍ വച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ ചുരുട്ടിക്കെട്ടി കാറില്‍ കൊണ്ടുപോയെന്ന ആരോപണം അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പിണറായിയുടെ വലംകൈയായ ഭൂമാഫിയ 1500 ഏക്കര്‍ ഭൂമി സ്വന്തമാക്കിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായിയുടെ മലപോലെയുള്ള അനധികൃത ഇടപാടുകളുടെ ഒരറ്റം മാത്രമാണീ വെളിപ്പെടുത്തലുകളെന്നും സുധാകരന്‍.

രണ്ടു കോടിയിലേറെ രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് മന്ത്രിയുടെ കാറില്‍ തിരുവനന്തപുരത്തേക്കു കടത്തിയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.

പാലക്കാട്ടെ സിപിഎമ്മില്‍ കടുംവെട്ട്. പി.കെ ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. വി.കെ ചന്ദ്രനെയും ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. വിഭാഗീയതയുടെ പേരിലാണ് നടപടി. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍നിന്ന് നാലു പേരെ ഒഴിവാക്കി. എന്നാല്‍ അഞ്ചു പേരെ തിരിച്ചെടുത്തു. മുന്‍ ഏരിയ സെക്രട്ടറി യു അസീസ് ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഛത്തിസ്ഗഡിനു മുകളിലാണ്.

വീണ്ടും പനി മരണം. പത്തനംതിട്ട പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്‌കുമാര്‍ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് എച്ച്1 എന്‍1 ആണെന്നു സംശയമുണ്ട്. ഇന്നലെ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 15,493 പേരാണ്.

വ്യാജ ജോലി പരിചയ സര്‍ട്ടിഫിക്കറ്റു കേസില്‍ കെ വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചററായി നിയമനം നേടിയ കേസിലാണ് മൊഴിയെടുക്കുന്നത്.

എസ്എഫ്ഐ മുന്‍നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്നാണെന്ന് അറസ്റ്റിലായ അബിന്‍ രാജ് മൊഴി നല്‍കിയെന്നു പൊലീസ്. എസ്എഫ്ഐ മുന്‍ നേതാവായ അബിന്‍ രാജിനെ മാലിദ്വീപില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോട്ടയം തിരുവാര്‍പ്പിലെ ബസ് സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചയില്‍നിന്ന് ബസുടമ രാജമോഹന്‍ ഇറങ്ങിപ്പോയി. പോലീസിനു മുന്നില്‍വച്ച് തന്നെ മര്‍ദിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍. അജയ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ബഹിഷ്‌കരണത്തിനു കാരണം. രാജ്യത്തിനുവേണ്ടി പോരാടിയ സൈനികനായ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും രാജ്മോഹന്‍.

ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി ഇന്ന് അന്‍വാര്‍ശേരിയിലേക്കു പോകില്ല. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ അഞ്ചു മാസത്തിനിടെ 1.37 ലക്ഷം പേരെ തെരുവുനായ്ക്കള്‍ കടിച്ചെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2.34 ലക്ഷം പേരെയാണു തെരുവു നായ്ക്കള്‍ കടിച്ചത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം മൂന്നു ലക്ഷമായി ഉയരും.

നെഞ്ചുവേദനക്കു ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രോഗി മരിച്ചത് ആശുപത്രി ജീവനക്കാരുടെ അവഗണന മൂലമെന്നു പരാതി. ഇടുക്കി പഴയരിക്കണ്ടം സ്വദേശി മേരി പൗലോസാണു മരിച്ചത്. ഡോക്ടറെ കാണാനും ഇ സി ജി എടുക്കുന്നതിനുമായി പലതവണ പടികള്‍ കയറിയിറങ്ങി അവശയായ രോഗിക്ക് വീല്‍ചെയര്‍ നല്‍കിയില്ലാണ് പരാതി.

അട്ടപ്പാടിയില്‍ ഡോക്ടര്‍മാര്‍ക്കു കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. പകരം ഡോക്ടര്‍മാര്‍ എത്തിയിട്ടില്ല. ആദിവാസികള്‍ ഉള്‍പ്പെടെ രോഗികള്‍ ദുരിതത്തിലാണ്.

പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്നു പാലക്കാട് നഗരസഭ. ഒരാഴ്ചയായി മഴയുണ്ടായിരുന്നു. എന്നിട്ടും കത്തിയത് ആരെങ്കിലും കത്തിച്ചതുകൊണ്ടാണെന്നു സംശയിക്കുന്നതായും നഗരസഭാ അധികൃതര്‍ പറഞ്ഞു. തീ ഫയര്‍ഫോഴ്സ് എത്തി അണക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പാറശാല പരശുവയ്ക്കലില്‍ പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഈവലിംഗ് ജോയി(15) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നാല് കിലോയിലധികം കഞ്ചാവ്. വടകര രണ്ടാം നമ്പര്‍ റെയ്ല്‍വെ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തായിരുന്നു ബാഗ് കണ്ടെത്തിയത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘അന്നഭാഗ്യ’ പദ്ധതി അനിശ്ചിതത്വത്തില്‍. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അരി തരില്ലെന്ന് വ്യക്തമാക്കിയതാണു കാരണം. ജൂലൈ ഒന്നുമുതല്‍ ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്തു കിലോ വീതം അരി നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം.

യൂട്യൂബറും കോമേഡിയനുമായ ദേവ്രാജ് പട്ടേല്‍ ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. റായ്പൂരിലേക്ക് വീഡിയോ ചിത്രീകരണത്തിന് പോകുന്നതിനിടൊണ് അപകടമുണ്ടായത്.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വൈറ്റ് ഹൗസില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നതിനെ അപലപിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിനെക്കുറിച്ചാണ് വാള്‍ സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തക സബ്രീന സിദ്ദിഖി ചോദ്യം ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളോടു വിവേചനമില്ലെന്നു മോദി മറുപടി നല്‍കിയിരുന്നു.

യു എ ഇയിലെ അജ്മാനില്‍ മുപ്പതു നില ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം. മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമില്ല.

ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബര്‍ അഞ്ച് മുതല്‍. ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയുമായി. ആകെ 10 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലന മത്സരങ്ങള്‍ മാത്രം. ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍. അവസാനമായി 2011-ലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയാണ് കിരീടം നേടിയത്.

2022-23 ല്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) 267.17 കോടി രൂപ അറ്റാദായം. ഓഹരി ഉടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തു. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതമാണിത്. സിയാല്‍ ഗ്രൂപ് ഓഫ് കമ്പനികളുടെ മൊത്തവരുമാനം 1000 കോടിയാക്കി ഉയര്‍ത്താനുള്ള പദ്ധതികള്‍ നടപ്പാക്കാനും ബോര്‍ഡ് തീരുമാനിച്ചു. 2022-23ല്‍ മൊത്തവരുമാനം 770.90 കോടിയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 521.50 കോടിയാണ്. 2022-23ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാന സര്‍വീസുകളും സിയാല്‍ കൈകാര്യം ചെയ്തു. ഉപകമ്പനികളുടെയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറില്‍ അഞ്ച് മെഗാ പദ്ധതികള്‍ക്ക് തുടക്കമിടാനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ടെര്‍മിനല്‍-3 വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് കല്ലിടല്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം, ഗോള്‍ഫ് ടൂറിസം പദ്ധതി, ടെര്‍മിനല്‍-2ല്‍ ട്രാന്‍സിറ്റ് അക്കമഡേഷന്‍ നിര്‍മാണോദ്ഘാടനം, ടെര്‍മിനല്‍-3 ന്റെ മുന്‍ഭാഗത്ത് കമേഴ്‌സ്യല്‍ സോണ്‍ നിര്‍മാണോദ്ഘാടനം എന്നിവയാണ് സെപ്റ്റംബറില്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവയില്‍ ടെര്‍മിനല്‍-3ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്. 25 രാജ്യങ്ങളില്‍നിന്നായി 22,000 ഓഹരി ഉടമകളാണ് സിയാലിനുള്ളത്.

