യൂട്യൂബിന്റെ ചരിത്രത്തില്‍ ആദ്യമായി ഇതുവരെ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലൈവ് കൊമേഴ്‌സിനായുള്ള പുതിയ ഷോപ്പിംഗ് ചാനല്‍ ആരംഭിക്കാനാണ് യൂട്യൂബ് പദ്ധതിയിടുന്നത്. ജൂണ്‍ 30നാണ് പദ്ധതിക്ക് തുടക്കമിടുക. യൂട്യൂബിന്റെ ആദ്യ പരീക്ഷണങ്ങള്‍ ദക്ഷിണ കൊറിയയില്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ലൈവ് സ്ട്രീമിംഗ് കൊമേഴ്‌സിന് ജനപ്രീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയും, വിവിധ ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും. വീഡിയോയില്‍ പരിചയപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങള്‍ അപ്പോള്‍ തന്നെ വാങ്ങാനുള്ള ലിങ്കുകളും നല്‍കുന്നതാണ്. കൊറിയന്‍ ഭാഷയിലാണ് യൂട്യൂബിന്റെ പുതിയ ചാനല്‍ പ്രവര്‍ത്തിക്കുക. നിലവില്‍, 90 ദിവസം ദൈര്‍ഘ്യമുള്ള പ്രോജക്ട് എന്ന നിലയിലാണ് ഇവ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 30 ഓളം ബ്രാന്‍ഡുകള്‍ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും. സാമ്പത്തിക രംഗത്ത് നേരിയ മാന്ദ്യം നേരിട്ടതോടെയാണ്, പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ യൂട്യൂബ് പരീക്ഷിക്കുന്നത്. അതേസമയം, നേവര്‍ എന്ന കമ്പനിയുടെ ലൈവ് സ്ട്രീമിംഗ് കോമേഴ്‌സ് ഇതിനകം ദക്ഷിണ കൊറിയയില്‍ സജീവമാണ്.