ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തു. 64 ശതമാനം വോട്ടു നേടിയാണ് വിജയം. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മു നേടിയത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയ്ക്കു കിട്ടിയത് 3.70 ലക്ഷം വോട്ടുമൂല്യം. കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് 7.02 ലക്ഷം വോട്ടുമൂല്യം കിട്ടിയിരുന്നു.
ദ്രൗപതി മുര്‍മുവിനു പ്രതിപക്ഷത്തുനിന്ന് വോട്ടു ചോര്‍ച്ച. കേരളത്തിലെ ഒരു എംഎല്‍എ അടക്കം പ്രതിപക്ഷത്തെ 17 എംപിമാരും 104 എംഎല്‍എമാരും ദ്രൗപതി മുര്‍മുവിനു വോട്ടു ചെയ്തു. 4025 എംഎല്‍എമാരും 771 എംപിമാരുമായിരുന്നു വോട്ടര്‍മാര്‍. 99 ശതമാനം പേര്‍ വോട്ടു ചെയ്തു. രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി. മോദിയാണ് വിജയിയെ പ്രഖ്യാപിച്ചത്.
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ നേതാവാണ് ദ്രൗപദി മുര്‍മു. ഒഡീഷയിലെ മയൂര്‍ബഞ്ചിലെ ആദിവാസി ഗ്രാമത്തില്‍നിന്ന് ആദ്യമായി ഉയര്‍ന്ന വിദ്യാഭ്യാസം നേടിയയാളാണു ദ്രൗപതി. ഒഡീഷയിലെ സന്താള്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട ദ്രൗപദി മുര്‍മു പിന്നീട് എംഎല്‍എയും മന്ത്രിയും ഗവര്‍ണറുമായി. ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ നേതാക്കള്‍ അഭിനന്ദിച്ചു.
മുഖ്യമന്ത്രിയെ വിമാനത്തില്‍ കൊല്ലാന്‍ ശ്രമിച്ചതിനു കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരെ വധശ്രമത്തിന് കെസെടുക്കണമെന്നാവശ്യപ്പെട്ട് ഡിെൈവഫ്ഐ പോലീസ് മേധാവിക്കു പരാതി നല്‍കി. മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ മുദ്രാവക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ കോടതി ഉത്തരവനുസരിച്ചു കേസെടുത്തതിനു പിറകേയാണ് ഡിെൈവഫ്ഐയുടെ പരാതി.
സംസ്ഥാനത്തെ ക്ഷേമ പദ്ധതികളും ക്ഷേമ പെന്‍ഷനുകളും പ്രതിസന്ധിയിലാണെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്‍ഷനു പുറമേ, ലൈഫ് മിഷന്‍, ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങിയവയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കിഫ്ബിയുടെ വായ്പാ ബാധ്യത സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നു നിയമസഭയില്‍ വ്യാഖ്യാനിച്ചു പ്രസംഗിക്കവേയാണ് ക്ഷേമപെന്‍ഷനുകള്‍ പണമില്ലാതെ സമ്മര്‍ദത്തിലാണെന്നു സമ്മതിച്ചത്.
നിയമം ലംഘിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ യുഎഇ ഭരണാധികാരിക്കു നേരിട്ടു കത്തെഴുതിയെന്നും തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയെന്നും സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍. പ്രോട്ടോക്കള്‍ ലംഘിച്ച ജലീല്‍ മാധ്യമം ദിനപ്പത്രത്തെ ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചെന്നാണു വിശദീകരണം. എന്നാല്‍ ആരോപണം പിന്നീട് ജലീല്‍ നിഷേധിച്ചു.
വിമാനക്കമ്പനികള്‍ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് അധിക പണം ഈടാക്കുന്നത് വ്യോമയാന മന്ത്രാലയം വിലക്കി.