വണ്‍ പ്ലസ് നോര്‍ഡ് 3 ജൂലൈ 5ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നോര്‍ഡ് 3 രണ്ട് സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 32,999 രൂപ വിലവരും, 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപയും വിലവരുമെന്നാണ് റിപ്പോര്‍ട്ട്. വിവിരങ്ങള്‍ കൃത്യമാകുകയാണെങ്കില്‍, 16 ജിബി റാമുള്ള ആദ്യത്തെ വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട്‌ഫോണായിരിക്കും ഇത്. നോര്‍ഡ് 3യുടെ സ്‌ക്രീനിന് 6.74-ഇഞ്ച് വലിപ്പം കണ്ടേക്കാം. നീല, പച്ച, കറുപ്പ് എന്നിവ കൂടാതെ, ടീല്‍ (ഇരുണ്ട ചാരനിറം അല്ലെങ്കില്‍ നീല നിറം) നിറത്തിലും ഫോണ്‍ എത്തിയേക്കും. മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്രൊസസറിനൊപ്പമായിരിക്കും 16ജിബി റാം വരെയുള്ള വേരിയന്റുകള്‍ പ്രവര്‍ത്തിക്കുക. റാം കുറഞ്ഞ വേരിയന്റുകളും പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി സൃഷ്ടിച്ച, വണ്‍പ്ലസിന്റെ സ്വന്തം ഓക്‌സിജന്‍ ഒഎസ് 13 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. അമോലെഡ് സ്‌ക്രീന്‍ ആയിരിക്കും. റെസലൂഷന്‍ 1240×2727 പിക്‌സല്‍ ആയിരിക്കും. ബ്രൈറ്റ്‌നസിന്റെ കാര്യത്തിലും നിരാശപ്പെടുത്തിയേക്കില്ല-1450 നിറ്റ്‌സ് പീക് ലഭിക്കുമെന്നാണ് കേള്‍വി.

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ’യുടെ (ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള) ടീസര്‍ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ‘മേ ഹൂം മൂസ’ ആണ്. ‘ഗരുഡന്‍’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതി സിനിമ. ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ‘ഒരു പൊരുങ്കളിയാട്ടം’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ‘ബിലാല്‍’. അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ രണ്ടാം ഭാഗമായ ബിലാലിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെ അമല്‍ നീരദ് പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. പുതിയ ടൈറ്റില്‍ ഗ്രാഫിക്സാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ‘ബിലാല്‍, ആന്‍ അമല്‍ നീരദ് ഫിലിം’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബിഗ് ബിയുടെ ടൈറ്റില്‍ ഗ്രാഫിക്‌സ് ചെയ്ത പ്രിയപ്പെട്ട രാജീവ് ഗോപാല്‍ വളരെ നന്ദി ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരില്‍ ഒരാളാണ് രജീവ് ഗോപാല്‍’ എന്നാണ് ഗ്രാഫിക്സ് വീഡിയോയ്ക്ക് ഒപ്പം അമല്‍ കുറിച്ചിരിക്കുന്നത്. ബിലാലിന്റെ വരവാണ് ഇതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇതിനിടെ, ബിലാല്‍ ഈ വര്‍ഷം ഷൂട്ടിം?ഗ് ആരംഭിക്കുമെന്നും നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ മമ്മൂട്ടി ബിലാലിന് വേണ്ടി നീട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ എസ്യുവി എക്സ് 7 സ്വന്തമാക്കി ബൊളിവുഡ് നടി യാമി ഗൗതം. നടിയും ഭര്‍ത്താവും ചേര്‍ന്ന് വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്യുവിയാണ് എക്സ് 7. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന എസ്യുവിയുടെ ഏതു മോഡലാണ് യാമിയുടേത് എന്ന് വ്യക്തമല്ല. എക്സ്ഡ്രൈവ് 40 ഡി എം സ്പോര്‍ട്സ്, എക്സ്‌ഡ്രൈവ് 40 ഐ എം സ്പോര്‍ട് എന്നീ മോഡലുകളിലാണ് എക്സ് 7 വില്‍പനയ്ക്ക് എത്തുന്നത്. പെട്രോള്‍ മോഡലിന്റെ എക്സ്ഷോറൂം വില 1.22 കോടി രൂപയും ഡീസല്‍ മോഡലിന്റേത് 1.24 കോടി രൂപയുമാണ്. എക്സ്ഡ്രൈവ് 40ഐയില്‍ 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡീസല്‍ പതിപ്പായ എക്സ്ഡ്രൈവ് 40 ഡിയില്‍ 340 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുള്ള 3 ലിറ്റര്‍ എന്‍ജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും. വേഗം നൂറു കിലോമീറ്റര്‍ കടക്കാന്‍ പെട്രോള്‍ മോഡലിന് 5.8 സെക്കന്‍ഡും ഡീസല്‍ മോഡലിന് 5.9 സെക്കന്‍ഡും മാത്രം മതി.

