ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരം നാലിനു രാത്രി എട്ടിനും ഇടയില്‍ ഗുജറാത്ത് തീരംതൊടും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തുനിന്ന് എഴുപത്തയ്യായിരം പേരെ ഒഴിപ്പിച്ചു. 76 ട്രെയിനുകള്‍ റദ്ദാക്കി. പ്രത്യാഘാതമെന്ന നിലയില്‍ കേരളത്തില്‍ നാലു ദിവസം മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും.
കേരളം പനിക്കുന്നു. പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടുന്നവരുടേയും അഡ്മിറ്റാകുന്നവരുടെയും എണ്ണം വര്‍ധിച്ചു. ഇന്നലെ പതിനായിരത്തിലേറെ പേരാണ് ആശുപത്രികളിലെ ഒപിയില്‍ എത്തിയത്. ഇവരില്‍ 212 പേരെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. ഈ വര്‍ഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു.
ജയിലിലുള്ള ടിപി കേസ് പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് തോക്കു കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി.
ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടങ്ങള്‍ കൂടുതലായതിനാലാണ് വേഗപരിധി 60 കിലോമീറ്ററാക്കി കുറച്ചതെന്നു ഗതാഗത മന്ത്രി ആന്റണി രാജു. റോഡുകളില്‍ വേഗപരിധി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച്ച ചേരും. വേഗപരിധി കുറച്ചതുകൊണ്ട് അപകടങ്ങള്‍ കുറയുമെന്നും മന്ത്രി പറഞ്ഞു.
മോന്‍സന്‍ മാവുങ്കില്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് കേസില്‍ പ്രതിയാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് 27 മുതല്‍ മൂന്നു ദിവസം നടത്തുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ പ്രമുഖ മോഡലും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ എത്തും. 29 നു വൈകുന്നേരം മൂന്നിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ റാംപില്‍ ചുവടുവയ്ക്കുക. ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനം സണ്ണി ലിയോണ്‍ നിര്‍വഹിക്കും.
റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട സ്‌കൂട്ടറിനു പിറകില്‍നിന്ന് തെറിച്ചുവീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു. നെന്മാറ അളുവശ്ശേരി ശ്രീവള്ളി സദനത്തില്‍ മണികണ്ഠന്റെ 36 വയസുള്ള ഭാര്യ രമ്യ എന്ന രേവതിയാണു മരിച്ചത്.
പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്‌പോസ്റ്റില്‍ പുലര്‍ച്ചെ രണ്ടരയോടെ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 8300 രൂപ പിടികൂടി. പെന്‍സില്‍ കൂടിനകത്തും അഗര്‍ബത്തി സ്റ്റാന്‍ഡിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ സുനിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം വീണ്ടും വിലയിരുത്താന്‍ സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയോഗം ഇന്ന് ചേരും. തൃക്കാക്കര തോല്‍വി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കമ്മീഷന്‍ അംഗങ്ങളായ എകെ ബാലന്‍, ടി.പിരാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തില്‍ സൈബര്‍ സെല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. കേസിലെ പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാനാകാത്ത സാചഹര്യത്തിലാണ് പൊലീസ് നടപടി.
കേരള കോണ്‍ഗ്രസ് നേതാവിന്റെ മകനുമൊത്തു ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു നടത്തിയ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം അഖില്‍, സേവ്യര്‍, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തന വൈകല്യമുള്ളയാളാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കൊട്ടാരക്കര കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
വീഡിയോ എടുത്തെന്ന് ആരോപിച്ച് അധിക്ഷേപിച്ച ചലചിത്ര താരം വിനായകനെതിരേ നടപടിയെടുക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിയ്ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിമാനയാത്രയ്ക്കിടെ വിനായകന്‍ അധിഷേപിച്ചെന്ന് ആരോപിച്ച് ജിബി ജെയിംസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.
മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ മുങ്ങിയ അമ്പതിലധികം മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി റോഡ് കാമറയില്‍ കുടുങ്ങി. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂര്‍ക്കോണം ജൂബിലി വീട്ടില്‍ ബിജു സെബാസ്റ്റ്യന്‍ (53) നെയാണ് കീഴ്വായ്പൂര് പൊലീസ് പിടികൂടിയത്. സ്‌കൂട്ടര്‍ മോഷ്ടിച്ചതു പരാതിപ്പെട്ടതിനു പിറകേ, സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിഴ അടയ്ക്കാനുള്ള ചെല്ലാന്‍ നോട്ടീസിനെതിരേകൂടി പരാതിപ്പെട്ടപ്പോഴാണ് പോലീസ് എഐ കാമറ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തിയത്.
അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍. മണികണ്ഠന്‍ എന്ന 26 കാരന്‍ കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ചതാണെന്നു നാട്ടുകാര്‍ പറയുന്നു. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ്. മരണ ശേഷം വന്യമൃഗങ്ങള്‍ കടിച്ചതാണെന്നാണ് അനുമാനം
സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുറഹ്‌മാന്റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ നൂറു രൂപ പിഴയൊടുക്കണമെന്ന് സി ഡി എസ് ഭാരവാഹികളുടെ നിര്‍ദ്ദേശം. പുനലൂര്‍ നഗരസഭയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കാണു പിഴശിക്ഷ.
പലിശയായി പണവും കാറുകളും തട്ടിയെടുത്തെന്ന കേസില്‍ യുവതിയും സുഹൃത്തും പിടിയിലായി. തിരുവനന്തപംരും മരുതംകുഴി ജി കെ ടവര്‍ സി 1 അപ്പാര്‍ട്‌മെന്റില്‍ വാടകയ്ക്കു താമസിക്കുന്ന പത്മകുമാരി മകള്‍ അശ്വതി (36)യും ഒപ്പം താമസിച്ചുവരുന്ന സുഹൃത്ത് കൂട്ടാംവിള കടുകറത്തല വീട്ടില്‍ സെല്‍വരാജ് മകന്‍ കണ്ണന്‍ എന്ന ജയകുമാര്‍ (40) എന്നിവരെയാണു ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്.
തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍. മൂന്നു ബ്ലോക്കുകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഹൃദയത്തിന്റെ ഇടത്തു ഭാഗത്തുള്ള ബ്ലോക്ക് 80 ശതമാനവും, വലതുഭാഗത്തുള്ള ബ്ലോക്ക് 90 ശതമാനവുമാണ്.
പ്രഭാത നടത്തത്തിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ രണ്ടു ബൈക്കുകള്‍ ചീറിപ്പാഞ്ഞെത്തി. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. നിതീഷ് കുമാര്‍ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെട്ടു. രണ്ടു പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.
ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. രക്താര്‍ബുദത്തിന് ഇയാള്‍ ചികില്‍സയിലായിരുന്നു. നിരോധിച്ച് ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ തലവനായിരുന്നു.
മാന നഷ്ടക്കേസില്‍ ഭാര്യയില്‍നിന്നു ലഭിച്ച പത്തു ലക്ഷം ഡോളര്‍ ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് അനാഥ കുട്ടികള്‍ക്കു സംരക്ഷം നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്കു നല്‍കി. 20,000 ഡോളര്‍ വീതം അഞ്ച് ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്കാണു നല്‍കിയത്.
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന പരാതിയുമായി പാര്‍ലമെന്റംഗം ലിഡിയ തോര്‍പ്. സെനറ്റില്‍ സംസാരിക്കവേയാണ് ലിഡിയ ഇക്കാര്യം വെളിപെടുത്തിയത്. പ്രബലനായ സഹപ്രവര്‍ത്തകന്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നും സ്പര്‍ശിച്ചെന്നുമാണ് ആരോപണം.
ലോകപ്രശസ്ത എന്റര്‍ടെയ്‌മെന്റ് അവാര്‍ഡായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നടത്തിപ്പപു ചുമതല വിറ്റു. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് വോട്ട് ചെയ്യുന്ന ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് തട്ടിപ്പു നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരിക്കേയാണ് വിറ്റത്. ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് പിരിച്ചുവിടും. എന്റര്‍ടെയ്‌മെന്റ് ജേര്‍ണലിസ്റ്റുകളുടെ സംഘമാണ് ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ്.