സി.കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറുന്നതു കണ്ടതായി പ്രസീദ അഴീക്കോട്. ഒരു ടവ്വലില്‍ പൊതിഞ്ഞ നിലയില്‍ പണം കിടക്കയില്‍ ഉണ്ടായിരുന്നു. ഇക്കാര്യം അന്നുതന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കാശു വാങ്ങി താന്‍ ഈ കേസില്‍നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും പ്രസീദ വിശദീകരിച്ചു.
സിബിഎസ്ഇ പത്ത്, 12 ക്ലാസ് പരീക്ഷാഫലം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. ഒന്ന്, രണ്ട് ടേമുകളുടെ ഫലം സംയുക്തമായിട്ടാകും പ്രഖ്യാപിക്കുക.
കൊച്ചി മെട്രോ പത്തടിപ്പാലത്തെ തൂണിന്റെ ബലക്ഷയം പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. പൈലിംഗ് ജോലികള്‍ പൂര്‍ത്തിയായി. മഴ കാരണമാണ് റോഡ് നിര്‍മ്മാണം വൈകുന്നതെന്നും കെഎംആര്‍എല്‍ വിശദീകരിച്ചു.
എല്ലാ സ്‌കൂളുകളും മിക്സ്ഡ് സ്‌കൂളുകളാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
തൊണ്ടി മുതല്‍ കേസില്‍ പ്രതിയായ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യന്‍ ഐസക്, ഒബ്സര്‍വര്‍ ഡോ. ഷംനാദ് എന്നിവര്‍ക്കൊപ്പം കരാര്‍ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു.
പാലക്കാട് തേങ്കുറിശി ദുരഭിമാന കൊലക്കേസില്‍ വിചാരണ തുടങ്ങി. തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കൊല്ലപ്പെട്ട അനീഷിന്റെ സഹോദരന്‍ അരുണിനെയും അനീഷിന്റെ ഭാര്യ ഹരിയതയെയുമാണ് കോടതി ആദ്യം വിസ്തരിച്ചത്. ആകെ 110 സാക്ഷികളാണുള്ളത്. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് പ്രതികള്‍.
സ്‌കൂള്‍ കോഴ കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജിയെ ചൊവ്വാഴ്ചവരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കാടതി. ചൊവ്വാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.
കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിനകത്ത് മര്‍ദ്ദ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം മുംബൈയില്‍ ഇറക്കിയത്.
പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 35 വര്‍ഷം തടവും 1,30,000 രൂപ പിഴയും ശിക്ഷ. പന്തളം സ്വദേശി നകുലനെ പത്തനംതിട്ട പോക്സോ അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.
തമിഴ്നാട് ധര്‍മ്മപുരിയില്‍ റോഡരികില്‍ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഇറിഡിയം വ്യാപാര തട്ടിപ്പ്. ഇന്നലെ അറസ്റ്റിലായ മേട്ടൂര്‍ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റിലെ ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണം. നയമക്കാട് എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക മഹാലക്ഷ്മി, ഭര്‍ത്താവ് സോളമന്‍ രാജാ എന്നിവരുടെ വീട് പുലര്‍ച്ചെ നാല് മണിയോടെ കാട്ടാന തകര്‍ത്തു. മറ്റൊരു വാതിലിലൂടെ പുറത്തു കടന്ന ഇരുവരും അടുത്തുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ അഭയം തേടി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂര്‍ ചോദ്യംചെയ്തു. ഉച്ചയ്ക്കു 12 മുതല്‍ മൂന്നു വരെയായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി. ഇഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ സമരം നടത്തി. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റു വരിച്ചു.
ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിത രാഷ്ട്ര്പതിയായതോടെ ഇന്ത്യ ചരിത്രമെഴുതിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുര്‍മുവിനെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി മുര്‍മുവിന്റെ ഡല്‍ഹിയിലെ താത്കാലിക വസതിയിലെത്തി. ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും പ്രതീക്ഷയുടെ കിരണമാണു മുര്‍മുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും മുര്‍മുവിനെ അഭിനന്ദിച്ചു.
രാഷ്ട്രപതി എന്ന നിലയ്ക്ക് ദ്രൗപദി മുര്‍മുവിന് നിര്‍ഭയം ഭരണഘടന സംരക്ഷിക്കാനാകട്ടെയെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയ പ്രതിപക്ഷത്തിന്റെ ഐക്യം ഇനി മുന്നോട്ടും തുടരണമെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു.
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനതയുടെ സൗഹൃദം ദൃഢമാക്കിയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരേയും പിന്തുണയ്ക്കില്ലെന്നും വിട്ടുനില്‍ക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.
2024 ല്‍ നടക്കുന്നത് ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കുന്ന തിരസ്‌കരണ തെരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രക്തസാക്ഷി ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ഗര്‍ഭധാരണം 24 ആഴ്ച പിന്നിട്ട അവിവാഹിതയ്ക്ക് ആരോഗ്യപ്രശ്നമുണ്ടാകില്ലെങ്കില്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് സുപ്രീം കോടതി. നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. ഗര്‍ഭഛിദ്രം നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
ഡോ. അരവിന്ദ് കുമാര്‍ ഗോയല്‍ അറുനൂറു കോടി രൂപയുടെ സമ്പാദ്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിനു കൈമാറി. അമ്പതു വര്‍ഷത്തെ സമ്പാദ്യമാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനത്തിനുള്ള പദ്ധതികള്‍ക്കായി കൈമാറിയത്. മൊറാദാബാദ് സ്വദേശിയാണ് അരവിന്ദ്. കൊവിഡ് കാലത്ത് 50 ഗ്രാമങ്ങളെ ദത്തെടുത്ത അരവിന്ദ് അവര്‍ക്ക് സൗജന്യ സഹായങ്ങള്‍ നല്‍കിയിരുന്നു.
അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്നു വൈകുന്നേരം നാലിനു പ്രഖ്യാപിക്കും.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 94 യുട്യൂബ് ചാനലുകളും 19 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 747 യുആര്‍എലുകളും പൂട്ടിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ സമ്പന്നനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോര്‍ബ്‌സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലാണ് അദാനി ബില്‍ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഗൗതം അദാനിയുടെ ആസ്തി 115.5 ബില്യണ്‍ ഡോളറാണ്. 90 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനി പത്താം സ്ഥാനത്താണ്.
എയര്‍ ഇന്ത്യയുടെ 4500 ജീവനക്കാരെ വോളണ്ടറി റിട്ടയര്‍മെന്റ് പദ്ധതിയിലൂടെ ടാറ്റ ഗ്രൂപ്പ് പിരിച്ചുവിടുന്നു. രണ്ടു വര്‍ഷത്തിനകം 4,000 പേര്‍ കൂടി കമ്പനിയില്‍നിന്ന് വിരമിക്കും. എയര്‍ ഇന്ത്യയില്‍ ആകെ 12,085 ജീവനക്കാരുണ്ട്, അവരില്‍ 8,084 പേര്‍ സ്ഥിരം ജോലിക്കാരും 4,001 പേര്‍ കരാറുകാരുമാണ്.
ഇന്‍ഷൂറന്‍സ് ഏജന്റായ നാല്‍പ്പതുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു. ഹരിയാനയിലെ ബോണ്ട്സിയിലാണ് സംഭവം. വികാസ് ജന്‍ഗു, ജിതേന്ദ്ര ചൌദരി, നിതിന്‍ എന്നീ പ്രതികളെ പോലീസ് തെരയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. വൈറ്റ് ഹൗസില്‍തന്നെ ഐസൊലേഷനിലാണ് അദ്ദേഹം.
ചൈനയുടെ കടക്കെണി നയതന്ത്രത്തില്‍ കുടുങ്ങരുതെന്നു മുന്നറിയിപ്പു നല്‍കി സിഐഎ മേധാവി വില്യം ബേണ്‍സ്. ശ്രീലങ്കയെ ചൈന കടക്കെണിയില്‍ മുക്കി തകര്‍ത്തതാണെന്ന് വാഷിംഗ്ടണില്‍ ഒരു സെമിനാറില്‍ പ്രസംഗിക്കവേ വില്യം ബേണ്‍സ് പറഞ്ഞു.
പോളിഷ് പാലിയന്റോളജിസ്റ്റുകള്‍ ഈയിടെ കണ്ടെത്തിയ 1,500 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു ഫോസിലിന് ഉക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുടെ പേരു നല്‍കി. ആഫ്രിക്കയില്‍ നിന്നാണ് ഈ കടല്‍ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത്. ഈ വിചിത്ര ജീവിയ്ക്ക് നീളമുള്ള പത്തോളം കൈകളും കൂര്‍ത്ത നഖങ്ങളും ഉണ്ടായിരുന്നതായി അനുമാനിക്കുന്നു. ഫോസില്‍ ആഫ്രിക്കയിലെ എത്യോപ്യയിലെ അന്റലോ ലൈംസ്റ്റോണിലാണ് സംരക്ഷിച്ചിരിക്കുന്നത്.
സ്‌പെയിനിലെ പ്രമുഖ റസ്റ്റോറന്റില്‍നിന്ന് 16.5 ലക്ഷം യൂറോ (13 കോടി രൂപ) വിലവരുന്ന അമൂല്യമായ വൈന്‍ കുപ്പികള്‍ കവര്‍ന്ന കേസില്‍ മുന്‍ മെക്‌സിക്കന്‍ സൗന്ദര്യ റാണിയും സഹായിയും അറസ്റ്റില്‍. 29 കാരിയായ മുന്‍ സൗന്ദര്യ റാണി പ്രിസില ലാറ ഗുവേരയാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമായിരുന്നു കവര്‍ച്ച. യൂറോപ്പിലെങ്ങുമായി ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ക്രൊയേഷ്യയിലാണ് ഇവര്‍ പിടിയിലായത്.
കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഇന്ത്യയുടെ ട്വന്റി-20 മത്സരത്തിന് വീണ്ടും കേരളം വേദിയാകുന്നു. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുളള ട്വന്റി-20 മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. സെപ്റ്റംബര്‍ 28 നാണ് മത്സരം.
ഇന്നാരംഭിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ട്വന്റി-20 പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടി. ഓള്‍റൗണ്ടര്‍ ജഡേജയും ഓപ്പണര്‍ കെ.എല്‍. രാഹുലും കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിനേറ്റ പരിക്കാണ് ജഡേജയ്ക്ക് വില്ലനായത്. ജഡേജയ്ക്ക് പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളും നഷ്ടമാവാനാണ് സാധ്യത. കോവിഡ് ബാധിച്ചതിനാല്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന് പരമ്പരയിലെ ഏകദിന മത്സരങ്ങള്‍ക്ക് പുറമേ ട്വന്റി-20 മത്സരങ്ങളും നഷ്ടമാകും. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ജൂലൈ 29 നാണ് ആരംഭിക്കുന്നത്.
ഇന്ത്യയുടെ കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യോത്പന്ന കയറ്റുമതി നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ 14 ശതമാനം മുന്നേറി. പ്രോസസ്ഡ് ഫുഡ്സ് കയറ്റുമതി വളര്‍ച്ച മാത്രം 36.4 ശതമാനമാണ്. മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 525.6 കോടി ഡോളറില്‍ നിന്ന് 597.8 കോടി ഡോളറിലേക്കാണ് നടപ്പുവര്‍ഷം ആദ്യപാദത്തില്‍ കാര്‍ഷിക കയറ്റുമതി വര്‍ദ്ധിച്ചതെന്ന് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. പഴം, പച്ചക്കറി കയറ്റുമതി 64.2 കോടി ഡോളറില്‍ നിന്ന് 8.6 ശതമാനം ഉയര്‍ന്ന് 69.7 കോടി ഡോളറായി. ധാന്യങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യോത്പന്ന കയറ്റുമതി വളര്‍ച്ച 23.7 കോടി ഡോളറില്‍ നിന്ന് 30.6 കോടി ഡോളറിലേക്കായിരുന്നു. മാംസം, പാലുത്പന്ന വിഭാഗം 102.3 കോടി ഡോളറില്‍ നിന്ന് 112 കോടി ഡോളറിലേക്കും വരുമാനം മെച്ചപ്പെടുത്തി; വര്‍ദ്ധന 9.5 ശതമാനം. അരി കയറ്റുമതിയില്‍ 13 ശതമാനവും മറ്റ് ധാന്യകയറ്റുമതിയില്‍ 29 ശതമാനവുമാണ് വളര്‍ച്ച.
ഇന്ത്യന്‍ തേയിലയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ റഷ്യ കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ വാങ്ങല്‍ ഉയര്‍ത്തിയതോടെ വില ഉയര്‍ന്നത് 50 ശതമാനം. പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്നതും കടുപ്പവും തിളക്കവും ഏറെയുള്ളതുമായ ഓര്‍ത്തഡോക്‌സ് ഇനത്തിനാണ് റഷ്യയില്‍ പ്രിയം കൂടുതല്‍. വിലയില്‍ ഏറ്റവും മുന്നേറ്റവും ഈയിനത്തിനാണ്. കഴിഞ്ഞവാരം കൊച്ചിയിലെ ലേലത്തില്‍ ഓര്‍ത്തഡോക്‌സ് ഇനം വില കിലോയ്ക്ക് 342 രൂപവരെ ഉയര്‍ന്നിരുന്നു. റഷ്യക്കാര്‍ക്ക് ഇഷ്ടമുള്ള മറ്റൊരു ഇനമായ സി.ടി.സി വിലയും 40 ശതമാനത്തോളം ഉയര്‍ന്നു. കടുപ്പം കുറഞ്ഞതും വ്യത്യസ്ത രുചിയുള്ളതുമായ ഇനമാണിത്. ഇന്ത്യന്‍ തേയില കയറ്റുമതിയില്‍ 18 ശതമാനവും റഷ്യയിലേക്കാണ്. 2021-22ല്‍ റഷ്യയിലേക്കുള്ള കയറ്റുമതി 32.5 മില്യണ്‍ കിലോഗ്രാമായിരുന്നു.
വിജയ് സേതുപതി, നിത്യ മേനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം 19 (1) ( എ) ഒടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റീലിസ് ചെയ്യുക. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗര•ാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19. ഇതേ പേരിലുള്ള, പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ആന്റോ ജോസഫും നീത പിന്റോയുമാണ്. വിജയ് സേതുപതി മലയാളത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്ത മാര്‍ക്കോണി മത്തായി ആയിരുന്നു ആദ്യ ചിത്രം.
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്’. ആര്‍ മാധവന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘റോക്കട്രി ദ നമ്പി എഫക്ട്’. ആര്‍ മാധവന്‍ തന്നെയായിരുന്നു ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിച്ചത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. ജൂലൈ 26 മുതലാണ് ചിത്രം ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക. സൂര്യ, ഷാരൂഖ് ഖാന്‍ തുടങ്ങിയ പ്രമുഖരും ‘റോക്കട്രി ദ നമ്പി എഫക്ടി’ന്റെ ഭാഗമായിരുന്നു.
2022 മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര മാരുതി സുസുക്കിയുടെ മുന്‍നിര എസ്യുവി ഓഫറായിട്ടാണ് എത്തുന്നത്. മാരുതിയുടെയും ടൊയോട്ടയുടെയും സംയുക്ത കൂട്ടുകെട്ടില്‍ പിറന്ന ഗ്രാന്‍ഡ് വിറ്റാരെ അടുത്തിടെ അനാച്ഛാദനം ചെയ്ത ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറുമായി പ്ലാറ്റ്ഫോം ഉള്‍പ്പെടെ പങ്കിടുന്നു. ഇരു വാഹനങ്ങളും ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും ചില ഘടകങ്ങള്‍ പങ്കിടുന്നതുമാണ്. വില മാരുതി സുസുക്കി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നിരുന്നാലും, ഊഹാപോഹങ്ങള്‍ അനുസരിച്ച്, പുതിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ് ഷോറൂം വില 9.5 ലക്ഷം രൂപ മുതലായിരിക്കും.
പുതുകഥകളും പുരാവൃത്തങ്ങളും ഇഴചേര്‍ന്ന് സഞ്ചരിക്കുന്ന ഈ കൃതിയില്‍ പലപ്രകാരത്തില്‍ സ്ത്രീ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ് ആവുകയാണ് നാലീരങ്കാവ് എന്ന ദേശം, നോവല്‍ പറയുന്നതുപോലെ അവിടെ ഓരോ വീടുകളും ഓരോ കാവുകളാണ്. മണിയനും ഡോക്ടര്‍ മുഖര്‍ജിയും രണ്ട് രാമന്മാരും തുടങ്ങി നിരവധി പുരുഷ കഥാപാത്രങ്ങളും അവരുടെ നൊമ്പ രങ്ങളും ഭ്രാന്തുകളും ഇതില്‍ നിഴല്‍ വീണു കിടക്കുമ്പോഴും അള്‍ത്താരയും ബിയാത്തുമ്മയും ഇന്നമ്മയും കാളിയും ചേര്‍ന്നു സൃഷ്ടി ക്കുന്ന നാലീരങ്കാവ് കഥകളും ജീവിതവും സങ്കീര്‍ണ്ണതകളുമാണ് ഈ നോവലിന്റെ ബലമായി നിലകൊള്ളുന്നത്. ‘ഓര്‍മ്മച്ചാവ്’. ശിവപ്രസാദ് പി. ഡിസി ബുക്സ്. വില 218 രൂപ.
പുരുഷന്മാര്‍ക്കു വരുന്ന രോഗങ്ങള്‍ പലപ്പോഴും അവരുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുമ്പോള്‍ ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ തങ്ങളെ ദുര്‍ബലരാക്കുന്ന രോഗങ്ങളാണ് സ്ത്രീകള്‍ക്ക് വരാറുള്ളതെന്ന് ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതല്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പിഗ്മെന്റഡ് കരോട്ടിനോയ്ഡുകള്‍ അടങ്ങിയ ചേന, കെയ്ല്‍, ചീര, തണ്ണിമത്തന്‍, കാപ്സിക്കം, തക്കാളി, ഓറഞ്ച്, കാരറ്റ് എന്നിവ സ്ത്രീകള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. ധാരണാശേഷിയിലും കാഴ്ചശക്തിയിലും ഉണ്ടാകുന്ന കുറവിനെ നിയന്ത്രിക്കാന്‍ ഈ കടുംവര്‍ണ പഴങ്ങളും പച്ചക്കറികളും സഹായിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വല്ലപ്പോഴും മാത്രമോ പ്രായമാകുമ്പോഴോ വരുന്നതാണ് അവരുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടാന്‍ കാരണം. എന്നാല്‍ സ്ത്രീകള്‍ക്ക് കാഴ്ച നഷ്ടം, മറവിരോഗം എന്നിങ്ങനെ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കൂടുതലായും വരാറുണ്ട്. ഇവിടെയാണ് ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള, നിറമുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രാധാന്യം. ല്യൂടെയ്ന്‍, സിയാസാന്തിന്‍ പോലുളള കരോട്ടിനോയ്ഡുകള്‍ കേന്ദ്ര നാഡീവ്യൂഹ വ്യവസ്ഥയുടെ നാശത്തെ ലഘൂകരിക്കുന്നു. സപ്ലിമെന്റുകളായി കരോട്ടിനോയ്ഡുകള്‍ എടുക്കാമെങ്കിലും ഭക്ഷണത്തിലൂടെ അവ ലഭിക്കുന്നതാണ് നല്ലതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശുഭദിനം
കവിത കണ്ണന്‍
അയാള്‍ പ്രഭാഷകന്റെ ഡ്രൈവര്‍ ആയിരുന്നു. വര്‍ഷങ്ങളായി അയാള്‍ ആ പ്രഭാഷകന്റെ ഡ്രൈവര്‍ ആയിട്ട്. ഒരു ദിവസം ഡ്രൈവര്‍ പ്രഭാഷകനോട് പറഞ്ഞു. ഞാന്‍ അങ്ങയുടെ പ്രസംഗം എത്രനാളായി കേള്‍ക്കുന്നു. അങ്ങ് പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. എനിക്ക് താങ്കളുടെ പ്രസംഗമെല്ലാം കാണാതെയറിയാം. അപ്പോള്‍ പ്രഭാഷകന്‍ ചോദിച്ചു: എന്നാല്‍ നമുക്ക് ആള്‍മാറാട്ടം നടത്തിയാലോ.. അടുത്ത ദിവസം നടക്കുന്ന എന്റെ പ്രസംഗവേദി എന്നെ പരിചയമില്ലാത്ത ആളുകളുടേതാണ്. അവരുടെ മുന്നില്‍ നിങ്ങള്‍ പ്രസംഗിക്കൂ.. ഞാന്‍ നിങ്ങളുടെ ഡ്രൈവറായി അഭിനയിക്കാം. അടുത്തവേദിയില്‍ ആ ഡ്രൈവര്‍ ഗംഭീരമായി പ്രസംഗിച്ചു. പക്ഷേ, പ്രസംഗം കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും ചോദ്യം ഉയര്‍ന്നു. ഉത്തരം മുട്ടിയ അയാള്‍ പറഞ്ഞു: ഇത്രയും നിസ്സാര ചോദ്യത്തിന് ഉത്തരം പറയാന്‍ എന്റെ ആവശ്യമില്ല. എന്റെ ഡ്രൈവര്‍ പറയും ഇതിന്റെ ഉത്തരം.. പ്രഭാഷകന്‍ ആ ചോദ്യത്തിന്റെ ഉത്തരം പറയുകയും ചെയ്തു. മനസ്സാന്നിധ്യമാണ് മാനദണ്ഡം. പതറാതിരിക്കുന്നതിന്റെയും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെയും. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ ആരുമറിയാതെ വരുതിയിലാക്കുന്ന കഴിവാണ് മനോബലം. മനോബലത്തില്‍ വിശ്വസിക്കുന്നവര്‍ അപകടസാധ്യതകളുടെ പേരില്‍ ഒന്നില്‍ നിന്നും പിന്മാറുകയില്ല. മുന്‍കരുതലുകളിലൂടെ അവര്‍ സ്വയം സജ്ജരാകും. പരിസരത്തെയല്ല, തന്നെത്തന്നെയാണ് വിശ്വസിക്കേണ്ടത് എന്ന് അവര്‍ക്കറിയാം. ഭയമുള്ളകാര്യങ്ങള്‍ തനിയെ ചെയ്ത് തുടങ്ങണം. എല്ലാവരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് ശീലിക്കണം, ഉറങ്ങിയെണീക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതശക്തിയല്ല മനഃശ്ശക്തി. അത് നിരന്തരപ്രയത്‌നത്തിന്റെ പരിണതഫലമാണ്. നമുക്ക് മനോബലത്തോടെ മുന്നോട്ട് പോകാം.. – ശുഭദിനം.