സയന്‍സ് ഫിക്ഷന്‍ ലോകത്തെ കുലഗുരുവാണ് എച്ച്.ജി. വെല്‍സ്. ശാസ്ത്രരംഗം മനുഷ്യനു പകരുന്ന വിസ്മയവും ഭീതിയും ഈ എഴുത്തുകാരന്റെ പരീക്ഷണ ശാലയില്‍ ഭാവനയുടെ സൂക്ഷ്മദര്‍ശിനികളാല്‍ നിരീക്ഷണ വിധേയമായി. ശാസ്ത്രസത്യങ്ങളുടെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും വെളിച്ചവും നിഴലും ഈ രചനകളില്‍ ഇടകലര്‍ന്നു. ശാസ്ത്രത്തെ ദുരാഗ്രഹങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നവര്‍ക്കുള്ള താക്കീതായിരുന്നു വെല്‍സിന്റെ The Invisible Man. ആര്‍ക്കും കാണാന്‍ പറ്റുന്ന ആ വിചിത്രമനുഷ്യനെ ശാസ്ത്രം ഒരു ദുരന്തരക്തസാക്ഷിയാക്കി ഇതില്‍ തോല്‍പിച്ചുകളയുന്നു; സ്വാര്‍ഥതയുടെ പുകമഞ്ഞ് ആ അദൃശ്യമനുഷ്യന് ശവക്കച്ചയായിമാറുന്നു. ‘അദൃശ്യമനുഷ്യന്‍’. എച്ച്.ജി. വെല്‍സ്. പുനരാഖ്യാനം: കെ.വി. രാമനാഥന്‍. എച്ച് &സി ബുക്സ്. വില 120 രൂപ.

ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ പകര്‍ച്ചവ്യാധികളില്‍ നിന്നും മറ്റു രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം. കോവിഡ് കാലത്ത് നാം പിന്തുടര്‍ന്ന ഒരു നല്ല ശീലമാണ് കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക എന്നത്. കൈകളുടെ വൃത്തി ബാക്ടീരിയകളും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ സഹായിക്കും. ഒരിക്കലും കൈകളിലേക്കോ പുറത്തെ വായുവിലേക്കോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാതിരിക്കുക. കര്‍ച്ചീഫോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുകയോ അല്ലെങ്കില്‍ കൈമുട്ടുകളിലേക്ക് തുമ്മുകയോ ചെയ്യുക. രോഗങ്ങളുള്ളവര്‍ കോവിഡ് കാലത്തെ പോലെ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. രോഗികളുമായി ഇടപെടേണ്ടി വരുന്നവരും മാസ്‌ക് ഉപയോഗിക്കുന്നത് അണുക്കള്‍ അതിവേഗം ശരീരത്തില്‍ പ്രവേശിക്കുന്നത് തടയും. ശരീരത്തില്‍ എന്തെങ്കിലും മുറിവോ മുറിവ് ഉണങ്ങി തുടങ്ങിയ ഇടങ്ങളോ മുഖക്കുരുവോ ഒക്കെ ഉണ്ടെങ്കില്‍ അവിടെ ഇടയ്ക്കിടെ തൊട്ടുകൊണ്ടിരിക്കുന്ന ശീലം ഒഴിവാക്കുക. മുറിവുകളിലും കുരുക്കളിലുമൊക്കെ തൊടുന്നത് അണുബാധ പകരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും. മുറിവുകള്‍ ഉണ്ടായാല്‍ അവ നന്നായി കഴുകി അണുനാശിനികളോ മരുന്നോ പുരട്ടി മൂടി വയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മുറിവുകള്‍ തുറന്ന് വയ്ക്കുന്നത് പഴുപ്പും അണുക്കളും പടരാന്‍ ഇടയാക്കും. രോഗികള്‍ ഉപയോഗിച്ച കര്‍ചീഫ്, ടിഷ്യൂ, നാപ്കിനുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയുമായുള്ള അടുത്ത ഇടപഴകല്‍ കഴിവതും ഒഴിവാക്കുക. അടിയന്തര ഘട്ടങ്ങളിലല്ലാതെ ആശുപത്രി സന്ദര്‍ശനങ്ങളും ഒഴിവാക്കേണ്ടതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.01, പൗണ്ട് – 104.40, യൂറോ – 89.71, സ്വിസ് ഫ്രാങ്ക് – 91.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.90, ബഹറിന്‍ ദിനാര്‍ – 217.55, കുവൈത്ത് ദിനാര്‍ -266.85, ഒമാനി റിയാല്‍ – 213.01, സൗദി റിയാല്‍ – 21.86, യു.എ.ഇ ദിര്‍ഹം – 22.32, ഖത്തര്‍ റിയാല്‍ – 22.52, കനേഡിയന്‍ ഡോളര്‍ – 62.43.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *